|    Dec 18 Tue, 2018 7:13 pm
FLASH NEWS
Home   >  Todays Paper  >  Page 5  >  

പോലിസ് ആസ്ഥാനത്തെ സ്ഥലംമാറ്റം: ഉത്തരവ് നടപ്പാക്കുന്നതില്‍ നിന്നു ഡിജിപി പിന്‍മാറി

Published : 14th May 2017 | Posted By: fsq

തിരുവനന്തപുരം: പോലിസ് ആസ്ഥാനത്തെ സ്ഥലംമാറ്റ ഉത്തരവ് നടപ്പാക്കുന്നതില്‍ നിന്ന് ഡിജിപി സെന്‍കുമാര്‍ പിന്നോട്ട്. സ്ഥലം മാറിയെത്തിയ രണ്ടു ജൂനിയര്‍ സൂപ്രണ്ടുമാരോട് മടങ്ങിപ്പോകാനും തല്‍സ്ഥിതി തുടരാനും ഡിജിപി നിര്‍ദേശിച്ചു. സര്‍ക്കാരുമായി ഇനിയൊരു ഏറ്റുമുട്ടലിനില്ലെന്ന സൂചനയാണ് സെന്‍കുമാര്‍ നല്‍കുന്നത്. നിയമപോരാട്ടത്തിനു ശേഷം പോലിസ് മേധാവിസ്ഥാനത്തേക്ക് മടങ്ങിയെത്തിയ സെന്‍കുമാര്‍, ഡിജിപി ആസ്ഥാനത്തെ രണ്ടു ജൂനിയര്‍ സൂപ്രണ്ടുമാരെ സ്ഥലംമാറ്റിയിരുന്നു. രഹസ്യാന്വേഷണ വിഭാഗമായ ടി ബ്രാഞ്ചില്‍ നിന്ന് സ്ഥലംമാറ്റപ്പെട്ട കുമാരി ബീന, നടപടിക്കെതിരേ മുഖ്യമന്ത്രിക്ക് പരാതിയും നല്‍കി. മുന്‍ പോലിസ് മേധാവി ലോക്‌നാഥ് ബെഹ്‌റയോട് താല്‍പര്യമുള്ള ഉദ്യോഗസ്ഥരുടെ അറിവും അനുമതിയോടെയുമായിരുന്നു ഈ നീക്കം. ഇതോടെയാണ് പോലിസ് ആസ്ഥാനത്തെ ചേരിപ്പോര് വിവാദമാകുന്നത്. സ്ഥലംമാറ്റപ്പെട്ടവര്‍ പോലിസ് ആസ്ഥാനം വിടാന്‍ തയ്യാറായതുമില്ല. പകരമെത്തിയവര്‍ക്ക് കസേര കിട്ടാതായതോടെ തല്‍സ്ഥിതി തുടരാന്‍ സര്‍ക്കാര്‍ നിര്‍ദേശിക്കുകയായിരുന്നു. ഇതോടെയാണ് ഉത്തരവ് ഉടന്‍ നടപ്പാക്കേണ്ടെന്നും സ്ഥലംമാറി വന്നവരോട് തിരികെ പോകണമെന്നും പോലിസ് മേധാവി നിര്‍ദേശിച്ചത്. തന്റെ ഉത്തരവ് അനുസരിക്കാത്ത ബീനക്കെതിരേ അച്ചടക്ക നടപടി സ്വീകരിക്കുക മാത്രമാണ് പോലിസ് മേധാവിക്കു മുന്നിലുള്ള വഴി. എന്നാല്‍, ചുരുങ്ങിയ കാലയളവ് മാത്രമേയുള്ളൂ എന്നതിനാല്‍ സര്‍ക്കാരിനോട് ഏറ്റുമുട്ടല്‍ വേണ്ടെന്ന നിലപാടാണ് സെന്‍കുമാറിന്റേത്. അതേസമയം, സെന്‍കുമാറിനെ കേരള അഡ്മിനിസ്‌ട്രേറ്റീവ് ട്രൈബ്യൂണല്‍ അംഗമാക്കാനുള്ള നടപടികള്‍ക്ക് തടയിടാന്‍ സര്‍ക്കാര്‍ നീക്കം ആരംഭിച്ചു. സെന്‍കുമാര്‍ വിശ്വാസ്യത ഇല്ലാത്ത ഉദ്യോഗസ്ഥനാണെന്നും വീണ്ടും തിരഞ്ഞെടുപ്പ് നടത്തി ഐഎഎസ് ഉദ്യോഗസ്ഥനെ തല്‍സ്ഥാനത്ത് നിയമിക്കണമെന്നും കേന്ദ്രത്തെ അറിയിക്കാനാണ് സര്‍ക്കാരിന്റെ തീരുമാനം. കഴിഞ്ഞ മന്ത്രിസഭാ യോഗം ഇതുസംബന്ധിച്ച തീരുമാനം കൈക്കൊണ്ടതായാണ് വിവരം. അര്‍ധ ജുഡീഷ്യല്‍ സ്വഭാവമുള്ള സമിതിയിലേക്ക് സെന്‍കുമാറിനെയും അഡീ. ചീഫ് സെക്രട്ടറിയായിരുന്ന സോമസുന്ദരത്തെയുമാണ് നേരത്തെ തിരഞ്ഞെടുത്തത്. സെന്‍കുമാര്‍ ഉള്‍പ്പെടുന്ന പാനല്‍ തള്ളി പുതിയ തിരഞ്ഞെടുപ്പ് വേണമെന്ന് പിണറായി സര്‍ക്കാര്‍ ഗവര്‍ണറോട് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍, സെന്‍കുമാറിന്റെ നിയമന ശുപാര്‍ശ അംഗീകരിച്ച ഗവര്‍ണര്‍ സര്‍ക്കാരിന്റെ ആവശ്യം കേന്ദ്രത്തെ അറിയിക്കാന്‍ നിര്‍ദേശിക്കുകയായിരുന്നു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss