|    May 24 Wed, 2017 7:18 pm
FLASH NEWS

പോലിസ് നടപടി ജനാധിപത്യത്തിനെതിരായ വെല്ലുവിളി: കാംപസ് ഫ്രണ്ട്

Published : 17th August 2016 | Posted By: SMR

കാസര്‍കോട്: ഫാഷിസത്തിനെതിരേ കാംപസ് ഫ്രണ്ട് തീരുമാനിച്ച ആസാദി എക്‌സ്പ്രസ് കലാജാഥയ്ക്ക് പോലിസ് ഏര്‍പ്പെടുത്തിയ വിലക്ക് ജനാധിപത്യത്തിനെതിരേയുള്ള വെല്ലുവിളിയാണെന്നും ആശയം പ്രചരിപ്പിക്കാനുള്ള ഭരണഘടനാ സ്വാതന്ത്ര്യത്തെ നിഷേധിക്കുന്ന പോലിസ് നടപടി പ്രതിഷേധാര്‍ഹമാണെന്നും കാംപസ് ഫ്രണ്ട് സംസ്ഥാന ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
രാജ്യത്തെ ഏറ്റവും വലിയ ഭീകര പ്രസ്ഥാനമായ ആര്‍എസ്എസിനെയും അവരുടെ വര്‍ഗീയ അജണ്ടകളെയും തുറന്നുകാണിച്ചു നടത്തുന്ന കലാജാഥയ്ക്ക് അനുമതി നിഷേധിച്ചത് ഇടതുസര്‍ക്കാരാണ്. ഇത് സിപിഎമ്മിന്റെ ഫാഷിസ്റ്റ് വിരുദ്ധത കാപട്യമാണെന്ന് വ്യക്തമായിരിക്കുകയാണെന്നും സംസ്ഥാന പ്രസിഡന്റ് സി എ റഊഫ്, ജനറല്‍ സെക്രട്ടറി ടി അബ്ദുന്നാസര്‍ എന്നിവര്‍ പറഞ്ഞു. ഫാഷിസത്തിന്റെ വിലക്കുകള്‍ക്കെതിരായ സ്വാതന്ത്ര്യത്തിന്റെ ചൂളംവിളി എന്ന പ്രമേയത്തില്‍ ഇന്നലെ മുതല്‍ ആരംഭിക്കാന്‍ തീരുമാനിച്ച കലാജാഥയ്ക്ക് ആഴ്ചകള്‍ക്കു മുമ്പ് തന്നെ അനുമതിക്കായി പോലിസിനെ സമീപിച്ചിരുന്നു. എന്നാല്‍, സംഘര്‍ഷസാധ്യതയുണ്ടെന്ന ഇന്റലിജന്‍സ് റിപോര്‍ട്ട് ചൂണ്ടിക്കാട്ടി അനുമതി നിഷേധിക്കുകയായിരുന്നു.
വിഷയം സംബന്ധിച്ച് ആഭ്യന്തര വകുപ്പിന്റെ ചുമതലയുള്ള മുഖ്യമന്ത്രി പിണറായി വിജയനുമായി കൂടിക്കാഴ്ചയ്ക്കു ശ്രമിച്ചെങ്കിലും അനുമതി നിഷേധിക്കുകയായിരുന്നു. നരേന്ദ്രമോദിയുടെ നേതൃത്വത്തിലുള്ള ഫാഷിസ്റ്റ് മേല്‍കോയ്മക്കെതിരേ കേരളത്തിലെ കാംപസുകളില്‍ പ്രതിഷേധം ഉയരുന്നതില്‍ സിപിഎമ്മിന് അസ്വസ്ഥതയുണ്ടാക്കുന്നത് എന്തിനാണെന്ന് മനസ്സിലാവുന്നില്ലെന്നും നേതാക്കള്‍ പറഞ്ഞു.
കാംപസുകളില്‍ സിപിഎം വിദ്യാര്‍ഥി സംഘടന നടപ്പാക്കുന്ന ജനാധിപത്യവിരുദ്ധതയുടെ ഭാഗമായാണ് ഈ വിലക്കുകള്‍. വിലക്ക് തള്ളിക്കൊണ്ട് ഇന്നു മുതല്‍ കണ്ണൂരില്‍ നിന്നും ആസാദി എക്‌സ്പ്രസ് പ്രയാണം ആരംഭിക്കും. സപ്തംബര്‍ ഒമ്പതിന് തിരുവനന്തപുരം ഗാന്ധി പാര്‍ക്കില്‍ സമാപിക്കും. അഭിപ്രായ സ്വാതന്ത്ര്യത്തിനെതിരായ സര്‍ക്കാര്‍ നടപടിക്കെതിരേ എല്ലാ ജനാധിപത്യവിശ്വാസികളും പ്രതിഷേധിക്കണമെന്നും നേതാക്കള്‍ ആവശ്യപ്പെട്ടു.
വാര്‍ത്താസമ്മേളനത്തില്‍ സംസ്ഥാന കമ്മിറ്റിയംഗം പി എം മുഹമ്മദ് രിഫ, ജില്ലാ സെക്രട്ടറി റാസിഖ് ദേളി സംബന്ധിച്ചു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day