|    Apr 27 Fri, 2018 6:32 am
FLASH NEWS
Home   >  Editpage  >  Lead Article  >  

പോലിസ് നിയമം കൈയിലെടുക്കുന്നു

Published : 29th November 2016 | Posted By: SMR

അഡ്വ.  എ   ജയശങ്കര്‍

ഏറ്റുമുട്ടല്‍ കൊലപാതകങ്ങളുടെ തുടക്കം ഇന്ത്യയില്‍ കേരളത്തിലാണ്. കൃത്യമായി പറഞ്ഞാല്‍ 1970 ഫെബ്രുവരി 18ന്. സി അച്യുതമേനോന്‍ മുഖ്യമന്ത്രിയും സി എച്ച് മുഹമ്മദ് കോയ ആഭ്യന്തരമന്ത്രിയുമായ സമയത്ത് നക്‌സല്‍ നേതാവ് വര്‍ഗീസിനെ പോലിസ് പിടികൂടുകയും ചോദ്യംചെയ്തതിനുശേഷം വെടിവച്ചുകൊല്ലുകയുമായിരുന്നുവെന്ന് ചരിത്രം. അന്നു മുഖ്യമന്ത്രിയും ആഭ്യന്തരമന്ത്രിയുമൊക്കെ നിയമസഭയിലും പുറത്തും പറഞ്ഞത് വര്‍ഗീസ് ഏറ്റുമുട്ടലില്‍ കൊല്ലപ്പെടുകയായിരുന്നുവെന്നാണ്. എന്നാല്‍ ഏറ്റുമുട്ടലിലല്ല, ഹീനമായ രീതിയില്‍ വര്‍ഗീസിനെ കൊലപ്പെടുത്തുകയായിരുന്നുവെന്ന് അന്ന് എല്ലാവര്‍ക്കും അറിയാമായിരുന്നു. പിന്നീട് വര്‍ഷങ്ങള്‍ക്കുശേഷം സത്യാവസ്ഥ പുറത്തുവന്ന് കുറ്റക്കാരനായ ഡിവൈഎസ്പിയെ കോടതി ശിക്ഷിക്കുകയും ചെയ്തു. ഇതിനുശേഷം മറ്റു പല സംസ്ഥാനങ്ങളിലേക്കും ഏറ്റുമുട്ടല്‍ കൊലപാതകങ്ങള്‍ വ്യാപിക്കുകയും അരങ്ങേറുകയും ചെയ്തു. ഏറ്റവുമധികം ഏറ്റുമുട്ടല്‍ കൊലപാതകങ്ങള്‍ ഉണ്ടായത് ആന്ധ്രപ്രദേശിലാണ്. ആന്ധ്രപ്രദേശ് ആയിരുന്നു നക്‌സല്‍ പ്രവര്‍ത്തകരുടെ പ്രധാന കേന്ദ്രം. 100ഓളം പേരെയാണ് ജെ വെങ്കല്‍ റാവു മുഖ്യമന്ത്രിയായിരുന്ന സമയത്ത് 1972നും 77നും ഇടയ്ക്കുള്ള കാലത്ത് ആന്ധ്രയില്‍ കൊലപ്പെടുത്തിയത്. വെങ്കല്‍ റാവുവിന് ശേഷം പിന്നീട് വന്ന സര്‍ക്കാരുകളുടെ കാലത്തും ഇത് തുടരുകയാണു ചെയ്തത്. ചെന്ന റെഡ്ഡി, വിജയഭാസ്‌കര റെഡ്ഡി, എന്‍ ടി രാമറാവു, ചന്ദ്രബാബു നായിഡു എന്നിങ്ങനെയുള്ളവര്‍ മുഖ്യമന്ത്രിയായിരുന്ന കാലത്തും ആന്ധ്രപ്രദേശില്‍ ഏറ്റുമുട്ടല്‍ കൊലപാതകം നടന്നിട്ടുണ്ട്. സമീപകാലത്തുപോലും ആന്ധ്രപ്രദേശിന്റെയും ഒറീസയുടെയും അതിര്‍ത്തിയില്‍ ഒട്ടേറെ ആളുകള്‍ കൊല്ലപ്പെട്ടു. ആന്ധ്രയും തെലങ്കാനയും തമ്മില്‍ വിഭജിച്ചതിനുശേഷവും ഇക്കാര്യത്തില്‍ ഒരു മാറ്റവുമില്ല. തെലങ്കാനയിലെ വാറങ്കല്‍, കരീം നഗര്‍ ഉള്‍പ്പെടെയുള്ള പ്രദേശങ്ങള്‍ നക്‌സലുകളുടെ കേന്ദ്രമാണ്. അവിടെയൊക്കെ ദിവസവും ഇത്തരം സംഭവം നടക്കുന്നുണ്ട്. പക്ഷേ, മാധ്യമങ്ങളില്‍ വരുന്നില്ല.
ആദ്യകാലത്ത് നക്‌സലുകള്‍ക്കു നേരെയാണ് അക്രമം നടന്നിരുന്നതെങ്കില്‍ പില്‍ക്കാലത്ത് തീവ്രവാദക്കേസുകളില്‍ പ്രതികളാക്കപ്പെട്ട മുസ്‌ലിംകള്‍ക്കെതിരേയും ഇതുപോലുള്ള അക്രമങ്ങളും കൊലപാതകങ്ങളും നടന്നിട്ടുണ്ട്. തമിഴ്‌നാട്ടിലെ ജയലളിത സര്‍ക്കാരാണ് ഇതു തുടങ്ങിവച്ചത്. തമിഴ്‌നാട്ടിലെ ആര്‍എസ്എസ് ഓഫിസിന് ബോംബ് വച്ച കേസില്‍ പിടിയിലായവരെ വെടിവച്ചു കൊലപ്പെടുത്തിയത് ഇതിലൊന്നാണ്. ആ കേസില്‍ പിടിയിലായവര്‍ ഒരുതവണ പോലിസ് കസ്റ്റഡിയില്‍ നിന്നു രക്ഷപ്പെട്ടുപോയെങ്കിലും വീണ്ടും ഇവരെ പിടികൂടിയതിനുശേഷം ഏറ്റുമുട്ടലുണ്ടാക്കി പോലിസ് വെടിവച്ചു കൊലപ്പെടുത്തുകയാണ് ചെയ്തത്. അതുപോലുള്ള സംഭവങ്ങള്‍ പിന്നീട് ഗുജറാത്തിലുമുണ്ടായി. ഇശ്‌റത് ജഹാന്‍, പ്രാണേഷ് കുമാര്‍ എന്ന സുഹ്‌റബുദ്ദീന്‍ എന്നിവരെ ഗുജറാത്തില്‍ ഏറ്റുമുട്ടലെന്ന പേരില്‍ കൊലപ്പെടുത്തി. സുഹ്‌റബുദ്ദീന്‍ തീവ്രവാദക്കേസിലെ പ്രതിയായിരുന്നില്ല. അയാള്‍ ആളുകളെ തട്ടിക്കൊണ്ടുപോയി പണം വാങ്ങുന്ന കുറ്റവാളിയായിരുന്നു. അയാളുടെ ഭാര്യ കൗസര്‍ ബാനു, കേസിലെ സാക്ഷിയായിരുന്ന തുളസീറാം പ്രജാപതി എന്നിവരെയും കൊലപ്പെടുത്തി. ഇപ്പോഴത്തെ പ്രധാനമന്ത്രി നരേന്ദ്ര മോദി ഗുജറാത്ത് മുഖ്യമന്ത്രിയും ഇപ്പോഴത്തെ ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ ഗുജറാത്ത് ആഭ്യന്തര വകുപ്പിന്റെ ചുമതലക്കാരനുമായിരുന്ന സമയത്താണ് ഇതു നടന്നത്. ഒരുപാടു പേരെ കാണാതാവുകയും ചെയ്തിട്ടുണ്ട്. കാണാതായവരെ പിന്നീട് കണ്ടുകിട്ടിയിട്ടുമില്ല. സമീപകാലത്ത് ആന്ധ്രപ്രദേശ് തെലങ്കാനയായി വിഭജിക്കപ്പെട്ടതിനുശേഷവും അവിടെ ഏറ്റുമുട്ടലിന് കുറവില്ല. പോലിസുകാരെ കൊലപ്പെടുത്തിയ കേസില്‍ പിടിയിലായ അഞ്ചുപേരെ കോടതിയിലേക്ക് കൊണ്ടുപോവുന്ന വഴി കൈവിലങ്ങ് അണിയിച്ച അവസ്ഥയില്‍ പോലിസ് വാനില്‍ നിന്നു രക്ഷപ്പെടാന്‍ ശ്രമിച്ചുവെന്നു പറഞ്ഞ് വെടിവച്ചുകൊന്നു. ആന്ധ്രയില്‍ മാവോവാദികളെ വെടിവച്ചുകൊന്ന അതേ ദിവസം തന്നെയാണ് തെലങ്കാനയിലും ഇവരെ വെടിവച്ചുകൊന്നത്. ആന്ധ്രയും തെലങ്കാനയും തമ്മില്‍ വലിയ വിദ്വേഷത്തിലും വെറുപ്പിലുമൊക്കെയാണ് കഴിയുന്നതെങ്കിലും ഇക്കാര്യത്തില്‍ അവര്‍ ഒറ്റക്കെട്ടാണ്.
മധ്യപ്രദേശിലേക്കും അടുത്തകാലത്ത് ഏറ്റുമുട്ടല്‍ കൊലപാതകം വ്യാപിച്ചു. അവിടെ ജയില്‍ ചാടി രക്ഷപ്പെട്ടവരെ പോലിസ് വെടിവച്ചുകൊന്നു. ഇതൊക്കെ അവിടെ അരങ്ങേറുമ്പോഴും 1970നുശേഷം സാക്ഷരകേരളത്തില്‍ ഇത്തരത്തിലൊന്നും നടക്കുകയുണ്ടായില്ല. കരുണാകരന്റെ ഭരണകാലത്തു പോലും നടന്നിട്ടില്ല. ഇപ്പോള്‍ മാവോവാദികളെ കൊന്നതുമായി ബന്ധപ്പെട്ട് സിപിഎം പറയുന്ന ന്യായീകരണം രാജന്റെയും വിജയന്റെയും കൊലപാതകമാണ്. സിപിഎം പറയുന്നതുപോലെ രാജനെയും വിജയനെയും കൊല്ലാന്‍ വേണ്ടി പോലിസ് ആക്രമിച്ചതല്ല; പോലിസുകാരുടെ മൂന്നാംമുറ പ്രയോഗത്തിനിടയില്‍ മരിച്ചുപോയതാണ്. എന്നാല്‍ ഇവിടെ ഇപ്പോള്‍ ഉണ്ടായിരിക്കുന്നത് അതുപോലെയല്ലല്ലോ. ആളുകളെ പിടികൂടി നിയമത്തിനു മുന്നില്‍ കൊണ്ടുവന്ന് വിചാരണ ചെയ്യുന്നതിനു പകരം വെടിവച്ചുകൊല്ലുന്ന പരിഷ്‌കാരം 1970നു ശേഷം ഇപ്പോള്‍ തിരിച്ചുവന്നിരിക്കുകയാണ്. 46 വര്‍ഷത്തിനുശേഷമാണ് ഇത് എന്നുകൂടി ഓര്‍ക്കേണ്ടതാണ്. ഇത് സ്വാഭാവികമായും പോലിസ് സ്വന്തം നിലയ്ക്കു ചെയ്യില്ല. കൊല്ലപ്പെട്ട സ്ത്രീയടക്കമുള്ള മാവോവാദികള്‍ പോലിസിനു നേരെ വെടിയുതിര്‍ത്തിട്ടുമില്ല. തെലങ്കാനയിലാണെങ്കിലും ആന്ധ്രയിലാണെങ്കിലും സ്ത്രീകളെ വെടിവച്ചുകൊന്നതായി കേട്ടിട്ടില്ല. ഇശ്‌റത് ജഹാനും കൗസര്‍ ബാനുവുമൊഴികെ സ്ത്രീകള്‍ വെടിയേറ്റുമരിച്ചതായി ഇന്നുവരെ കേട്ടില്ല. എന്നാല്‍ കേരളത്തില്‍ അതുമുണ്ടായി. ഇത്തരം സംഭവങ്ങള്‍ വ്യക്തമാക്കുന്നത് കേരളം ഒരു പോലിസ് സംസ്ഥാനമായി മാറുകയാണ് എന്നാണ്. ഇത് ഏറ്റവും അപകടകരമാണ്. അത് ആരും കാണുന്നില്ല. സര്‍ക്കാരിന്റെ പൂര്‍ണ പിന്തുണയോടെയും ഒത്താശയോടെയുമാണ് നിലമ്പൂര്‍ കരുളായി വനത്തില്‍ നടന്നിരിക്കുന്ന കൊലപാതകം എന്നതില്‍ യാതൊരു സംശയവുമില്ല. അല്ലെങ്കില്‍ ഇത്തരത്തില്‍ ഒരു സംഭവമുണ്ടാവുമ്പോള്‍ ആ രീതിയിലല്ലല്ലോ മുഖ്യമന്ത്രി പ്രതികരിക്കേണ്ടത്. പോലിസിനെ ന്യായീകരിക്കുകയും ഏറ്റുമുട്ടലിലാണ് ഇവര്‍ കൊല്ലപ്പെട്ടതെന്ന് മുഖ്യമന്ത്രി തറപ്പിച്ചുപറയുകയും ചെയ്തു. സര്‍ക്കാരിന്റെ ഭാഗത്തുനിന്നുള്ള പിന്തുണയും ഒത്താശയും ഇതിന് ഉണ്ടെന്നുള്ളതാണ് ഇതിലൂടെ വ്യക്തമാവുന്നത്. നമ്മള്‍ പലപ്പോഴും പരിഹാസരൂപേണ പറയാറുണ്ട്, താടിയില്ലാത്ത മോദിയാണ് പിണറായി വിജയന്‍ എന്ന്; അത് ഇപ്പോള്‍ സത്യമായി മാറിക്കൊണ്ടിരിക്കുകയാണ്.
ഇത്തരത്തില്‍ ഒരു സംഭവമുണ്ടായിട്ട് ഇവിടത്തെ ബുദ്ധിജീവികളും സാംസ്‌കാരിക നായകരുമൊക്കെ എത്തരത്തിലാണ് പ്രതികരിക്കുന്നത് എന്നും കാണണം. എ കെ ആന്റണി മുഖ്യമന്ത്രിയായിരുന്നപ്പോഴാണ് മുത്തങ്ങയില്‍ വെടിവയ്പുണ്ടായത്. അതും ഏറ്റുമുട്ടലുണ്ടായപ്പോഴാണ് പോലിസ് വെടിവച്ചത്. അന്ന് ഒരു പോലിസുകാരനും മരിച്ചു. അന്നു വെടിവയ്പില്‍ ആദിവാസി മരിച്ചപ്പോള്‍ സാംസ്‌കാരിക നായകന്മാരുടെ ഭാഗത്തുനിന്നുണ്ടായ പ്രതികരണം അതിരൂക്ഷമായിരുന്നു. ഒന്നിനെക്കുറിച്ചും കാര്യമായി പ്രതികരിക്കാതിരുന്ന എം ടി വാസുദേവന്‍ നായര്‍ പോലും പ്രതികരിച്ചു. പുനത്തില്‍ കുഞ്ഞബ്ദുല്ല അടക്കമുള്ള ആളുകള്‍ പ്രതികരിച്ചു. സക്കറിയയും സാറാ ജോസഫും എന്തിനെക്കുറിച്ചും പ്രതികരിക്കുന്നവരാണ്. അവരും പ്രതികരിച്ചു. പക്ഷേ, മുത്തങ്ങയില്‍ ഉണ്ടായതിനേക്കാള്‍ ഗുരുതരമായ സംഭവമാണ് ഇപ്പോള്‍ കരുളായി വനമേഖലയില്‍ നടന്നിരിക്കുന്നത്. നിരായുധരായ ഒരു സ്ത്രീയടക്കം രണ്ടു പേരെയാണ് പോലിസ് വെടിവച്ചു കൊലപ്പെടുത്തിയത്. അവര്‍ മാവോവാദി ആശയത്തില്‍ വിശ്വസിച്ചുവെന്നതാണ് കാരണം. ഇവരുടെ പേരില്‍ കേരളത്തില്‍ ഒരു പെറ്റി കേസ് പോലുമില്ല.
കേരളത്തിന്റെ ചരിത്രത്തില്‍ 1981നു ശേഷം മാവോവാദികളുടെ ഭാഗത്തുനിന്ന് യാതൊരുവിധ അക്രമവും ഉണ്ടായിട്ടില്ല. ഏറ്റവും അവസാനം നടന്നത് 1981ലെ കേണിച്ചിറ മത്തായിയുടെ കൊലപാതകമാണ്. അതിനു മുമ്പുണ്ടായത് സോമരാജന്‍ കൊലക്കേസാണ്. 1981നു ശേഷം ഇവര്‍ കൊലപാതക രാഷ്ട്രീയം അവസാനിപ്പിച്ചിരുന്നു. കേരളത്തില്‍ മാവോവാദികള്‍ യാതൊരു അക്രമവും നടത്തിയിട്ടില്ല. മാവോവാദി ഭീഷണി മാധ്യമങ്ങളില്‍ മാത്രമാണുള്ളത്. ഇത്തരത്തിലുള്ള സാഹചര്യത്തില്‍ രണ്ടുപേരെ വെടിവച്ചു കൊലപ്പെടുത്തിയിട്ടും ഒന്നും മിണ്ടാതെ സാംസ്‌കാരിക നായകന്മാര്‍ എന്തെടുക്കുന്നുവെന്നതാണ് ചോദ്യം. ഇവരുടെയൊക്കെ പ്രതികരണശേഷി പാര്‍ട്ടി ഓഫിസില്‍ പണയംവച്ചിരിക്കുകയാണോ? പിണറായി പട്ടേലിന്റെ തൊമ്മിമാരാണോ ഇവരൊക്കെയെന്നാണ് സംശയം. വിഷയത്തിലുള്ള സാംസ്‌കാരിക നായകന്മാരുടെ മൗനം ഭീകരമാണ്. പ്രതിപക്ഷ പാര്‍ട്ടികള്‍ പോലും അവരുടെ ഉത്തരവാദിത്തം നിര്‍വഹിക്കുന്നില്ല. ബിജെപിക്കാര്‍ക്ക് വിഷയത്തില്‍ പ്രതികരിക്കാന്‍ കഴിയില്ല. കാരണം, ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിലാണ് ഇത്തരം ഏറ്റുമുട്ടല്‍ കൊല കാര്യമായി നടക്കുന്നത്. കേന്ദ്രസര്‍ക്കാരിന്റെ അറിവോടെയും പൂര്‍ണ പിന്തുണയോടെയുമാണ് ഇവിടെയും രാജ്യത്തിന്റെ നാനാഭാഗത്തും ഇത്തരത്തിലുള്ള ഏറ്റുമുട്ടല്‍ കൊലപാതകം നടക്കുന്നത്. മാവോവാദി വേട്ടയ്ക്ക് കേന്ദ്രത്തില്‍ നിന്നു വന്‍തോതില്‍ ഫണ്ടും ലഭിക്കും. ഈ ഫണ്ട് ലഭിക്കാന്‍ വേണ്ടിയുള്ള കളികളാണ് നടക്കുന്നത്. മുന്‍ യുഡിഎഫ് സര്‍ക്കാരില്‍ ആഭ്യന്തരമന്ത്രിയായിരുന്ന രമേശ് ചെന്നിത്തലയുടെ കാലത്തു തന്നെ മാവോവാദി വേട്ട ആരംഭിച്ചിരുന്നു. എന്നാല്‍ ആളുകളെ വെടിവച്ചുകൊല്ലാനുള്ള ചങ്കൂറ്റം അദ്ദേഹത്തിനുണ്ടായിരുന്നില്ല. പോലിസ് സ്‌റ്റേഷനു നേരെ ആക്രമണമുണ്ടായി, പോലിസ് തിരിച്ചു വെടിവച്ചു, വച്ച വെടി ആകാശത്തേക്കു പോയി എന്നൊക്കെയല്ലാതെ കൊലപാതകം നടന്നിട്ടില്ല. പക്ഷേ, അന്നും മാവോവാദി വേട്ട നടന്നിട്ടുള്ളതിനാല്‍ അന്നത്തെ മുഖ്യമന്ത്രിയായിരുന്ന ഉമ്മന്‍ചാണ്ടിക്കും ആഭ്യന്തരമന്ത്രിയായിരുന്ന രമേശ് ചെന്നിത്തലയ്ക്കും ഇപ്പോഴത്തെ സംഭവത്തില്‍ പ്രതികരിക്കാന്‍ പറ്റില്ല.
സുധീരനാണ് പ്രതിപക്ഷത്തു നിന്ന് എന്തെങ്കിലും പറഞ്ഞത്. ഭരണപക്ഷത്തു നിന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ കൃത്യമായി തന്നെ ഇക്കാര്യത്തില്‍ നിലപാട് വ്യക്തമാക്കി. സാംസ്‌കാരിക നായകന്മാര്‍ക്കൊപ്പം പത്ര-ദൃശ്യ മാധ്യമങ്ങളും തങ്ങളുടെ ഉത്തരവാദിത്തം നിര്‍വഹിക്കുന്നില്ല. ഭരണത്തെ എതിര്‍ക്കുന്ന പത്രങ്ങളും എതിര്‍ക്കുന്നവരെന്നു ഭാവിക്കുന്ന പത്രങ്ങളും ഇക്കാര്യത്തില്‍ ഒറ്റക്കെട്ടാണ്. ഇത് ആപല്‍കരമാണ്. സര്‍ക്കാരിന്റെയും പോലിസിന്റെയും ഭാഗത്തു നിന്നു വീഴ്ചയുണ്ടാകും. അത്തരത്തിലുണ്ടാവുന്ന വീഴ്ച ചൂണ്ടിക്കാണിക്കാന്‍ ഉത്തരവാദിത്തമുള്ള മറ്റൊരു വിഭാഗമുണ്ടിവിടെ. അവരാണ് ജനാധിപത്യത്തെ സാര്‍ഥകമാക്കുന്നത്. അതല്ലെങ്കില്‍ പിന്നെന്തു ജനാധിപത്യമാണിവിടെ? അഞ്ചുകൊല്ലത്തിലൊരിക്കല്‍ തിരഞ്ഞെടുപ്പ് നടക്കുന്നത് മാത്രമല്ല ജനാധിപത്യം. ഇവിടെ ജനാധിപത്യ ഭരണകൂടമുണ്ട്; പക്ഷേ, ജനാധിപത്യ സംസ്‌കാരമില്ല. തെറ്റ് ആരുടെ ഭാഗത്തുനിന്നുണ്ടായാലും അത് ചൂണ്ടിക്കാണിക്കേണ്ട ഉത്തരവാദിത്തം മാധ്യമങ്ങള്‍ക്കുണ്ട്. മുന്‍നിര പത്ര-ദൃശ്യ മാധ്യമങ്ങളായാലും ചെറുകിടക്കാരായാലും തെറ്റു തെറ്റാണെന്ന് വിളിച്ചുപറയാനുള്ള ആര്‍ജവം കാണിക്കണം. കാവ്യാ മാധവനെ ദിലീപ് വിവാഹം കഴിച്ചതാണ് ഇവിടത്തെ മാധ്യമങ്ങള്‍ക്കു പ്രധാന കാര്യം. ജനങ്ങളെ ബാധിക്കുന്ന പ്രശ്‌നങ്ങളെ മാധ്യമങ്ങള്‍ ശരിയായ രീതിയില്‍ സമീപിക്കുന്നില്ല. സാംസ്‌കാരികനായകര്‍ തങ്ങളുടെ നാവും നട്ടെല്ലും പാര്‍ട്ടി ഓഫിസുകളില്‍ പണയംവച്ചിരിക്കുകയാണ്. ഛത്തീസ്ഗഡിലാണ് ഇത്തരത്തില്‍ അക്രമം നടന്നിരുന്നതെങ്കില്‍ സാംസ്‌കാരിക നായകരില്‍ പലരും ഇവിടെ രൂക്ഷമായ ഭാഷയില്‍ പ്രതികരിക്കുകയും ലേഖനം എഴുതുകയും ചെയ്യുമായിരുന്നു. പക്ഷേ, ഇപ്പോഴുണ്ടായിരിക്കുന്നത് കേരളത്തിലായതിനാല്‍ അവരില്‍ പലരുടെയും പേനയിലെ മഷി തീര്‍ന്നിരിക്കുകയാണ്. മുത്തങ്ങയില്‍ വെടിവയ്പുണ്ടായപ്പോള്‍ പ്രതികരിച്ച എം ടി വാസുദേവന്‍ നായര്‍ക്ക് ഇപ്പോള്‍ മിണ്ടാട്ടമില്ല. അന്ന് എ കെ ആന്റണിയായിരുന്നു മുഖ്യമന്ത്രി. അപ്പോള്‍ പേടിക്കേണ്ട കാര്യമില്ലായിരുന്നു. ധൈര്യമായി പ്രതികരിക്കാമായിരുന്നു. എന്നാല്‍ ഇപ്പോള്‍ പിണറായി വിജയനാണ് മുഖ്യമന്ത്രി. അതുകൊണ്ടുതന്നെ പേടിക്കണമെന്നായിരിക്കും അദ്ദേഹത്തിന്റെ ചിന്ത.
1970ല്‍ വര്‍ഗീസിനെ കൊന്നതില്‍ ഒരു ന്യായീകരണമുണ്ടായിരുന്നു. വര്‍ഗീസ് ഒഴികെയുള്ള പ്രതികളെല്ലാം അറസ്റ്റിലായിരുന്നു. വര്‍ഗീസ് ആര്‍ക്കും പിടികൊടുക്കാതെ മുങ്ങി. പുല്‍പ്പള്ളി, തലശ്ശേരി കലാപത്തിനുശേഷം വര്‍ഗീസിനെക്കുറിച്ച് കുറേനാളത്തേക്ക് ഒരു വിവരവുമില്ലായിരുന്നു. അങ്ങനെ മുങ്ങിയ വര്‍ഗീസ് പിന്നെ പൊങ്ങുന്നത് കുറ്റിയാടി പോലിസ് സ്‌റ്റേഷന്‍ ആക്രമണം, തിരുനെല്ലി, തൃശലേരി ആക്രമണവുമായാണ്. ഇതോടെ നാട്ടിലെ ജനങ്ങള്‍ മുഴുവന്‍ ചകിതരായിരുന്നു. വര്‍ഗീസ് എന്നു കേട്ടാല്‍ ആളുകള്‍ ഞെട്ടുമായിരുന്നു. ആ സമയത്താണ് വര്‍ഗീസിനെ പിടികൂടുന്നത്. സ്വാഭാവികമായിട്ടും ഇനിയും വച്ചോണ്ടിരിക്കേണ്ട എന്നു പറഞ്ഞ് വര്‍ഗീസിനെ പോലിസ് കൊലപ്പെടുത്തുകയായിരുന്നു. എന്നാല്‍ കരുളായി വനത്തില്‍ കുപ്പു ദേവരാജിനെയും അജിതയെയും വെടിവച്ചുകൊലപ്പെടുത്തിയതിന് ഒരു ന്യായീകരണവുമില്ല. ഇവര്‍ ഇവിടത്തെ ഒരു കേസിലെയും പ്രതികളല്ല. യാതൊരുവിധ ഏറ്റുമുട്ടലും ഉണ്ടായിട്ടില്ല. പോലിസ് ഏകപക്ഷീയമായി ഇവര്‍ക്കു നേരെ വെടിവയ്ക്കുകയായിരുന്നു. ഇത് തോന്നിവാസമാണ്. ഇത്തരം തോന്നിവാസങ്ങള്‍ ഇനിയും അനുവദിക്കാന്‍ പാടില്ല.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Dont Miss