|    Nov 15 Thu, 2018 4:02 am
FLASH NEWS

പോലിസ് രഹസ്യാന്വേഷണ വിഭാഗം സംഘപരിവാര നിയന്ത്രണത്തില്‍

Published : 4th August 2018 | Posted By: kasim kzm

ആലപ്പുഴ: ആലപ്പുഴ ജില്ലയിലെ പോലിസ് രഹസ്യാന്വേഷണ വിഭാഗം പൂര്‍ണമായും സംഘപരിവാരത്തിന്റെ നിയന്ത്രണത്തില്‍. ജില്ലാ ഓഫിസിലെ പ്രധാനിയായ ഒരു റൈറ്ററുടെയും എസ്‌ഐയുടെയും നേതൃത്വത്തിലുള്ള സംഘമാണ് സംഘപരിവാരത്തിനുവേണ്ടി ജില്ലയില്‍ പ്രവര്‍ത്തിക്കുന്നത്. ജില്ലാ പോലിസ് സൂപ്രണ്ടിനെ പോലും തെറ്റിദ്ധരിപ്പിച്ചുകൊണ്ടാണ് രഹസ്യാന്വേഷണ വിഭാഗത്തിലെ ഈ സംഘം നിലവില്‍ പ്രവര്‍ത്തിക്കുന്നത്. പ്രത്യക്ഷത്തില്‍ ഇടതുപക്ഷ അനുഭാവികള്‍ എന്ന് തോന്നിപ്പിക്കുന്ന ഇവര്‍ ആര്‍എസ്എസ് ശാഖകളില്‍ രഹസ്യ കൂടിക്കാഴ്ചകള്‍ നടത്താറുണ്ട്.
രഹസ്യാന്വേഷണ വിഭാഗം ഡിവൈഎസ്പിയെ പോലും നോക്കുകുത്തിയാക്കികൊണ്ടാണ് കീഴുദ്യോഗസ്ഥരായ ഈ സംഘം പ്രവര്‍ത്തിക്കുന്നത്. പോലിസ് സേനയിലെ സംഘപരിവാര അനുഭാവികളെ സ്‌റ്റേഷനുകളിലേക്കു നിയോഗിച്ചു സംഘപരിവാരം സ്വാധീനം വ ര്‍ധിപ്പിക്കാനുള്ള ശ്രമങ്ങള്‍ സംസ്ഥാനതലത്തില്‍ തന്നെ നടന്നുകൊണ്ടിരിക്കുകയാണ്. ഇക്കാലയളവില്‍ 30 ശതമാനത്തിലേറെപ്പേര്‍ ഇത്തരത്തില്‍ നിയോഗിക്കപ്പെട്ടിട്ടുണ്ട്. പോലിസ് സേനയ്ക്കുള്ളില്‍ വര്‍ഗീയ ധ്രുവീകരണം സൃഷ്ട്ടിക്കുന്ന തരത്തിലാണ് രഹസ്യാന്വേഷണ വിഭാഗം പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്നത്. സേനയിലെ മുസ്്‌ലിം സമുദായത്തില്‍പ്പെട്ടവരെയും ഇടതുപക്ഷ അനുഭാവികളെയും സംശയ ദൃഷ്ടിയോടെയാണ് രഹസ്യാന്വേഷണവിഭാഗം കാണുന്നത്.
എന്നാല്‍ പോലിസ് തലപ്പത്തുള്ളവര്‍ രഹസ്യാന്വേഷണ വിഭാഗത്തിന്റെ കരുനീക്കങ്ങളെ കണ്ണടച്ച് വിശ്വസിക്കുന്നത് സേനക്കുള്ളില്‍ കടുത്ത അതൃപ്തിക്കു കാരണമായിരിക്കുകയാണ്. ചെങ്ങന്നൂര്‍ ഉപതിരഞ്ഞെടുപ്പില്‍ സജി ചെറിയാന്‍ പരാജയപ്പെടുമെന്ന തരത്തിലുള്ള രഹസ്യാന്വേഷണ റിപോര്‍ട്ട് തയ്യാറാക്കിയതിനു പിന്നില്‍ ജില്ലാ ഓഫിസിലെ പ്രധാനിയായ റൈറ്ററുടെ നേതൃത്വത്തിലുള്ള സംഘപരിവാര സംഘമായിരുന്നു.
എന്നാല്‍ ഫലം പുറത്തുവന്നു സജി ചെറിയാന്‍ വന്‍ഭൂരിപക്ഷത്തില്‍ വിജയിച്ചതോടെ പാര്‍ട്ടിയെ വിജയിപ്പിക്കുവാന്‍ വേണ്ടിയായിരുന്നു അത്തരം റിപോര്‍ട്ട് തയ്യാറാക്കിയതെന്നുപറഞ്ഞു ഇവര്‍ അധികൃതരില്‍ നിന്നു തടിയൂരുകയായിരുന്നു. ഹരിപ്പാട്, വീയപുരം, കരീലകുളങ്ങര, കനകക്കുന്ന്, കായംകുളം പോലിസ് സ്‌റ്റേഷനുകളുടെ ചുമതലയുള്ള രഹസ്യാന്വേഷണ വിഭാഗം സബ് ഡിവിഷന്‍ എസ്‌ഐ സംഘപരിവാര പ്രചാരകനാണെന്ന ആരോപണം നേരത്തെ മുതല്‍ തന്നെയുണ്ട്.
ഇയാള്‍ വള്ളികുന്നം പോലിസ് സ്‌റ്റേഷനില്‍ എഎസ്‌ഐ ആയിരുന്ന കാലത്തുതന്നെ വള്ളികുന്നത്തിനു കിഴക്കുള്ള ആ ര്‍എസ്എസ് കാര്യാലയത്തിലെ നിത്യ സന്ദര്‍ശകനാണെന്ന് ആരോപിച്ചു സിപിഎം ഉള്‍പ്പെടെയുള്ളവര്‍ രംഗത്ത് വരികയും ചെയ്തിരുന്നു. ആഴ്ചകള്‍ക്കു മുമ്പ് ചെങ്ങന്നൂര്‍ സബ് ഡിവിഷനില്‍ നിന്നും വിരമിച്ച പോലിസ് ഓഫിസറാണ് ജില്ലയില്‍ ആര്‍എസ്എസ് പദസഞ്ചലനത്തിനുവേണ്ടി ഗാനം തയ്യാറാക്കിയത്. സംഘപരിവാറിന്റെ കുട്ടനാട് ദുരിതാശ്വാസത്തിനുള്ള ഫണ്ട് ശേഖരിക്കാന്‍പോലും രഹസ്യാന്വേഷണ വിഭാഗം ഉദ്യോഗസ്ഥര്‍ സജീവമായി രംഗത്തുണ്ടായിരുന്നു.
ആരാധനാലയങ്ങളില്‍ നടന്ന മോഷണ സംഭവങ്ങളില്‍ നടപടി സ്വീകരിക്കുന്നതില്‍ പോലും വിവേചനപരമായ നിലപാടുകളാണ് രഹസ്യാന്വേഷണ വിഭാഗം പുലര്‍ത്തുന്നത്. കായംകുളത്ത് ചന്ദനമരങ്ങള്‍ ഉള്‍പ്പെടെയുള്ള മോഷണ സംഭവങ്ങളില്‍ പോലിസ് അന്വേഷണം ഇഴയുന്നത് രഹസ്യാന്വേഷണ വിഭാഗത്തിന്റെ വീഴ്ചയായും പറയുന്നുണ്ട്.
എറണാകുളം മഹാരാജാസ് കോളജ് വിദ്യാര്‍ഥി അഭിമന്യു കൊല്ലപ്പെട്ട സംഭവത്തില്‍ ന്യുനപക്ഷങ്ങള്‍ക്കിടയില്‍ ഭീതി പടര്‍ത്താനും മുന്‍കരുതല്‍ അറസ്റ്റിന്റെ പേരില്‍ എസ്ഡിപിഐ പ്രവര്‍ത്തകരുടെ വീടുകളില്‍ അര്‍ദ്ധ രാത്രികളില്‍ ഭീകരാന്തരീക്ഷം സൃഷ്ടിക്കാന്‍ ശ്രമിച്ചതിനുപിന്നിലും സേനയ്ക്കുള്ളിലെ സംഘപരിവാറുകാരായിരുന്നു. സംസ്ഥാനം ഭരിക്കുന്ന സിപിഎമ്മിനെ നോക്കുകുത്തികളാക്കി സംസ്ഥാനത്തുടനീളം പോലിസ് സേന സംഘപരിവാറിന്റെ പിടിയിലേക്ക് നീങ്ങുന്നെന്ന ആരോപണത്തെ ശരിവയ്ക്കുന്നതാണ് ആലപ്പുഴ ജില്ലയില്‍ നിന്ന് പുറത്തുവരുന്ന വിവരങ്ങള്‍.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss