|    Feb 24 Fri, 2017 3:00 am

പോലിസ് ഭാഷ്യം പൊളിയുന്നു; കൊല്ലപ്പെട്ടവരുടെ കൈവശം തോക്ക് ഉണ്ടായിരുന്നില്ലെന്ന് ദൃക്‌സാക്ഷികള്‍

Published : 3rd November 2016 | Posted By: SMR

ന്യൂഡല്‍ഹി: ഭോപാല്‍ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടവരുടെ കൈവശം തോക്കുകളില്ലായിരുന്നുവെന്ന് ദൃക്‌സാക്ഷികള്‍. ദ ഹിന്ദു പത്രമാണ് ഏറ്റുമുട്ടലിന് സാക്ഷിയായ രാംകുമാര്‍ സോണിയെന്ന ഗ്രാമവാസിയെ ഉദ്ധരിച്ച് ഇക്കാര്യം റിപോര്‍ട്ട് ചെയ്തത്. ജയിലില്‍ നിന്നു രക്ഷപ്പെട്ട സിമി തടവുകാര്‍ പോലിസ് വളഞ്ഞപ്പോള്‍ വെടിവച്ചുവെന്നും അവരെ തിരിച്ചുവെടിവയ്ക്കുകയല്ലാതെ മറ്റു മാര്‍ഗമില്ലായിരുന്നുവെന്നുമാണ് പോലിസ് ഭാഷ്യം.
കൊല്ലപ്പെട്ടു കിടക്കുന്നവരുടെ അരികിലും ആയുധങ്ങളുണ്ടായിരുന്നില്ല. ഒരു തടവുകാരന്റെ അരികില്‍ കത്തിപോലുള്ള എന്തോ ഒന്ന് കിടന്നിരുന്നു. ഏറ്റുമുട്ടല്‍ നടന്ന അച്ചാര്‍പുര ഗ്രാമത്തിലെ ഒരു പാറപ്പുറത്ത് കയറി നില്‍ക്കുന്ന നിലയിലായിരുന്നു തടവുകാരെന്ന് സോണി പറയുന്നു. പോലിസും നാട്ടുകാരും അവരെ വളഞ്ഞിരുന്നു. രക്ഷപ്പെടാന്‍ അവര്‍ക്കു മാര്‍ഗങ്ങളുണ്ടായിരുന്നില്ല. തടവുകാരില്‍ ചിലര്‍ നാട്ടുകാര്‍ക്കും പോലിസിനും നേരെ കല്ലെറിഞ്ഞു. സോണി പറയുന്നു.
സംഭവസ്ഥലത്തേക്ക് ആദ്യമെത്തിയവരില്‍ ഒരാളാണു താനെന്നു സുരക്ഷാ ഗാര്‍ഡായി ജോലിചെയ്യുന്ന സോണി പറഞ്ഞു. അന്നേദിവസം കാലത്ത് തന്നെ പോലിസ് തന്നോട് ഇവിടെയെങ്ങാനും എട്ടുപേരെ കണ്ടോ എന്നു ചോദിച്ചിരുന്നു. അതുകൊണ്ട് സംശയം തോന്നുന്ന ചിലരെ കണ്ടപ്പോള്‍ അടുത്തുള്ള പോലിസുകാരെ താന്‍ വേഗം വിവരം അറിയിച്ചു. തടവുകാരെ കണ്ടെത്തിയ ഭാഗത്തേക്ക് വാഹനത്തില്‍ പോകാവുന്ന ദൂരം അങ്ങനെയും ബാക്കി നടന്നുമാണ് പോലിസ് എത്തിയതെന്നും സോണി പറഞ്ഞു.
തടവുകാരുടെ കൈയില്‍ തോക്കില്ലായിരുന്നുവെന്നു മറ്റൊരു ദൃക്‌സാക്ഷിയായ പപ്പുമീണയും പറയുന്നു. പാറപ്പുറത്തു നില്‍ക്കുന്ന തടവുകാരില്‍ ചിലര്‍ കല്ലെറിയുകയും ബാക്കിയുള്ളവര്‍ കൈവീശുകയും ചെയ്യുന്നുണ്ടായിരുന്നു. ആള്‍ക്കൂട്ടം ഭാരത് മാതാകീ ജയ്, ജയ്ജവാന്‍ ജയ് കിസാന്‍ മുദ്രാവാക്യങ്ങള്‍ വിളിക്കാന്‍ തുടങ്ങിയതിനു പിന്നാലെയാണ് പോലിസ് തടവുകാര്‍ക്കുനേരെ വെടിവച്ചത്. ചിലര്‍ പോലിസിന് സിന്ദാബാദ് വിളിച്ചുവെന്നും മറ്റൊരു ദൃക്‌സാക്ഷി ഹല്‍ക്കോരി ലാല്‍ പറഞ്ഞു.
പോലിസ് തങ്ങളോട് നിലത്തു കിടക്കാന്‍ ആവശ്യപ്പെട്ടു. തുടര്‍ന്നാണു നിറയൊഴിച്ചതെന്ന് മനോജ് മീണയെന്ന മറ്റൊരു ദൃക്‌സാക്ഷി പറഞ്ഞു.
മറുവശത്തുനിന്ന് പോലിസിനു നേരെ വെടിയൊന്നുമുണ്ടായില്ല. അവര്‍ കയറിനിന്ന പാറയുടെ മറുവശത്ത് 50 അടി താഴ്ചയുള്ള കൊക്കയാണുള്ളത്. അതുവഴി അവര്‍ക്കു രക്ഷപ്പെടാന്‍ കഴിയില്ല. ദൃക്‌സാക്ഷികള്‍ പറഞ്ഞു.
ജയില്‍ചാട്ടം സംബന്ധിച്ച് മറ്റു ചില സംശയങ്ങളും പത്രം ഉന്നയിക്കുന്നുണ്ട്. ജയില്‍ മതിലിനപ്പുറത്തുള്ള പ്രധാന റോഡില്‍ പട്രോളിങ് ഉണ്ടായിരുന്നില്ല. ടൂത്ത്ബ്രഷ് കൊണ്ട് പൂട്ടുതുറന്ന് തടവുകാര്‍ സെല്ലിന് പുറത്തു കടന്നു. ജയില്‍ വാച്ച് ടവറിലെ ഗാര്‍ഡ് തടവുകാരെ വെടിവയ്ക്കാന്‍ നിര്‍ദേശം നല്‍കിയെങ്കിലും ആരും വെടിവച്ചില്ല തുടങ്ങിയ പോലിസ് വാദങ്ങളും സംശയകരമാണെന്നു പത്രം പറയുന്നു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 15 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക