|    Feb 27 Mon, 2017 3:38 am
FLASH NEWS

പോലിസ് ടീം വിളിച്ചാല്‍ വരാന്‍ തയ്യാര്‍: സുശാന്ത് മാത്യു

Published : 6th November 2016 | Posted By: SMR

ടി പി ജലാല്‍

മഞ്ചേരി: കേരള പോലിസ് ടീമിലേക്ക് ക്ഷണിച്ചാല്‍ താന്‍ കളിക്കാന്‍ തയ്യാറെന്ന് മുന്‍ പൂനെ എഫ്‌സി താരം സുശാന്ത് മാത്യു. ജോലി മാത്രം ചെയ്യാന്‍ ഞാനില്ല. ജോലിക്കൊപ്പം ശരീരത്തില്‍ അലിഞ്ഞുചേര്‍ന്ന ഫുട്‌ബോളും വേണം. ഐ ലീഗ് ടീമുകളിലേക്കാണ് താല്‍പര്യമെങ്കിലും കേരള ടീം വിളിച്ചാല്‍ കളിക്കും-  സുശാന്ത് മാത്യു സ്വകാര്യ സംഭാഷണത്തിനിടെ തേജസിനോട് പറഞ്ഞു.
പണം മുടക്കിയുള്ള മികച്ച പരിശീലനവും പുതിയ ടീമുകളുടെ അരങ്ങേറ്റവുമാണ് കേരളത്തിനാവശ്യം. കേരളത്തില്‍ പ്രഫഷനല്‍ ക്ലബ്ബുകള്‍ വരുന്നില്ല. ടൂര്‍ണമെന്റുകളും ടാലന്റുള്ള കളിക്കാരും കുറഞ്ഞു വരുകയാണ്. കളിയുടെ നിലവാരം ഉയര്‍ത്താന്‍ ആകെ ലഭിക്കുന്നത് മലബാറിലുള്ള സെവന്‍സ് ടൂര്‍ണമെന്റുകള്‍ മാത്രമാണ്. മലപ്പുറം കേന്ദ്രീകരിച്ച് പ്രഫഷനല്‍ ക്ലബ് വരുന്നത് ഇന്ത്യന്‍ ഫുട്‌ബോളിന് വളക്കൂറുണ്ടാക്കുമെന്നാണ് 34കാരനായ വയനാട് അമ്പലവയല്‍ സ്വദേശിയുടെ അഭിപ്രായം.
ഇന്ത്യന്‍ താരങ്ങള്‍ക്ക് വളര്‍ച്ചയുണ്ടാവണമെങ്കില്‍ ഐ ലീഗ് മെച്ചപ്പെടുത്തണം- മുന്‍ മഹാരാഷ്ട്ര സന്തോഷ് ട്രോഫി താരം പറഞ്ഞു. ഫാറൂഖ് കോളജ് ടീമിലൂടെ കളിയാരംഭിച്ച മിഡ്ഫീല്‍ഡര്‍ 19ാം വയസ്സില്‍ തന്നെ എഫ്‌സി കൊച്ചിക്കു വേണ്ടി ജഴ്‌സിയണിഞ്ഞിട്ടുണ്ട്. വാസ്‌കോ ഗോവയ്ക്ക് മൂന്നുവര്‍ഷവും ശേഷം മഹീന്ദ്ര യുനൈറ്റഡ്, ഈസ്റ്റ് ബംഗാള്‍, മോഹന്‍ബഗാന്‍, രംങ്ദജീത് മേഘാലയ ടീമുകള്‍ക്കും മികവാര്‍ന്ന കളി കാഴ്ചവച്ചിട്ടുണ്ട്. ഇത്തവണ ഐഎസ്എല്ലില്‍ ഇല്ല. കളി അവസാനിപ്പിച്ചാല്‍ കോച്ചിങ് രംഗത്തേക്കു വരാനാണ് സുശാന്തിന് താല്‍പര്യം. ഇതിനകം സി ലൈസന്‍സ് കരസ്ഥമാക്കിയ മുന്‍ കേരള ബ്ലാസ്റ്റേഴ്‌സ് താരം വയനാട്ടിലെ ഡൈന ക്ലബിനെ പരിശീലിപ്പിക്കുന്നുണ്ട്.
ഈ വര്‍ഷം തന്നെ ജീവിതത്തിലേക്ക് പുതിയൊരാളെത്തുമെന്നും ഇതിനായി വീട്ടുകാര്‍ അന്വേഷണമാരംഭിച്ചെന്നും സുശാന്ത് പറഞ്ഞു. പനക്കല്‍ മാത്യുവിന്റെയും അന്നാമ്മയുടെയും നാലാമത്തെ മകനായ സുശാന്ത് മാത്യു അടുത്ത സീസണില്‍ രംങ്ദജീത് ക്ലബ്ബിന് കളിക്കാന്‍ സാധ്യതയുള്ളതായും സൂചിപ്പിച്ചു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 178 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day