|    Oct 19 Fri, 2018 4:16 pm
FLASH NEWS
Home   >  Todays Paper  >  Page 1  >  

പോലിസ് തലപ്പത്ത് അഴിച്ചുപണി; ശ്രീലേഖയെ മാറ്റി

Published : 17th January 2017 | Posted By: fsq

 

തിരുവനന്തപുരം: രണ്ടാഴ്ചയ്ക്കിടെ പോലിസ് തലപ്പത്ത് വീണ്ടും വന്‍ അഴിച്ചുപണി. ഉന്നത പോലിസ് ഉദ്യോഗസ്ഥരെയാണ് ഇന്നലെ മാറ്റി നിയമിച്ചത്. പോലിസിനെതിരേ അടുത്ത കാലത്ത് ഉയര്‍ന്ന പരാതികളെ തുടര്‍ന്നാണ് മാറ്റമെന്നാണ് സൂചന. ഇന്റലിജന്‍സ് മേധാവി സ്ഥാനത്തുനിന്ന് എഡിജിപി ആര്‍ ശ്രീലേഖയെ ജയില്‍ എഡിജിപിയായി മാറ്റി നിയമിച്ചു. കോസ്റ്റല്‍ പോലിസ് ഡയറക്ടറായിരുന്ന ബി എസ് മുഹമ്മദ് യാസീനാണ് പുതിയ ഇന്റലിജന്‍സ് മേധാവി. മാസങ്ങള്‍ക്കു മുമ്പാണ് ശ്രീലേഖ ഇന്റലിജന്‍സ് മേധാവി സ്ഥാനത്തെത്തിയത്. അനധികൃത സ്വത്തുസമ്പാദന കേസില്‍ ശ്രീലേഖ ത്വരിതപരിശോധന നേരിടുന്നുണ്ട്. ടോമിന്‍ ജെ തച്ചങ്കരിയെ വര്‍ഷങ്ങള്‍ക്കു ശേഷം പോലിസ് വകുപ്പിലേക്കു തിരിച്ചുകൊണ്ടുവന്നു. എഡിജിപി പത്മകുമാറിനെയും തിരികെ പോലിസില്‍ നിയമിച്ചു. വിവാദങ്ങളെ തുടര്‍ന്ന് ഗതാഗത വകുപ്പില്‍ നിന്ന് അപ്രധാനമായ കേരള ബുക്‌സ് ആന്റ് പബ്ലിക്കേഷന്‍സ് സൊസൈറ്റി എംഡിയായി നിയമിക്കപ്പെട്ട ടോമിന്‍ ജെ തച്ചങ്കരിയെ കോസ്റ്റല്‍ പോലിസ് എഡിജിപിയായാണ് നിയമിച്ചത്. ഈ തസ്തിക എഡിജിപി കേഡറിലേക്ക് ഉയര്‍ത്തിയാണ് നിയമനം. പോലിസ് ആസ്ഥാനത്തുണ്ടായിരുന്ന എഡിജിപി രാജേഷ് ദിവാന് ഉത്തരമേഖലയുടെ ചുമതല നല്‍കി. നോര്‍ത്ത് സോണ്‍ എഡിജിപി സുധേഷ് കുമാറിനെ സായുധസേനാ (എപി ബറ്റാലിയന്‍) എഡിജിപിയായി നിയമിച്ചു. ജയില്‍ എഡിജിപിയായിരുന്ന അനില്‍കാന്തിനെ പോലിസ് ആസ്ഥാനത്തും ബറ്റാലിയന്‍ എഡിജിപിയായിരുന്ന നിതിന്‍ അഗര്‍വാളിനെ ക്രൈംബ്രാഞ്ച് എഡിജിപിയായും നിയമിച്ചു. കെഎസ്ഇബി വിജിലന്‍സ് ഓഫിസറായിരുന്ന എഡിജിപി കെ പത്മകുമാറിനെ കേരള പോലിസ് അക്കാദമി ഡയറക്ടറായും നിയമിച്ചു. കോസ്റ്റല്‍ പോലിസ് ഐജി എസ് ശ്രീജിത്തിനെയും ട്രെയിനിങ് വിഭാഗം ഐജി മഹിപാല്‍ യാദവിനെയും ക്രൈംബ്രാഞ്ചില്‍ നിയമിച്ചു. ട്രാവന്‍കൂര്‍ സിമന്റ്‌സ് എംഡിയായിരുന്ന ജി ലക്ഷ്മണയെ സുരക്ഷാ വിഭാഗം ഐജിയാക്കി. സുരക്ഷാ വിഭാഗം ഐജി വിജയ ശ്രീകുമാറിനെ പിസിആറില്‍ നിയമിച്ചു. സുരക്ഷാ വിഭാഗത്തില്‍ നിന്ന് ഐജി പി വിജയനെ എറണാകുളം റേഞ്ച് ഐജിയായി നിയമിച്ചു. സായുധ പോലിസില്‍ ഡിഐജിയായിരുന്ന ഷഫീന്‍ അഹ്മദിനെ പോലിസ് ഭരണവിഭാഗത്തിലും വനിതാ സെല്‍ എസ്പി ജേക്കബ് ജോബിനെ കോട്ടയം ക്രൈംബ്രാഞ്ചിലും എന്‍ആര്‍ഐ സെല്ലില്‍ എസ്പി വി ഗോപാലകൃഷ്ണനെ പോലിസ് ആസ്ഥാനത്ത് എഐജിയായും  ഐപിഎസ് ട്രെയിനിങ് പൂര്‍ത്തിയാക്കി എത്തിയ അലക്‌സ് കെ ജോണിനെ വനിതാ സെല്‍ എസ്പിയായും നിയമിച്ചു. എ അക്ബറിനെ വിജിലന്‍സ് ഇന്റലിജന്‍സ് എസ്പിയായും ഉമ ബെഹ്‌റയെ കോഴിക്കോട് വിജിലന്‍സ് ആന്റ് ആന്റികറപ്ഷന്‍ ബ്യൂറോയിലും ആര്‍ നിശാന്തിനിയെ തിരുവനന്തപുരത്ത് വിജിലന്‍സ് ആന്റ് ആന്റികറപ്ഷന്‍ ബ്യൂറോ സ്‌പെഷ്യല്‍ സെല്ലിലും നിയമിച്ചു. എം എന്‍ വിജയകുമാരന്‍, എം ജോണ്‍സണ്‍ ജോസഫ്, എസ് രാജേന്ദ്രന്‍ എന്നിവര്‍ക്കു പിന്നീട് നിയമനം നല്‍കും.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss