|    Jul 17 Tue, 2018 10:57 pm
FLASH NEWS
Home   >  Todays Paper  >  Page 1  >  

പോലിസ് നിയമന തട്ടിപ്പ്: കുറ്റപത്രം സമര്‍പ്പിച്ചു ; ചെന്നിത്തലയുടെ ഓഫിസിന് പങ്കില്ല

Published : 11th September 2017 | Posted By: fsq

 

തിരുവനന്തപുരം: യുഡിഎഫ് കാലത്തു നടന്ന വിവാദമായ പോലിസ് നിയമന തട്ടിപ്പില്‍ അന്വേഷണം നടത്തിയ ക്രൈംബ്രാഞ്ച് കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചു. ഹരിപ്പാട് കേന്ദ്രീകരിച്ചു നടന്ന പോലിസ് നിയമന തട്ടിപ്പില്‍ മുന്‍ ആഭ്യന്തരമന്ത്രിയുടെ ഓഫിസിന് പങ്കില്ലെന്ന് ക്രൈംബ്രാഞ്ച് കുറ്റപത്രത്തില്‍ വ്യക്തമാക്കുന്നു. കേസിലെ എട്ടു പ്രതികള്‍ക്കെതിരേ 36 കുറ്റപത്രമാണ് സമര്‍പ്പിച്ചത്. കഴിഞ്ഞ യുഡിഎഫ് സര്‍ക്കാരില്‍ രമേശ് ചെന്നിത്തല ആഭ്യന്തരമന്ത്രിയായിരുന്ന കാലത്താണ് തട്ടിപ്പു നടന്നത്. ആഭ്യന്തരമന്ത്രിയുടെ ഓഫിസുമായി ബന്ധമുണ്ടെന്നു പറഞ്ഞ് നിരവധി അപേക്ഷകരില്‍ നിന്നായി അരക്കോടി രൂപ തട്ടിയെന്നായിരുന്നു പരാതി. ഹരിപ്പാട് തൃക്കുന്നപ്പുഴ പാനൂര്‍ കുറത്തറ വീട്ടില്‍ സുരേന്ദ്രന്റെ മകള്‍ ശരണ്യയാണ് കേസിലെ മുഖ്യപ്രതി. തൃക്കുന്നപ്പുഴ സ്‌റ്റേഷനിലെ സിവില്‍ പോലിസ് ഓഫിസര്‍ കാര്‍ത്തികപ്പള്ളി മഹാദേവികാട് മാധവത്തില്‍ പ്രദീപ്, ശരണ്യയുടെ സഹോദരന്‍ ശരത്, മറ്റു ബന്ധുക്കള്‍ ഉള്‍പ്പെടെ എട്ടുപേരാണ് കേസിലെ പ്രതികള്‍. ഹരിപ്പാട്, മാവേലിക്കര, കായംകുളം പോലിസ് സ്‌റ്റേഷനുകളിലായി നിരവധി പരാതികളാണ് രജിസ്റ്റര്‍ ചെയ്തത്. ജോലി നല്‍കാമെന്ന പേരില്‍ 75,000 മുതല്‍ മൂന്നുലക്ഷം വരെയാണ് പലരില്‍നിന്നായി വാങ്ങിയത്. വ്യാജരേഖയുണ്ടാക്കി നിയമന ഉത്തരവ് നല്‍കിയും വിവിധ പോലിസ് ക്യാംപുകളില്‍ എത്തിച്ച് ഉന്നതരുമായി സംസാരിച്ചും ഫോണിലൂടെ ഡിവൈഎസ്പി എന്നു പരിചയപ്പെടുത്തിയുമാണ് ഉദ്യോഗാര്‍ഥികളെ വിശ്വസിപ്പിച്ചിരുന്നത്. സിവില്‍ പോലിസ് ഓഫിസര്‍, വനിതാ സിവില്‍ പോലിസ് ഓഫിസര്‍, സ്‌റ്റോര്‍ കീപ്പര്‍, ഡ്രൈവര്‍ എന്നീ തസ്തികകളില്‍ നിയമനം സംഘടിപ്പിച്ചുനല്‍കാമെന്ന് പറഞ്ഞായിരുന്നു തട്ടിപ്പ്. എസ്പി ഓഫിസിലെ ജീവനക്കാരി എന്നു പരിചയപ്പെടുത്തിയായിരുന്നു ഇവര്‍ തട്ടിപ്പ് നടത്തിയത്.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss