|    Nov 17 Sat, 2018 5:57 am
FLASH NEWS

പോലിസ് നോക്കുകുത്തിയാവുന്നതിന് എതിരേ പ്രതിഷേധം ശക്തമാവുന്നു

Published : 4th December 2017 | Posted By: kasim kzm

മാള: മാള മേഖലയില്‍ മോഷണം തുടര്‍ക്കഥയായി മാറുമ്പോഴും നടപടികള്‍ സ്വീകരിക്കേണ്ട പോലിസ് നോക്കുകുത്തിയായി മാറുന്നതിനെതിരെ പ്രതിഷേധം ശക്തമാകുന്നു. പോലിസിനെ വട്ടം കറക്കിക്കൊണ്ട് മോഷ്ടാക്കള്‍ മേഖലയില്‍ വിലസുകയാണ്. വീടുകളില്‍ നിന്നും ആരാധനാലയങ്ങളില്‍ നിന്നുമുള്ള മോഷണ പരമ്പര തുടരുകയാണ്.
വലിയതോതിലുള്ള പണമോ വിലപിടിപ്പുള്ള മറ്റു വസ്തുക്കളോ മോഷണം നടത്തുന്നത് കുറവായതിനാല്‍ മോഷ്ടാക്കള്‍ മേഖലയില്‍ തമ്പടിച്ചാണ് മോഷണങ്ങള്‍ നടത്തുന്നതെന്ന സംശയം ഉയരുന്നുണ്ട്.
കുണ്ടായിയില്‍ പൂട്ടി കിടന്ന വീട്ടിലെ കവര്‍ച്ചയില്‍ നൂറ് പവനോളം സ്വര്‍ണ്ണമാണ് നഷ്ടപ്പെട്ടത്. ഇതടക്കം ഏതാനും എണ്ണമാണ് വലിയതോതിലുള്ള കവര്‍ച്ച. മാള സെന്റ് സ്റ്റനിസ്ലാവോസ് ഫൊറോന ദേവാലയം, അന്നമനട മഹാദേവ ക്ഷേത്രം, മേലഡൂര്‍ ഉണ്ണിമിശിഹ ദേവാലയം, താണിശേരി സെന്റ് സേവിയേഴ്‌സ് ദേവാലയം, ഐരാണിക്കുളം മഹാദേവ ക്ഷേത്രം തുടങ്ങി നിരവധി ആരാധനാലയങ്ങളിലെ അന്‍പതോളം നേര്‍ച്ചപ്പെട്ടികളാണ് കുത്തിതുറന്ന് പണാപഹരണം നടത്തിയത്. ഇവ കൂടാതെയാണ് നിരവധി ഭവനങ്ങളില്‍ നടന്ന കവര്‍ച്ച. മാള ടൗണിലെ വ്യാപാര സ്ഥാപനങ്ങളില്‍ കവര്‍ച്ച നടന്നതില്‍ പോലും യാതൊരു തുമ്പുമുണ്ടാക്കാന്‍ പോലിസിനായിട്ടില്ല.
മാള പോലിസ് സ്‌റ്റേഷന്റെ തൊട്ടടുത്തുള്ള വ്യാപാര സ്ഥാപനത്തില്‍ നിന്നും പട്ടാപ്പകല്‍ തട്ടിപ്പ് നടന്നിട്ടും ഇത്തരം സംഭവങ്ങളിലെ മോഷ്ടാക്കളെ പോലും കസ്റ്റഡിയിലെടുക്കാന്‍ പോലിസിന് കഴിഞ്ഞിട്ടില്ല. മോഷണം നടത്തപ്പെട്ടയിടങ്ങള്‍ക്കനുസരിച്ച് ഉയര്‍ന്ന പോലിസ് ഉദ്യോഗസ്ഥരടക്കം എത്തി തെളിവ് ശേഖരിച്ച് പോകുന്നതല്ലാതെ തുടര്‍പ്രവര്‍ത്തനങ്ങളൊന്നും നടക്കുന്നില്ലയെന്ന ആക്ഷേപമാണ് ഉയരുന്നത്. ഏറ്റവും ഒടുവിലായി പൊയ്യ പഞ്ചായത്തിലെ പൂപ്പത്തിയില്‍ ആളില്ലാത്ത വീട് കുത്തിതുറന്ന് കവര്‍ച്ചാ ശ്രമം നടന്നിരുന്നു. മുന്‍ പോലിസ് ഉദ്യോഗസ്ഥന്‍ പൂപ്പത്തി ഏരിമ്മല്‍ സദാനന്ദന്റെ വീട്ടിലാണ് മോഷണശ്രമം നടന്നത്.
പിന്‍വാതില്‍ പൊളിച്ച് അകത്ത് കടന്ന മോഷ്ടാവ് അലമാരകള്‍ കുത്തിത്തുറന്ന് സാധനങ്ങള്‍ വാരിവലിച്ചിട്ട നിലയിലായിരുന്നു. മാള പോലിസ് സ്ഥലത്തെത്തിയിരുന്നു. അഷ്ടമിച്ചിറ മാണിയകാവ് ക്ഷേത്രം, വിഷ്ണുവമായ ക്ഷേത്രം, വടമ മേരി റോസരി ചര്‍ച്ച്, വടമ സെന്റ് സെബാസ്റ്റ്യന്‍ കപ്പേള എന്നിവിടങ്ങളിലെ നേര്‍ച്ച കുറ്റികള്‍ തകര്‍ത്തും മോഷണം നടന്നിരുന്നു. നേരത്തേ സമ്പാളൂര്‍ സെന്റ് ഫ്രാന്‍സിസ് സേവ്യാര്‍ കപ്പേള, മാള സെന്റ് സ്റ്റനിസ്ലാവോസ് ഫൊറോന ദേവാലയത്തിലെ അള്‍ത്താരയിലെ സക്രാരിയുടെ വാതില്‍ തകര്‍ത്ത് വിശുദ്ധമായ തിരുവോസ്തി സൂക്ഷിക്കുന്ന സ്വര്‍ണ നിറത്തിലുള്ള ചന്ദ്രക്കല കവര്‍ന്നത്.
പള്ളിക്കുള്ളില്‍ സൂക്ഷിച്ചിരുന്ന ഭണ്ഡാരങ്ങള്‍ പുറത്തെടുത്ത് തകര്‍ത്തതിന്റെയൊന്നും പ്രതികളെ കണ്ടെത്താനായിട്ടില്ല. മോഷണ സംഭവങ്ങള്‍ നടന്ന സ്ഥലങ്ങളില്‍ നിന്നും വിരലടയാളങ്ങള്‍ ലഭിച്ചുവെങ്കിലും മോഷ്ടാക്കളെ മാത്രം കണ്ടെത്താനായില്ല. ഇതിനു പുറമെയാണ് പുളിപറമ്പ് പള്ളി, ചെന്തുരുത്തി ക്ഷേത്രം എന്നിവയുടെ ഭണ്ഡാരങ്ങള്‍ തകര്‍ത്ത് കവര്‍ച്ച നടന്നത്.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss