|    Mar 21 Wed, 2018 5:12 am
FLASH NEWS
Home   >  Editpage  >  Editorial  >  

പോലിസ് തലപ്പത്ത്  ആരെങ്കിലുമുണ്ടോ?

Published : 5th January 2016 | Posted By: SMR

അധികാരിവര്‍ഗങ്ങളുടെ വേട്ടപ്പട്ടിയാണ് പോലിസ് എന്നു പറഞ്ഞത് കമ്മ്യൂണിസ്റ്റുകളാണ്. കുനിയാന്‍ പറഞ്ഞപ്പോള്‍ ഇഴയാന്‍ തുടങ്ങിയ കൂട്ടരാണ് മാധ്യമപ്രവര്‍ത്തകര്‍ എന്ന് അടിയന്തരാവസ്ഥയിലെ ഇന്ത്യന്‍ പത്രലോകത്തിന്റെ അവസ്ഥയെ മുന്‍നിര്‍ത്തി വിലപിച്ചത് അഡ്വാനിയും.
ഇപ്പോള്‍ ഈ രണ്ടു പദവികളും തങ്ങള്‍ക്കു ചേരുമെന്ന് ലോകത്തിനു മുമ്പില്‍ വിളംബരം ചെയ്യുകയാണ് കോഴിക്കോട്ടെ പോലിസ് അധികാരികള്‍. ഞാറ്റുവേല എന്ന പേരിലുള്ള ഒരു സംഘം നവവല്‍സരദിനത്തില്‍ നഗരത്തില്‍ സംഘടിപ്പിച്ച ചുംബനത്തെരുവ് എന്ന പരിപാടി റിപോര്‍ട്ട് ചെയ്യാനെത്തിയ പത്രപ്രവര്‍ത്തകനെ ജാമ്യമില്ലാ വകുപ്പുകള്‍ ചുമത്തി ജയിലിലടച്ച പോലിസ് സത്യസന്ധമായി പറഞ്ഞാല്‍ കേരളത്തിലെ പോലിസ് സേനയ്ക്കാകെ നാണക്കേടാണ് വരുത്തിവച്ചിരിക്കുന്നത്. സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ ഭീഷണി കൊണ്ട് തടയാനുള്ള നീക്കം ഒരിക്കലും വിജയിക്കാന്‍ പോവുന്നില്ല. അക്രമം കാട്ടിയ സംഘപരിവാര പ്രവര്‍ത്തകരോട് മൃദുസമീപനം പുലര്‍ത്തിയ പോലിസ് ലേഖകനെ ക്രൂരമായി മര്‍ദ്ദിച്ചു എന്നതില്‍ നിന്ന്, പോലിസിന്റെ യഥാര്‍ഥ അജണ്ട സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തിനു കൂച്ചുവിലങ്ങിടുകയാണെന്നു വ്യക്തമാവുന്നുണ്ട്.
നിസ്സാരമായ ഒരു സംഭവമാണ് ഇത്തരത്തില്‍ അസംബന്ധ നാടകമാക്കി പോലിസ് അധികാരികള്‍ വളര്‍ത്തിയെടുത്തത് എന്നാലോചിക്കുമ്പോള്‍ കേരളത്തില്‍ ആഭ്യന്തരവകുപ്പിന്റെ തലപ്പത്ത് വെളിവുള്ള ആരെങ്കിലും ഇരിപ്പുണ്ടോ എന്നു സംശയം തോന്നിപ്പോവുക സ്വാഭാവികം മാത്രം. സമരത്തില്‍ പങ്കെടുക്കാനെത്തിയ വികലാംഗനെ ഹനുമാന്‍ സേനക്കാര്‍ ഭേദ്യം ചെയ്യുന്നത് തടയുന്നതിനിടയിലാണ് തേജസ് ലേഖകനായ പി അനീബിന് മഫ്തിയിലുള്ള ഒരു പോലിസുകാരനുമായി ഇടയേണ്ടിവന്നത്. പത്രപ്രവര്‍ത്തകന് റിപോര്‍ട്ടിങ് മാത്രം നോക്കിയാല്‍ പോരേ എന്ന ചോദ്യം ന്യായം. പക്ഷേ, പത്രപ്രവര്‍ത്തകനും മനുഷ്യനാണ്. മുന്നില്‍ ഒരു അനീതി കാണുമ്പോള്‍ ഇടപെട്ടുപോവുന്നത് മനുഷ്യസാധാരണമാണ്. അത്തരം ഇടപെടലുകളാണ് നമ്മെ സംസ്‌കാരസമ്പന്നമായ ഒരു സമൂഹമാക്കി നിലനിര്‍ത്തുന്നത്.
അത്തരം ഒരു ഇടപെടലിനിടയില്‍ എന്തെങ്കിലും കശപിശ ഉണ്ടായെങ്കില്‍ അതു ബോധപൂര്‍വമല്ലെന്നു വ്യക്തമാണ്. പക്ഷേ, പോലിസ് ഏകപക്ഷീയമായി അനീബിനെതിരേ ജാമ്യമില്ലാ വകുപ്പുകള്‍ ചേര്‍ത്ത് കേസ് ചാര്‍ജ് ചെയ്യുകയായിരുന്നു. അങ്ങേയറ്റം ഖേദകരവും അനാശാസ്യവുമായ ഒരു സമീപനമാണ് ഇതെന്ന് പോലിസ് അധികാരികള്‍ തിരിച്ചറിയണം. ഇത്തരത്തിലുള്ള ഏകപക്ഷീയമായ നടപടികള്‍ പോലിസ് സേനയുടെ മുഖത്ത് കരിവാരിത്തേക്കുക മാത്രമേയുള്ളു.
സംഘര്‍ഷമേഖലകളില്‍ പോലിസും പത്രക്കാരും എത്തിച്ചേരുന്നത് തൊഴില്‍പരമായ ഉത്തരവാദിത്തങ്ങളുടെ ഭാഗമായാണ്. പലപ്പോഴും അറിഞ്ഞോ അറിയാതെയോ പരസ്പരം സംഘര്‍ഷം ഉണ്ടാവുന്നതും സ്വാഭാവികം. കോഴിക്കോട് നഗരത്തില്‍ തന്നെ മുന്‍കാലങ്ങളില്‍ ഇത്തരം സംഭവങ്ങളുണ്ടായിട്ടുണ്ട്. അന്നൊന്നും വൈരനിര്യാതനബുദ്ധിയോടു കൂടിയുള്ള നടപടികള്‍ പോലിസിന്റെ ഭാഗത്തുനിന്നുണ്ടായതായി കാണാന്‍ കഴിയില്ല. പോലിസ് ഭരണകൂടം തങ്ങളുടെ തെറ്റു തിരുത്തുന്നത് അവരുടെ തന്നെ വിശ്വാസ്യത നിലനിര്‍ത്താന്‍ സഹായകമാവും.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Dont Miss