|    Jan 23 Mon, 2017 3:59 am
FLASH NEWS

പോലിസ് ക്യാംപ് ഫോളോവര്‍മാര്‍ക്ക് അടിമവേല

Published : 23rd September 2016 | Posted By: SMR

കെ സനൂപ്

പാലക്കാട്: സംസ്ഥാനത്തെ പോലിസ് വകുപ്പിന് കീഴിലുള്ള ക്യാംപ് ഫോളോവര്‍മാര്‍ക്ക് അടിമവേല. പോലിസ് വകുപ്പിലെ കുക്ക്, ബാര്‍ബര്‍, സ്വീപ്പര്‍, ഡോബി (അയണര്‍), വാട്ടര്‍കാരിയര്‍ തസ്തികകളില്‍ ജോലിചെയ്യുന്നവര്‍ക്കാണ് പോലിസ് ഉദ്യോഗസ്ഥരുടെയും സര്‍വീസ് സംഘടനാ നേതാക്കളുടെയും ഉദാസീനതമൂലം ദുരിതം അനുഭവിക്കേണ്ടിവരുന്നത്. 1957ല്‍ രൂപീകൃതമായ പോലിസ് ക്യാംപ് ഫോളോവേഴ്‌സിന് ഇപ്പോഴും സര്‍വീസ് റൂള്‍ ഇല്ലാത്തതിനാല്‍ പ്രമോഷനോ ശമ്പളവര്‍ധനയോ ലഭ്യമാവുന്നില്ല. മാത്രമല്ല പോലിസ് ഉദ്യോഗസ്ഥരുടെ വീടുകളില്‍ അടിമവേല ചെയ്യേണ്ടതായും വരുന്നു.
2008ലെ എല്‍ഡിഎഫ് സര്‍ക്കാര്‍ പോലിസ് ക്യാംപ് ഫോളോവര്‍മാരെ ലാസ്റ്റ്‌ഗ്രേഡ് സര്‍വന്റ് ജീവനക്കാരാക്കി ഉത്തരവിറക്കിയെങ്കിലും സര്‍വീസ് റൂള്‍ ഇല്ലാത്തതിനാല്‍ ഉത്തരവ് നടപ്പാക്കാനാവില്ലെന്ന് അന്നത്തെ പോലിസ് മേധാവി രമണ്‍ ശ്രീവാസ്തവ സര്‍ക്കാരിനെ അറിയിക്കുകയായിരുന്നു. പിന്നീട് 2013 ഡിസംബറില്‍ പോലിസ് ക്യാംപ് ഫോളോവേഴ്‌സിനെ എക്‌സിക്യൂട്ടീവിന് സമമാക്കിക്കൊണ്ട് ആഭ്യന്തരവകുപ്പ് തയ്യാറാക്കിയ സര്‍വീസ് സ്‌പെഷ്യല്‍ റൂളിന്റെ കരട് സംസ്ഥാന സര്‍ക്കാരിന് നല്‍കി—യെങ്കിലും ഇതുവരെ നടപ്പാക്കിയിട്ടില്ല. 1957ലെ പോലിസ് സേനയുടെ അംഗസംഖ്യ കണക്കിലെടുത്ത് രൂപീകരിച്ച ക്യാംപ് ഫോളോവര്‍മാരുടെ തസ്തികകളേ ഇന്നുമുള്ളൂവെന്നത് ജോലിഭാരം വര്‍ധിപ്പിക്കുകയാണ്.
സംസ്ഥാനത്ത് പോലിസ് സേനയില്‍ 80,000 പേരുള്ളപ്പോള്‍ 1,300 ക്യാംപ് ഫോളോവര്‍മാര്‍ മാത്രമാണുള്ളത്. 380ലേറെ പോലിസ് ക്യാംപ് ഫോളോവര്‍മാരുടെ ഒഴിവുകളുണ്ടെങ്കിലും നിയമനം നടത്തുന്നില്ല. മുമ്പ് ക്യാംപ് ഫോളോവര്‍മാരുടെ സ്ഥിരം നിയമനം എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് വഴിയാണു നടന്നിരുന്നത്. എന്നാല്‍, 2011ല്‍ നിയമനം പിഎസ്‌സിക്ക് നല്‍കിയെങ്കിലും സ്‌പെഷ്യല്‍ റൂള്‍സ് കൊടുക്കാത്തതിനാല്‍ ഇപ്പോള്‍ നിയമനം നടത്താനാവുന്നില്ല. 2010ല്‍ സംസ്ഥാന സര്‍ക്കാര്‍ 225 ക്യാംപ് ഫോളോവര്‍മാരുടെ താല്‍ക്കാലിക തസ്തികകളില്‍ നിയമനം നടത്തിയെങ്കിലും ഭരണമാറ്റം വന്നതോടെ അവരെ പിരിച്ചുവിടുകയാണുണ്ടായത്.
കുക്ക്-8, സ്വീപ്പര്‍-3, ഡോബി (അയണര്‍)-2, ബാര്‍ബര്‍-2, വാട്ടര്‍ കാരിയര്‍-1 എന്ന ക്രമത്തില്‍ ഒരു കമ്പനി പോലിസില്‍ 16 പേരാണ് ചുരുങ്ങിയതു വേണ്ടത്. എന്നാലിപ്പോള്‍ ഒരു കമ്പനി പോലിസിന് (125 പേര്‍ക്ക്) 10 ക്യാംപ് ഫോളോവര്‍മാരാണുള്ളത്. ഇവരില്‍നിന്ന് ഭൂരിഭാഗംപേരെയും പോലിസ് ഉദ്യോഗസ്ഥര്‍ വീട്ടുജോലിക്ക് ഉപയോഗിക്കുകയും ചെയ്യുന്നു. ക്യാംപ് ഫോളോവര്‍മാരെക്കൊണ്ട് പോലിസ് ഉദ്യോഗസ്ഥര്‍ വീട്ടുജോലികള്‍ ചെയ്യിക്കരുതെന്ന് നിര്‍ദേശമുള്ളപ്പോഴും അവ പാലിക്കുന്നില്ല.
തൃശൂര്‍ സിറ്റി പോലിസ് ക്യാംപിലെ 12 സ്വീപ്പര്‍മാരില്‍ എട്ടുപേരെ പോലിസ് ഉദ്യോഗസ്ഥരുടെ വീട്ടുജോലികള്‍ക്കായി നിയോഗിച്ചിരിക്കുകയാണ്. കണ്ണൂര്‍ എആര്‍ ക്യാംപിലെയും കോഴിക്കോട് എആര്‍ ക്യാംപിലെയും അഞ്ചുവീതം ക്യാംപ് ഫോളോവര്‍മാരും ഇത്തരത്തില്‍ പോലിസ് ഉദ്യോഗസ്ഥരുടെ വീടുകളില്‍ അടിമജോലി ചെയ്യുകയാണ്. എട്ടാം ശമ്പള കമ്മീഷന്‍ പ്രകാരം അനുവദിച്ചുതന്നിരുന്ന റേഷ്യോ പ്രമോഷന്‍ 10ാം ശമ്പള കമ്മീഷന്‍ വന്നിട്ടും അനുവദിക്കുന്നില്ലെന്ന് കേരള പോലിസ് ക്യാംപ് ഫോളോവേഴ്‌സ് അസോസിയേഷന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി എം കെ രാധാകൃഷ്ണന്‍ തേജസിനോട് പറഞ്ഞു. 9, 10 ശമ്പള കമ്മീഷനുകളില്‍ ക്യാംപ് ഫോളോവര്‍മാര്‍ക്ക് ലാസ്റ്റ്‌ഗ്രേഡില്‍നിന്നും ഉയര്‍ന്ന ശമ്പള സ്‌കെയിലും പെര്‍മനന്റ് ട്രാവലിങ് അലവന്‍സ്, വാട്ടര്‍-ഇലക്ട്രിസിറ്റി ചാര്‍ജ്, റിസ്‌ക് അലവന്‍സ് എന്നിവ അനുവദിക്കണമെന്ന് ശുപാര്‍ശകളുണ്ടായിരുന്നെങ്കിലും അവ നടപ്പാക്കിയില്ല.
പരാതി ഉന്നയിക്കുന്ന ഫോളോവര്‍മാര്‍ക്കെതിരേ കൊടിയ ശിക്ഷാനടപടികളാണ് പോലിസ് ഉദ്യോഗസ്ഥര്‍ കൈക്കൊള്ളാറുള്ളത്. പരിഷ്‌കൃത കാലഘട്ടത്തിലും ഭൂരിഭാഗം പോലിസ് ക്യാംപുകളിലും വിറകടുപ്പുകളാണ് ഇന്നുമുള്ളതെന്നുള്ളത് ഫോളോവര്‍മാരുടെ ദുരിതം ഏറ്റുന്നു. എക്‌സിക്യൂട്ടീവ് വിഭാഗത്തിന് സമാനമായ ജോലിയാണ് ഫോളോവര്‍മാര്‍ ചെയ്യുന്നതെങ്കിലും പോലിസ് വെല്‍ഫെയര്‍ ബ്യൂറോയില്‍ ഇവര്‍ക്ക് അംഗത്വം നല്‍കുന്നില്ല. സ്റ്റാഫ് കൗണ്‍സിലിലും ഇവര്‍ക്ക് അംഗത്വം നല്‍കുന്നില്ല.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 17 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക