|    Oct 17 Tue, 2017 6:57 pm
FLASH NEWS
Home   >  Todays Paper  >  Page 5  >  

പോലിസ് നടപടി ക്രൂരം: സിപിഐ

Published : 2nd December 2016 | Posted By: SMR

തിരുവനന്തപുരം: നിലമ്പൂരില്‍ മാവോവാദികളെ വെടിവച്ചുകൊന്ന പോലിസ് നടപടിക്കെതിരേ സിപിഐ നിര്‍വാഹകസമിതി യോഗത്തില്‍ രൂക്ഷവിമര്‍ശനം. സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനാണ് പോലിസ് നടപടി ക്രൂരമെന്ന് നിര്‍വാഹകസമിതി യോഗത്തില്‍ വിശേഷിപ്പിച്ചത്. അതേസമയം, വിഷയം സര്‍ക്കാരിന്റെ പ്രതിച്ഛായയെ മോശമായി ബാധിക്കുമെന്നതിനാല്‍ ഇതേപ്പറ്റി കൂടുതല്‍ ചര്‍ച്ചകള്‍ സിപിഐയുടെ ഭാഗത്തുനിന്നു—ണ്ടാവാന്‍ പാടില്ലെന്ന് യോഗത്തില്‍ ധാരണയായി. പ്രശ്‌നത്തില്‍ വി എസ് അച്യുതാനന്ദന്‍തന്നെ പോലിസ് നടപടിയെ വിമര്‍ശിച്ച സാഹചര്യത്തില്‍ ഇനി വിമര്‍ശനവുമായി മുന്നോട്ടുപോവുന്നത് ശത്രുക്കള്‍ക്ക് ഗുണം ചെയ്യുമെന്ന വിലയിരുത്തലാണ് യോഗത്തിലുണ്ടായത്. അതിനാല്‍, സര്‍ക്കാരുമായുള്ള ഏറ്റുമുട്ടലായി പ്രശ്‌നത്തെ വളര്‍ത്തേണ്ടതില്ലെന്നാണ് യോഗത്തിലുണ്ടായ പൊതുവികാരം. ബോര്‍ഡ്-കോര്‍പറേഷനുകളിലെ ചെയര്‍മാന്‍മാരെ നിയമിക്കുന്നത് സംബന്ധിച്ച് സിപിഎമ്മുമായുള്ള ഉഭയകക്ഷി ചര്‍ച്ച പൂര്‍ത്തിയായശേഷം തീരുമാനമെടുക്കും. ആറുമാസം പിന്നിട്ട സര്‍ക്കാരിന്റെ പ്രവര്‍ത്തനം ഓരോ മന്ത്രിയുടെയും വകുപ്പുതിരിച്ചു വിശദമായി വിലയിരുത്താന്‍ എല്‍ഡിഎഫ് ശ്രമിക്കണമെന്നും അഭിപ്രായമുണ്ടായി. മന്ത്രിമാരെയെല്ലാം പങ്കെടുപ്പിച്ചുകൊണ്ട് വിപുലമായ എല്‍ഡിഎഫ് നേതൃയോഗം ചേരുന്നത് സംബന്ധിച്ചു അടുത്ത മുന്നണി യോഗത്തില്‍ സിപിഐ നിര്‍ദേശം വയ്ക്കും. രണ്ടു മാസത്തിലൊരിക്കല്‍ യോഗം ചേരുന്നത് സര്‍ക്കാരിനും മന്ത്രിമാര്‍ക്കും ഗുണം ചെയ്യുമെന്നാണ് പാര്‍ട്ടിയുടെ നിലപാട്. പട്ടയത്തിന് അപേക്ഷ നല്‍കി നിരവധി പേര്‍ കലക്ടറേറ്റുകളിലും സെക്രട്ടേറിയറ്റിലും കയറിനടക്കുകയാണെന്നും ഇക്കാര്യത്തില്‍ സത്വരനടപടികള്‍ സ്വീകരിക്കണമെന്നും റവന്യൂവകുപ്പുമന്ത്രി ഇ ചന്ദ്രശേഖരന് നിര്‍വാഹകസമിതി യോഗം നിര്‍ദേശം നല്‍കി.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക