|    Nov 21 Wed, 2018 3:03 am
FLASH NEWS

പോലിസ് ചമഞ്ഞ് 55 ലക്ഷം കൊള്ളയടിച്ച രണ്ടുപേര്‍ പിടിയില്‍

Published : 10th November 2017 | Posted By: fsq

 

പാലക്കാട്: സേലത്ത് നിന്നും മേലാറ്റൂരിലേക്ക് വ്യാപാര ആവശ്യാര്‍ഥം ട്രെയിനില്‍ കൊണ്ടുവന്ന 55 ലക്ഷംരൂപ ഒലവക്കോട് വച്ച് കൊള്ളയടിച്ച സംഭവത്തില്‍ രണ്ടുപേരെ പാലക്കാട് ടൗണ്‍ നോര്‍ത്ത് സിഐ ആര്‍ ശിവശങ്കരന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റു ചെയ്തു. മലപ്പുറം എടയാറ്റൂര്‍, ബീമുള്ളി വീട്ടില്‍ അബ്ദുള്‍ ജലീല്‍ (44), മമ്പാട് കച്ചേരിക്കുനിയില്‍ അബ്ദുല്‍ ബഷീര്‍(41) എന്നിവരാണ് പിടിയിലായത്. കഴിഞ്ഞ ജൂലൈ 26ന് പുലര്‍ച്ചെയായിരുന്നു പണം തട്ടിയത്. കേസില്‍ നാലുപേര്‍ കൂടി പിടിയിലാവനുണ്ട്. കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്ത പ്രതികളെ കസ്റ്റഡിയില്‍ വാങ്ങി ചോദ്യം ചെയ്യുമെന്നും പോലിസ് അറിയിച്ചു. പ്രതിയായ ജലീലും മലപ്പുറം പനങ്ങാങ്ങര സ്വദേശിയും കൂടിയാണ് പ്രവാസി വ്യവസായിയുടെ നി ര്‍ദേശ പ്രകാരം സേലത്തു നിന്നും  55 ലക്ഷവുമായി ട്രെയിനി ല്‍ ഒലവക്കോട്ടിറങ്ങിയത്. മേലാറ്റൂരിലേക്ക് പോവാന്‍ ബസ് കാത്തുനില്‍ക്കുന്നതിനിടെ പോലിസാണെന്ന് പറഞ്ഞ് രണ്ടുവാഹനങ്ങളിലെത്തിയ ആറംഗ സംഘം ഇരുവരെയും ഓരോ വാഹനത്തില്‍ കയറ്റിക്കൊണ്ട് പോവുകയും പണവും മൊബൈല്‍ ഫോണുകളും കവര്‍ന്ന ശേഷം ആലത്തൂര്‍ കാവശ്ശേരിക്കടുത്ത് പുലര്‍ച്ചെ ഇറക്കി വിടുകയായിരുന്നു. തുടര്‍ന്ന് പാലക്കാട് നോര്‍ത്ത് പോലിസില്‍ പരാതി നല്‍കി. ഇതിനിടെ പരാതിക്കാരില്‍ ഒരാളായ ജലീല്‍ അപ്രത്യക്ഷനായതോടെയാണ് പോലിസ് അന്വേഷണം വഴിത്തിരിവിലായത്. ജലീലിന്റെ പുതിയ ഫോ ണ്‍ നമ്പര്‍ സംഘടിപ്പിച്ച പോലിസ് ഇയാളുടെ ഒളിത്താവളം കണ്ടെത്തി. ഊട്ടി, മൈസൂര്‍, ഗുണ്ടല്‍പേട്ട്, ബംഗളൂരു, മംഗലാപുരം, ഗോവ എന്നിവിടങ്ങളിലായി മാറി മാറി ഒളിവില്‍ കഴിയുകയായിരുന്നു. ജലീലിന്റെ ഫോണ്‍ പിന്‍തുടര്‍ന്ന പോലിസ് സംഘം പ്രതികള്‍ ഒലവക്കോട് വഴി തമിഴ്‌നാടിലേക്ക് കടക്കുന്നുണ്ടെന്ന് മനസ്സിലാക്കി. തുടര്‍ന്നാണ് ഇന്നലെ പുലര്‍ച്ചെ 12.30ന് റെയില്‍വേ സ്‌റ്റേഷന്‍ റോഡില്‍ നിന്നും ഇരുവരെയും കസ്റ്റഡിയിലെടുത്തത്. ജലീലാണ് കൊള്ള ആസൂത്രണം ചെയ്തത്. ഇതിനായി ക്വട്ടേഷന്‍ സംഘത്തിന്റെ സഹായവും തേടി. പണവുമായി എത്തുന്ന കാര്യം ക്വട്ടേഷന്‍ സംഘത്തിന് മൊബൈല്‍ വഴി മെസേജ് ചെയ്യുകയായിരുന്നു. ഇതൊന്നും കൂടെയുള്ളയാള്‍ അറിഞ്ഞില്ല. സംഭവത്തിനു ശേഷം ഒന്നുമറിയാത്ത പോലെ പരാതി നല്‍കി അന്വേഷണവുമായി സഹകരിച്ച ജലീല്‍ പെടുന്നനെ അപ്രത്യക്ഷമായതാണ് പോലിസിന് സംശയമുണ്ടാക്കിയത്. അറസ്റ്റിലായ ബഷീറിനെതിരെ നിലമ്പൂര്‍, വണ്ടൂര്‍, പെരിന്തല്‍മണ്ണ പോലിസ് സ്‌റ്റേഷനുകളില്‍ കേസുണ്ട്. ജലീലിന് വനംവകുപ്പിന്റെ കേസുണ്ട്. പാലക്കാട് ജില്ലാ പോലിസ് മേധാവി പ്രതീഷ് കുമാറിന്റെ നിര്‍ദേശാനുസരണം എഎസ്പി ജി പൂങ്കുഴലിയുടെ മേല്‍നോട്ടത്തില്‍ ടൗണ്‍ നോര്‍ത്ത് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ ആര്‍ ശിവശങ്കരന്‍, എസ്‌ഐ ആര്‍ രഞ്ജിത് തുടങ്ങിയ സംഘമാണ് കേസ് അന്വേഷിച്ചത്.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss