|    Jun 20 Wed, 2018 1:13 pm
FLASH NEWS
Home   >  Editpage  >  Editorial  >  

പോലിസ് ഭീകരതയ്‌ക്കെതിരായി ശബ്ദമുയരണം

Published : 24th December 2016 | Posted By: SMR

യുവാക്കളെ ഭീകരവാദത്തിലേക്കു വഴിതെറ്റിച്ചുവെന്ന് ആരോപിക്കപ്പെട്ട് വയനാട്ടില്‍ നിന്നുള്ള ഒരു മതപണ്ഡിതന്‍ യുഎപിഎ പ്രകാരം മഹാരാഷ്ട്രയില്‍ ജയിലിലാണ്. ഐഎസില്‍ ചേര്‍ന്നുവെന്നു പറയപ്പെടുന്ന ഒരു യുവാവിന്റെ പിതാവിന്റെ പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു ഇയാളുടെ അറസ്റ്റ്. എന്നാല്‍, മുംബൈ പോലിസിന്റെ സമ്മര്‍ദം മൂലം താന്‍ അവര്‍ നല്‍കിയ കടലാസില്‍ വായിക്കാതെ ഒപ്പിടുകയായിരുന്നുവെന്നാണ് പിതാവ് ഇപ്പോള്‍ വെളിപ്പെടുത്തിയിട്ടുള്ളത്. ഇതു വിശ്വസിക്കാമെങ്കില്‍, നിരപരാധിയായ ഒരു ചെറുപ്പക്കാരന്റെ ഹതവിധി എന്നേ പറഞ്ഞുകൂടൂ. ഇത്തരം സമ്മര്‍ദങ്ങള്‍ നമ്മുടെ നാട്ടില്‍ പുതുമയല്ല. അബ്ദുന്നാസിര്‍ മഅ്ദനിക്കെതിരായി കര്‍ണാടക പോലിസ് നിര്‍ബന്ധിച്ചു ചില കടലാസുകളില്‍ ഒപ്പിടീച്ച കാര്യം ബന്ധപ്പെട്ട വ്യക്തി വെളിപ്പെടുത്തിയ സംഗതി നമുക്കറിയാം. ഭീകരനായി മുദ്രകുത്തപ്പെട്ട് 17 വര്‍ഷം ജയിലില്‍ കഴിഞ്ഞശേഷം നിരപരാധിയെന്നു കണ്ട് വിട്ടയക്കപ്പെട്ട മുഹമ്മദ് ആമിറിന്റെ ജീവിതത്തില്‍ ഇരുള്‍പടര്‍ത്തിയത് ഡല്‍ഹി പോലിസാണ്. കര്‍ണാടക പോലിസും മുംബൈ പോലിസും എന്‍ഐഎയും എസ്‌ഐടികളും എന്നു വേണ്ട, യഥാര്‍ഥ സിബിഐ പോലും നിരപരാധികളെ വേട്ടയാടുന്ന കാര്യത്തില്‍ വ്യത്യസ്തരല്ല. അതിനാല്‍ ഇപ്പോഴുണ്ടായിട്ടുള്ള വെളിപ്പെടുത്തല്‍ വിശ്വസനീയമായി കണക്കാക്കുകയാണ് കരണീയം. തുടരന്വേഷണങ്ങള്‍ ആ നിലയ്ക്ക് ഉണ്ടാവുകയും വേണം.
ഇത്തരം സംഭവങ്ങള്‍ കരിനിയമങ്ങളെക്കുറിച്ചും പോലിസ് ഭീകരതകളെക്കുറിച്ചുമുള്ള പുനര്‍വിചാരങ്ങളാണ് ആവശ്യപ്പെടുന്നത്. തങ്ങള്‍ക്ക് ഇഷ്ടമില്ലാത്ത ആരുടെ മേലും അടിച്ചേല്‍പ്പിക്കാനുള്ള നിയമമായി മാറി യുഎപിഎ. ഏകാധിപത്യസ്വഭാവമുള്ള നിയമങ്ങള്‍ക്കെതിരായി വിട്ടുവീഴ്ചയില്ലാത്ത സമരങ്ങള്‍ നടത്തിയ പാരമ്പര്യമുള്ള ഇടതുപക്ഷം ഭരിക്കുമ്പോഴാണ് നിസ്സാര കാര്യങ്ങളുടെ പേരില്‍ യുഎപിഎ ചുമത്തി മനുഷ്യാവകാശ പ്രവര്‍ത്തകരെയും കലാകാരന്മാരെയും മറ്റും കേരളത്തിലെ ഭരണകൂടം വേട്ടയാടുന്നത്. ഡിജിപിയുടെ നേതൃത്വത്തില്‍ നടക്കുന്ന ഈ വേട്ടയ്ക്ക് മേലൊപ്പ് ചാര്‍ത്തിക്കൊടുക്കുന്നു മുഖ്യമന്ത്രി. പോലിസുമായി ഏറ്റുമുട്ടിയെന്ന് കള്ളക്കഥ പടച്ചുണ്ടാക്കി മാവോവാദികളെ വെടിവച്ചുകൊന്നതിനെ ന്യായീകരിച്ച് പുസ്തകമിറക്കുകയാണ് അദ്ദേഹത്തിന്റെ പാര്‍ട്ടി. പ്രബുദ്ധമെന്ന് അവകാശപ്പെടുന്ന കേരളീയ സമൂഹത്തില്‍ പോലും ഭരണകൂട ഭീകരത പോലിസിന്റെ സഹായത്തോടെ താണ്ഡവനൃത്തമാടുമ്പോള്‍ മുംബൈ പോലിസിന്റെ കഥ പറയാതിരിക്കുകയാണു ഭേദം. പിണറായി വിജയന്റെ പോലിസ്‌നയത്തിന്റെ പാഠേഭദം മാത്രമാവണം മുംബൈ പോലിസ് പ്രയോഗിച്ചത്.
മനുഷ്യാവകാശങ്ങള്‍ ഉയര്‍ത്തിപ്പിടിക്കാനുള്ള ശ്രമങ്ങളെ ബിജെപിയും ഹൈന്ദവ ഫാഷിസ്റ്റുകളും എതിര്‍ക്കുന്നതും നിന്ദിക്കുന്നതും നമുക്കു മനസ്സിലാക്കാം. എന്നാല്‍, സിപിഎമ്മിന്റെ നിലപാടുകളോ? വിമതസ്വരങ്ങളുയരുമ്പോള്‍ അവ ആര്‍എസ്എസ്-എസ്ഡിപിഐ കൂട്ടുകെട്ട് മൂലമാണെന്നും മറ്റുമാണ് പാര്‍ട്ടി സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ വാദം. ഇങ്ങനെയൊക്കെ മറുയുക്തികള്‍ പറഞ്ഞു തടിതപ്പാന്‍ ശ്രമിക്കുന്നതിനു പകരം പോലിസ് ഭീകരതയ്‌ക്കെതിരായി പാര്‍ട്ടിയില്‍ തന്നെ രൂപപ്പെടുന്ന അടിയൊഴുക്കുകള്‍ കാണാന്‍ സഖാവൊന്ന് ശ്രമിക്കണമെന്നേ പറയാനുള്ളൂ.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss