|    Nov 21 Wed, 2018 1:24 pm
FLASH NEWS
Home   >  Todays Paper  >  Page 1  >  

പോലിസ് ലാത്തി വീശി; 21 പേരെ അറസ്റ്റ് ചെയ്തു

Published : 11th November 2018 | Posted By: kasim kzm

കൊണ്ടോട്ടി: മന്ത്രി കെ ടി ജലീല്‍ രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് കൊണ്ടോട്ടിയില്‍ യൂത്ത്‌ലീഗ് പ്രവര്‍ത്തകരുടെ കരിങ്കൊടി പ്രതിഷേധത്തിനിടെ 21 പേര്‍ അറസ്റ്റിലായി. പിന്നീട് ഇവരെ ജാമ്യത്തില്‍ വിട്ടയച്ചു. ഇന്നലെ രാവിലെ ക്ഷേത്രപ്രവേശന വിളംബരത്തിന്റെ 82ാം വാര്‍ഷികാഘോഷത്തിന്റെ ജില്ലാതല ചടങ്ങിന്റെ ഉദ്ഘാടനം കൊണ്ടോട്ടി മോയിന്‍കുട്ടി വൈദ്യര്‍ അക്കാദമിയില്‍ നിര്‍വഹിക്കാനെത്തിയപ്പോഴായിരുന്നു കരിങ്കൊടി പ്രതിഷേധം. മന്ത്രി എത്തുന്നതറിഞ്ഞ് സ്ഥലത്തെത്തിയ യൂത്ത്‌ലീഗ്, എംഎസ്എഫ് പ്രവര്‍ത്തകരെ നേരത്തെത്തന്നെ പോലിസ് നിരീക്ഷിച്ചിരുന്നു.
മന്ത്രി എത്തിയതോടെ ഇവര്‍ കരിങ്കൊടി കാട്ടി പ്രതിഷേധിക്കുകയായിരുന്നു. എന്നാല്‍, പോലിസ് പ്രവര്‍ത്തകരെ തടഞ്ഞതോടെ മന്ത്രിവാഹനത്തിനു മുമ്പിലെത്താന്‍ ഇവര്‍ക്കായില്ല. റോഡില്‍ കിടന്ന് പ്രതിഷേധിച്ച പ്രവര്‍ത്തകരെ പോലിസ് ബലം പ്രയോഗിച്ച് നീക്കാന്‍ തുടങ്ങി. ഇതിനിടെ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ മന്ത്രിക്ക് അഭിവാദ്യമര്‍പ്പിച്ച് സ്ഥലത്തെത്തി. രംഗം വഷളാകുമെന്നു കണ്ട പോലിസ് ലീഗ് പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്ത് നീക്കുകയായിരുന്നു. അതിനിടെ, മലപ്പുറത്ത് ഇമ്പിച്ചിബാവ ഭവനപദ്ധതിയുടെ ഭാഗമായ സാമ്പത്തിക സഹായത്തിന്റെ ചെക്ക് വിതരണം ചെയ്യാന്‍ മന്ത്രി സ്‌റ്റേജില്‍ നിന്നിറങ്ങിയപ്പോള്‍ ഹാളില്‍ ഉണ്ടായിരുന്ന രണ്ട് യൂത്ത്‌ലീഗ് പ്രവര്‍ത്തകര്‍ കരിങ്കൊടി കാട്ടി മുദ്രാവാക്യം വിളിച്ചു. സ്ഥലത്തുണ്ടായിരുന്ന പോലിസുകാര്‍ പ്രവര്‍ത്തകരെ പിടികൂടി വേദിക്ക് പുറത്തേക്ക് കൊണ്ടുപോയി. തുടര്‍ന്ന് മന്ത്രി ചടങ്ങുകള്‍ പൂര്‍ത്തിയാക്കി. എന്നാല്‍, സുരക്ഷാ വീഴ്ചയായാണ് സംഭവം വിലയിരുത്തുന്നത്.
ഇതിനിടെ പ്രവര്‍ത്തകര്‍ പോലിസിനു നേരെ തിരിഞ്ഞത്് ലാത്തിവീശലില്‍ കലാശിച്ചു. സംഭവത്തില്‍ ഇരുപതോളം പ്രവര്‍ത്തകര്‍ക്ക് പരിക്കേറ്റു. നൂറോളം വരുന്ന യൂത്ത്‌ലീഗ് പ്രവര്‍ത്തകരാണ് കരിങ്കൊടി കാണിക്കാനെത്തിയത്. പിരിഞ്ഞുപോകാന്‍ പോലിസ് ആവശ്യപ്പെട്ടെങ്കിലും അവര്‍ കൂട്ടാക്കിയില്ല. തുടര്‍ന്ന് പോലിസുമായി ഉന്തും തള്ളും വാക്കേറ്റവും നടന്നു. ഇതിനെത്തുടര്‍ന്നാണ് പോലിസ് ലാത്തിവീശിയത്.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss