|    Nov 20 Tue, 2018 8:59 pm
FLASH NEWS
Home   >  Todays Paper  >  page 12  >  

പോലിസ് ഉദ്യോഗസ്ഥരെ അവഹേളിച്ചാല്‍ നിയമനടപടി

Published : 28th October 2018 | Posted By: kasim kzm

തിരുവനന്തപുരം: നിയമപരമായ ഉത്തരവാദിത്തം നിര്‍വഹിക്കുന്ന പോലിസ് ഉദ്യോഗസ്ഥരെ സമൂഹമാധ്യമങ്ങളില്‍ അവഹേളിക്കുന്നവരെ നിയമത്തിനു മുന്നില്‍ കൊണ്ടുവരാന്‍ കര്‍ശന നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സ്പെഷ്യല്‍ ആംഡ് പോലിസിന്റെ 20ാമത് ബാച്ചിന്റെ പാസിങ് ഔട്ട് പരേഡില്‍ അഭിവാദ്യം സ്വീകരിച്ച് പേരൂര്‍ക്കട എസ്എപി ഗ്രൗണ്ടില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
നിയമപരമായി ചെയ്യേണ്ട ഉത്തരവാദിത്തം നിര്‍വഹിക്കാന്‍ പോലിസ് ബാധ്യസ്ഥരാണ്. മതവും വിശ്വാസവും പരിഗണിച്ചല്ല അവര്‍ ജോലി നിര്‍വഹിക്കുന്നത്. അത്തരം ഭീഷണിക്കും സ്വാധീനത്തിനും വഴങ്ങുന്ന ഒരാളും സംസ്ഥാന പോലിസിലില്ല. നിയമം അനുസരിച്ച് ജോലി ചെയ്യുന്ന പോലിസ് ഉദ്യോഗസ്ഥരെ മതത്തിന്റെയും വിശ്വാസത്തിന്റെയും പേരില്‍ സമൂഹമാധ്യമങ്ങളിലൂടെ അവഹേളിക്കുന്ന പ്രവണത ശക്തമാണ്. അത്തരം പ്രവണതകളില്‍ ഏര്‍പ്പെടുന്നവരെ നിയമത്തിനു മുന്നില്‍ കൊണ്ടുവരുന്നതിന് സര്‍ക്കാരും പോലിസും നടപടി സ്വീകരിക്കും.
പരിശീലനത്തില്‍ ലഭിച്ച അറിവുകള്‍ പ്രായോഗികബുദ്ധിയുടെ പിന്തുണയോടെ പ്രവൃത്തിപഥത്തില്‍ എത്തിക്കണം. ജനാധിപത്യസമൂഹത്തിന് അനുഗുണമായി പോലിസിനെ പരിവര്‍ത്തനം ചെയ്യുന്ന രീതിയിലാണ് മുന്നോട്ടുപോവുന്നത്. പൊതുജനം പോലിസില്‍ നിന്ന് പ്രതീക്ഷിക്കുന്നത് സംസ്‌കാരസമ്പന്നമായ പെരുമാറ്റമാണ്. അതിനനുസരിച്ചുള്ള കാലാനുസൃത പരിശീലനം നല്‍കുകയാണ് സര്‍ക്കാര്‍ ലക്ഷ്യം. വകുപ്പിനെക്കുറിച്ചുള്ള സമഗ്രമായ അറിവിനൊപ്പം നാടിന്റെ ചരിത്രം, സംസ്‌കാരം എന്നിവയും പരിശീലനത്തില്‍ നല്‍കുന്നുണ്ട്. താരതമ്യേന മെച്ചപ്പെട്ട സിലബസാണ് നിലവില്‍ പരിശീലനത്തിന് ഉപയോഗിക്കുന്നത്. ഇനിയും കാലോചിതമായി പരിഷ്‌കരിക്കും.
ഉന്നത വിദ്യാഭ്യാസമുള്ള ഒട്ടേറെപേര്‍ പോലിസ് സേനയിലേക്കു കടന്നുവരുന്നുണ്ട്. അവര്‍ ആര്‍ജിച്ച വിദ്യാഭ്യാസവും കഴിവും എങ്ങനെ വകുപ്പിനായി ഉപയോഗിക്കാം എന്ന് സമഗ്രമായി പരിശോധിക്കുന്നുണ്ട്. നേരത്തേ നിയമിച്ചവരെയും ആ നിലയില്‍ ഉപയോഗിക്കുന്നുണ്ട്. പോലിസ് സര്‍ക്കാരിന്റെ മുഖമായതിനാല്‍ നല്ല വിദ്യാഭ്യാസമുള്ളവരുടെ കടന്നുവരവ് മുഖച്ഛായ മെച്ചപ്പെടുത്തും.
പ്രളയകാലത്ത് രക്ഷാപ്രവര്‍ത്തനത്തിന് ആദ്യം മുന്നിട്ടിറങ്ങിയതും അവസാനം വരെ രംഗത്തുണ്ടായിരുന്നതും പോലിസാണ്. പുതിയ ട്രെയിനികള്‍ക്കും ഇതിന് അവസരം ലഭിച്ചതായി മുഖ്യമന്ത്രി പറഞ്ഞു.
പരിശീലനം പൂര്‍ത്തിയാക്കിയ ബാച്ചിലെ വരുണ്‍ഘോഷായിരുന്നു പരേഡ് കമാന്‍ഡന്റ്. ജിഷ്ണു എസ് പി ആയിരുന്നു സെക്കന്‍ഡ് കമാന്‍ഡന്റ്. പരിശീലന കാലഘട്ടത്തില്‍ വിവിധ മേഖലകളില്‍ മികവു തെളിയിച്ചവര്‍ക്കുള്ള ട്രോഫിയും മുഖ്യമന്ത്രി വിതരണം ചെയ്തു. 251 പേരാണ് പരിശീലനം പൂര്‍ത്തിയാക്കി സേനയില്‍ പ്രവേശിച്ചത്. സംസ്ഥാന പോലിസ് മേധാവി ലോക്നാഥ് ബെഹ്റ, എസ്എപി കമാന്‍ഡന്റ് ടി എഫ് സേവ്യര്‍, മുതിര്‍ന്ന പോലിസ് ഉദ്യോഗസ്ഥര്‍ സംബന്ധിച്ചു.

 

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss