|    Apr 27 Thu, 2017 8:48 am
FLASH NEWS

പോലിസ് പിന്തുടര്‍ന്നു; 172 കിലോ ഏലക്കാ ഉപേക്ഷിച്ച് മോഷ്ടാവ് രക്ഷപ്പെട്ടു

Published : 12th November 2016 | Posted By: SMR

ചെറുതോണി: പച്ച ഏലക്കാ മോഷ്ടിച്ചു കടത്തുന്നതിനിടെ പോലിസ് പിന്തുടര്‍ന്നതിനെ തുടര്‍ന്ന് വാഹനവും തൊണ്ടി മുതലും ഉപേക്ഷിച്ച് കുപ്രസിദ്ധ മോഷ്ടാവ് രക്ഷപ്പെട്ടു. കാമാക്ഷി എസ്‌ഐ എന്ന അപരനാമത്തില്‍ അറിയപ്പെടുന്ന ബിജു (40) ആണ് രക്ഷപ്പെട്ടത്. ഇന്നലെ പുലര്‍ച്ചെ തങ്കമണി കൂട്ടക്കല്ലില്‍വച്ചാണ് ഇയാള്‍ വാഹനം ഉപേക്ഷിച്ച് കടന്നുകളഞ്ഞത്.നെല്ലിപ്പാറ നരിതൂക്കില്‍ സിബിയുടെ ഏലക്കാ ഷെഡില്‍നിന്ന് ഇന്നലെ പുലര്‍ച്ച് 1.30നും 3.30നും ഇടയ്ക്കാണ് ഏലക്കാ മോഷണം പോയത്. വീടിനോട് ചേര്‍ന്നുള്ള ഷെഡില്‍ ഒമ്പത് ചാക്കുകളിലായി സൂക്ഷിച്ച ഏലക്കായില്‍ അഞ്ചു ചാക്കുകളിലെ ഏലക്കായാണ് മോഷ്ടിച്ചത്. ഷെഡ്ഡില്‍ കാവലുണ്ടായിരുന്ന സിബി വീട്ടിലേക്കു പോയി തിരികെയെത്തുന്നതിനിടെയാണു മോഷണം നടന്നത്. തിരിച്ചെത്തിയ സിബി മോഷണ വിവരമറിഞ്ഞ് ഉടന്‍ തങ്കമണി പോലിസ് സ്റ്റേഷനില്‍ വിവരമറിയിച്ചു. പോലിസ് ഉടന്‍തന്നെ തെരച്ചിലാരംഭിച്ചു.കൂട്ടക്കല്ലിനടുത്തുവച്ച് സംശയകരമായ സാഹചര്യത്തില്‍ കെഎല്‍ 3 ഡി 1379ാം നമ്പര്‍ മാരുതി കാര്‍ ശ്രദ്ധയില്‍പ്പെടുകയും ഇതിനെ പിന്തുടരുകയും ചെയ്തു. പോലിസ് പിടിയിലാവുമെന്ന് ഉറപ്പായതോടെ വാഹനം ഉപേക്ഷിച്ച് ബിജുവും കൂട്ടാളിയും രക്ഷപെടുകയായിരുന്നു. 172 കിലോ ഏലക്കായാണ് ഇവര്‍ മോഷ്ടിച്ച് കടത്താന്‍ ശ്രമിച്ചത്. തൊണ്ടി മുതലും വഹനവും കസ്റ്റഡിയിലെടുത്തതിനു പിന്നാലെ പ്രതികളെ പിടികൂടാന്‍ ഊര്‍ജിതാന്വേഷണം ആരംഭിച്ചിട്ടുണ്ട്.തങ്കമണി എസ്‌ഐ കെ ജെ ജോഷി, എഎസ്‌ഐ പി എസ് എബ്രഹാം, സീനിയര്‍ സിവില്‍ പോലിസ് ഓഫിസര്‍ സിബി ടി കുര്യന്‍ എന്നിവരടങ്ങിയ സംഘമാണ് വാഹനം പിടിച്ചെടുത്തത്. ഒട്ടേറെ മോഷണ കേസുകളില്‍ പ്രതിയായ ബിജു ശിക്ഷ കഴിഞ്ഞും ജാമ്യത്തിലിറങ്ങിയും നിരവധി വമ്പന്‍ മോഷണങ്ങള്‍ നടത്തിയിട്ടുണ്ട്.

                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day