|    Jun 26 Mon, 2017 3:52 am
FLASH NEWS

പോലിസ് ആസ്ഥാനത്ത് പരിശോധനയ്ക്കിടെ ബൈക്ക് കത്തിനശിച്ചു

Published : 22nd October 2016 | Posted By: SMR

തിരുവനന്തപുരം: പോലിസ് ആസ്ഥാനത്ത് പരിശോധനയ്ക്കിടെ ബൈക്ക് കത്തി. ബൈക്ക് യാത്രക്കാരനും പോലിസുകാരും അത്ഭുതകരമായി രക്ഷപ്പെട്ടു. ഇന്നലെ രാവിലെ പത്തരയോടെയായിരുന്നു സംഭവം. നഗരത്തിലെ ഒരു ടൂവീലര്‍ ഷോറൂമിലെ എക്‌സിക്യുട്ടിവായ വലിയശാല സ്വദേശി വെങ്കിടേഷിന്റെ ബൈക്കാണു കത്തിയത്. പോലിസ് ആസ്ഥാനത്ത് മോട്ടോര്‍ വെഹിക്കിള്‍ വിഭാഗം എസ്പിയെ കാണാന്‍ എത്തിയതാണ് വെങ്കിടേഷ്. പോലിസ് ആസ്ഥാനത്തെ ഗേറ്റില്‍ വാഹനങ്ങള്‍ അകത്തേക്ക് കടത്തി വിടുന്നതിന് തൊട്ടു മുമ്പ് ഗേറ്റില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന പോലിസുകാര്‍ സന്ദര്‍ശകന്റെ പേരും ആഗമനോദ്ദേശവും മനസിലാക്കാനായി വാഹനം നിര്‍ത്താന്‍ ആവശ്യപ്പെട്ടു. ഇതനുസരിച്ച് ബൈക്ക് നിര്‍ത്തി വിവരങ്ങള്‍ കൈമാറിയശേഷം അകത്തേക്ക് പോവാന്‍ സ്റ്റാര്‍ട്ട് ചെയ്തപ്പോഴാണ് പെട്ടെന്ന് തീപടര്‍ന്നത്. സ്റ്റാര്‍ട്ടിങ്ങിനിടെയുണ്ടായ ഷോര്‍ട്ട് സര്‍ക്യൂട്ടാണ് അപകടത്തിനിടയാക്കിയതെന്നാണു നിഗമനം. ബൈക്കിന്റെ സീറ്റും ടാങ്ക് കവറുമുള്‍പ്പെടെ കത്തിയമരുന്നതിനിടെ പോലിസുകാര്‍ ചേര്‍ന്ന് പ്രാഥമിക അഗ്നിശമന ഉപകരണങ്ങളും വെള്ളവും ഉപയോഗിച്ച് ഉടന്‍ തീകെടുത്തിയതിനാല്‍ ദുരന്തം ഒഴിവായി. സംഭവം പോലിസ ്ആസ്ഥാനത്ത് പാര്‍ക്കിങ് ഏരിയയ്ക്ക് പുറത്തായതിനാല്‍ ഉന്നത പോലിസ് ഉദ്യോഗസ്ഥരുടേതുള്‍പ്പെടെ മറ്റ് വാഹനങ്ങള്‍ക്ക് തീപിടിച്ച് വന്‍ദുരന്തമുണ്ടാകാനുള്ള സാധ്യത ഒഴിവായി. സംഭവത്തില്‍ അസ്വാഭാവികതയില്ലെന്ന് മ്യൂസിയം പോലിസ് വെളിപ്പെടുത്തി.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക