|    Dec 17 Sun, 2017 11:51 am
FLASH NEWS
Home   >  Todays Paper  >  Page 5  >  

പോലിസ് ആസ്ഥാനത്ത് പുതിയ ഡിജി കണ്‍ട്രോള്‍ റൂം നാളെ മുതല്‍

Published : 14th July 2017 | Posted By: fsq

 

തിരുവനന്തപുരം: പോലിസ് പ്രവര്‍ത്തനങ്ങളുടെ സംസ്ഥാനതല ഏകോപനവും മേല്‍നോട്ടവും കൂടുതല്‍ ശക്തമാക്കാന്‍ പോലിസ് ആസ്ഥാനത്ത് ‘ഡിജി കണ്‍ട്രോള്‍ റൂം’ ആരംഭിക്കും. 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂം സംവിധാനം നാളെ മുതല്‍ പ്രവര്‍ത്തനമാരംഭിക്കുമെന്ന് സംസ്ഥാന പോലിസ് മേധാവി അറിയിച്ചു. പുതുതായി നിലവില്‍വന്ന ഭീകരവിരുദ്ധ സേന താല്‍ക്കാലികമായി തൃപ്പൂണിത്തുറ ആംഡ് റിസര്‍വ് ക്യാംപ് ആസ്ഥാനമാക്കി പ്രവര്‍ത്തിക്കാനും തീരുമാനമായി. ഡിജി കണ്‍ട്രോള്‍റൂമിലൂടെ ക്രമസമാധാനപാലനം, കുറ്റാന്വേഷണം, ഗതാഗതനിയന്ത്രണം തുടങ്ങി വിവിധ പോലിസ് പ്രവര്‍ത്തനങ്ങള്‍ സംസ്ഥാനതലത്തില്‍ കൂടുതല്‍ ഫലപ്രദമായി ഏകോപിപ്പിക്കാനാവുമെന്ന് സംസ്ഥാന പോലിസ് മേധാവി ലോക്‌നാഥ് ബെഹ്‌റ പറഞ്ഞു. ഇവിടെ സാങ്കേതിക സംവിധാനങ്ങളും ഉദ്യോഗസ്ഥരും പുതിയ കണ്‍ട്രോള്‍ റൂം സംവിധാനങ്ങളും ഉണ്ടാവും. പോലിസ് പ്രവര്‍ത്തനങ്ങളുടെ ഏകോപനത്തിന് ജില്ലാതല കണ്‍ട്രോള്‍ റൂമുകളും സംസ്ഥാന പോലിസ് മോണിറ്ററിങ് റൂം ഇപ്പോള്‍ നിലവിലുണ്ട്. ഇവയ്‌ക്കൊപ്പം പോലിസ് ആസ്ഥാനത്ത് നിന്നുള്ള ഏകോപനം ശക്തിപ്പെടുത്തുന്നതിന് പുതിയ കണ്‍ട്രോള്‍ റൂം സഹായകമാവും. ജില്ലാതലത്തില്‍നിന്ന് ലഭിക്കുന്ന വിവരങ്ങളുടെ അപഗ്രഥനം, വിവരങ്ങള്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥരെ അറിയിക്കല്‍, അന്തര്‍ജില്ലാ ഏകോപനത്തിനുള്ള സംസ്ഥാന പോലിസ് മേധാവിയുടെ നിര്‍ദേശങ്ങള്‍ ബന്ധപ്പെട്ടവരില്‍ എത്തിക്കല്‍ തുടങ്ങിയവയാണ് പുതിയ കണ്‍ട്രോള്‍ റൂം വഴി നിര്‍വഹിക്കുക. വനിത പോലിസ് ബറ്റാലിയന്റെ കമാന്‍ഡന്റും എസ്പിയുമായ ആര്‍ നിശാന്തിനിക്കാണ് പുതിയ കണ്‍ട്രോള്‍ റൂമിന്റെ ചുമതല. സംസ്ഥാനത്തെ വിവിധ പോലിസ് യൂനിറ്റുകളുമായും ഉദ്യോഗസ്ഥരുമായും തല്‍ക്ഷണം ബന്ധപ്പെടുന്നതിന് ഇന്റര്‍നെറ്റ്, വയര്‍ലസ് ഉള്‍പ്പെടെയുള്ള സാങ്കേതിക സംവിധാനങ്ങള്‍ ഒരുക്കിയിട്ടുണ്ട്. ആന്റി ടെററിസ്റ്റ് ഫോഴ്‌സിന് ഓഫിസ് പ്രവര്‍ത്തിക്കുന്നതിന് സൗകര്യങ്ങള്‍ എആര്‍ ക്യാംപിനുള്ളില്‍ അനുവദിക്കണമെന്നും സ്റ്റാഫംഗങ്ങളെ നല്‍കണമെന്നും കൊച്ചി സിറ്റി പോലിസ് മേധാവിക്ക് സംസ്ഥാന പോലിസ് മേധാവി ലോക്‌നാഥ് ബെഹ്‌റ നിര്‍ദേശം നല്‍കി. പോലിസ് സൂപ്രണ്ട് സാബു മാത്യു കെ എമ്മിനാണ് ആന്റി ടെററിസ്റ്റ് ഫോഴ്‌സിന്റെ ചുമതല.

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Dont Miss