|    Jan 16 Mon, 2017 4:37 pm

പോലിസ് വാഹനം ആക്രമിച്ച സംഭവം: ഡിവൈഎഫ്‌ഐ പ്രവര്‍ത്തകന്‍ അറസ്റ്റില്‍

Published : 25th August 2016 | Posted By: SMR

പയ്യന്നൂര്‍: മണിക്കൂറുകളുടെ വ്യത്യാസത്തില്‍ സിപിഎം, ബിജെപി പ്രവര്‍ത്തകരെ കൊലപ്പെടുത്തിയ കേസിലെ പ്രതികളെ ഒരേ സമയം കോടതിയിലെത്തിച്ചതിനെ തുടര്‍ന്നു സംഘര്‍ഷാവസ്ഥ ഉടലെടുക്കുകയും പോലിസ് വാഹനം ആക്രമിക്കുകയും ചെയ്ത സംഭവത്തില്‍ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകനെ പോലിസ് അറസ്റ്റ് ചെയ്തു.
പയ്യന്നൂര്‍ കോടതിക്ക് സമീപം പോലിസ് വാഹനം ആക്രമിച്ച കേസിലാണ് ഡിവൈഎഫ്‌ഐ പ്രവര്‍ത്തകന്‍ ലിജിത്തി(32)നെ അറസ്റ്റ് ചെയ്തത്. ഇയാളെക്കൂടാതെ കക്കന്‍പാറയിലെ റിനീഷ് തുടങ്ങി എട്ടുപേരാണ് കേസിലെ പ്രതികള്‍. പൊതുമുതല്‍ നശിപ്പിച്ചതിനും ഔദ്യോഗിക കൃത്യനിര്‍വഹണം തടസ്സപ്പെടുത്തിയതിനുമാണ് ഇവര്‍ക്കെതിരേ കേസെടുത്തത്. അതിനിടെ, പയ്യന്നൂരില്‍ കഴിഞ്ഞ ദിവസങ്ങളില്‍ നടന്ന അക്രമ സംഭവങ്ങള്‍ക്കിടെ എട്ടിക്കുളം കക്കന്‍പാറയില്‍ എസ്‌ഐ ദിനേശനെ കൈയേറ്റം ചെയ്യാന്‍ ശ്രമിച്ച കേസില്‍ ഒരു സിപിഎം പ്രവര്‍ത്തകനെ അറസ്റ്റ് ചെയ്തു. രാമന്തളി സ്വദേശി അനൂപി(31)നെയാണ് അറസ്റ്റ് ചെയ്തത്. സെന്‍ട്രല്‍ ബസാറില്‍ ശ്രീകൃഷ്ണജയന്തി ആഘോഷത്തിന്റെ സംഭാവന പിരിക്കുന്നതിനിടെ ബാലഗോകുലം പ്രവര്‍ത്തകരെ ആക്രമിച്ചെന്ന പരാതിയില്‍ മമ്പലത്തെ പ്രസാദ്, ചീറ്റയിലെ സുരേഷ് എന്നിവരെയും അറസ്റ്റ് ചെയ്തിട്ടുണ്ട്.
സംഭവത്തില്‍ 48 സിപിഎം പ്രവര്‍ത്തകര്‍ക്കെതിരേയാണ് കേസെടുത്തത്. അതേസമയം, കൊലക്കേസ് പ്രതികളായ സിപിഎം-ബിജെപി പ്രവര്‍ത്തകരെ ഒരേ വാഹനത്തില്‍ കൊണ്ടുവന്നതില്‍ സുരക്ഷാ വീഴ്ച കണ്ടെത്തിയതിനാല്‍ വാഹനം ഓടിച്ച പോലിസ് ഡ്രൈവറെ ജില്ലാ പോലിസ് ചീഫ് കെ സഞ്ജയ് കുമാര്‍ ഗുരുദിന്‍ അന്വേഷണ വിധേയമായി സസ്‌പെന്റ് ചെയ്തു. ഡ്രൈവര്‍ ഷാജിയെയാണ് സസ്‌പെന്റ് ചെയ്തത്.
സിപിഎം പ്രവര്‍ത്തകന്‍ ധനരാജിനെ വധിക്കാന്‍ ശ്രമിച്ച കേസിലെ പ്രതികളായ ബിജെപി പ്രവര്‍ത്തകരെയും ബിജെപി പ്രവര്‍ത്തകനായ രാമചന്ദ്രന്‍ വധക്കേസിലെ പ്രതികളായ സിപിഎം പ്രവര്‍ത്തകരെയും കണ്ണൂരില്‍ നിന്ന് പയ്യന്നൂര്‍ കോടതിയിലേക്ക് ഒരു വാഹനത്തിലാണ് കൊണ്ടുവന്നത്. വാഹനം പയ്യന്നൂര്‍ പോലിസ സ്‌റ്റേഷന് പിന്നില്‍ നിര്‍ത്തി മീറ്ററുകളോളം നടത്തിച്ചാണ് ഇവരെ കോടതിയില്‍ ഹാജരാക്കിയത്. തിരികെ വാഹനത്തില്‍ കയറ്റി വണ്ടി സ്റ്റാര്‍ട്ട് ചെയ്തപ്പോഴാണ് ആക്രമണം ഉണ്ടായത്.
ഡ്രൈവര്‍ ചായ കുടിക്കാന്‍ പോയി വരാന്‍ വൈകിയതാണ് അക്രമത്തിന് കാരണമെന്ന സ്‌പെഷ്യല്‍ ബ്രാഞ്ച് റിപോര്‍ട്ടിനെ തുടര്‍ന്നാണ് നടപടി. അതേസമയം, എസ്‌ഐ ഉള്‍പ്പെടെയുള്ളവരുടെ മുന്നില്‍ നടന്ന ആക്രമണത്തില്‍ ഡ്രൈവറെ സസ്‌പെന്റ് ചെയ്തത് അമര്‍ഷത്തിനിടയാക്കിയിട്ടുണ്ട്.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 15 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക