|    Oct 19 Thu, 2017 2:46 pm
FLASH NEWS
Home   >  Todays Paper  >  Page 4  >  

പോലിസ് ആസ്ഥാനത്തെ തച്ചങ്കരിയുടെ നിയമനം : നടപടിയെടുക്കാത്തതിന് കാരണം തേടി ഹൈക്കോടതി

Published : 14th July 2017 | Posted By: fsq

 

കൊച്ചി: കോടതിയുടെ നിരന്തര പരാമര്‍ശമുണ്ടായിട്ടും പോലിസ് ആസ്ഥാനത്തെ എഡിജിപി ടോമിന്‍ തച്ചങ്കരിയുടെ നിയമനവുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ നടപടിയെടുക്കാതിരുന്നത് എന്തുകൊണ്ടെന്ന് ഹൈക്കോടതി. ടോമിന്‍ തച്ചങ്കരി ഗതാഗത കമ്മീഷണറായിരിക്കെ യോഗ്യത പരിശോധിക്കാതെ ഉയര്‍ന്ന തസ്തികയില്‍ നിയമനം നല്‍കിയെന്ന് ആരോപിക്കപ്പെടുന്ന കേസ് പരിഗണിക്കവെയാണ് കോടതി സര്‍ക്കാരിനോട് ഇക്കാര്യങ്ങള്‍ ആരാഞ്ഞത്. തന്റെ നിയമനവുമായി ബന്ധപ്പെട്ട് തനിക്കും ടോമിന്‍ തച്ചങ്കരിക്കുമെതിരേ അന്വേഷണം നടത്താനുള്ള തിരുവനന്തപുരം വിജിലന്‍സ് കോടതിയുടെ ഉത്തരവ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് തൃശൂരില്‍ അസിസ്റ്റന്റ് മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടറായ ശ്രീഹരി നല്‍കിയ ഹരജിയാണ് കോടതിയുടെ പരിഗണനയിലുള്ളത്. ഇന്നലെ കേസ് പരിഗണിക്കവെ ത്വരിതാന്വേഷണ റിപോര്‍ട്ട് സമര്‍പ്പിക്കാത്തതില്‍ കോടതി അതൃപ്തി രേഖപ്പെടുത്തി. 10 ദിവസത്തിനകം ഡയറക്ടറുടെ അനുമതിയോടെ ത്വരിതാന്വേഷണ റിപോര്‍ട്ട് സമര്‍പ്പിക്കാന്‍ കോടതി നിര്‍ദേശിച്ചു. തുടര്‍ന്നാണ് കോടതി പരാമര്‍ശങ്ങളുണ്ടായിട്ടും ടോമിന്‍ തച്ചങ്കരിയെ പോലിസ് ആസ്ഥാനത്തു നിന്ന് മാറ്റുന്നത് പരിശോധിക്കാത്ത സര്‍ക്കാര്‍ നടപടിയെ കോടതി വിമര്‍ശിച്ചത്. ക്രമസമാധാനവും വിജിലന്‍സും ഒരാളുടെ ചുമതലയില്‍ വരുന്നത് ശരിയായ രീതിയല്ലെന്നും വിജിലന്‍സിന് പ്രത്യേക ഡയറക്ടറെ നിയമിക്കാത്തത് എന്തുകൊണ്ടെന്നും സിംഗിള്‍ ബെഞ്ച് ആരാഞ്ഞു. ഗതാഗതവകുപ്പിലെ മിനിസ്റ്റീരിയല്‍ ജീവനക്കാരനായിരുന്ന ശ്രീഹരിയെ 2015 ഒക്‌ടോബറിലാണ് എഎംവിഐയായി നിയമിച്ചത്. ഏതായാലും മോട്ടോര്‍ വാഹന വകുപ്പില്‍ ഹരജിക്കാരനെ നിയമിച്ചതുമായി ബന്ധപ്പെട്ട് ഹരജിക്കാരനും ടോമിന്‍ തച്ചങ്കരിക്കുമെതിരേയുള്ള അന്വേഷണം ഒഴിവാക്കാനാവില്ലെന്നു കോടതി വ്യക്തമാക്കി.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക