|    Nov 20 Tue, 2018 4:13 am
FLASH NEWS
Home   >  Todays Paper  >  Page 4  >  

പോലിസ് ആവശ്യപ്പെട്ട ലാപ്‌ടോപ് ബിഷപ് ഹാജരാക്കിയില്ല

Published : 6th November 2018 | Posted By: kasim kzm

കോട്ടയം: കന്യാസ്ത്രീയെ പീഡിപ്പിച്ച കേസില്‍ അന്വേഷണസംഘം ആവശ്യപ്പെട്ട ലാപ്‌ടോപ് ഹാജരാക്കാത്ത സാഹചര്യത്തില്‍ ബിഷപ് ഫ്രാങ്കോ മുളയ്ക്കലിനെതിരേ തെളിവുകള്‍ നശിപ്പിച്ചെന്ന വകുപ്പുകൂടി ചേര്‍ക്കാന്‍ തീരുമാനം. കന്യാസ്ത്രീയെ പീഡിപ്പിച്ച കേസില്‍ തെളിവുകളടങ്ങിയ ലാപ്‌ടോപ് ഈ മാസം 5നു മുമ്പ് ഹാജരാക്കണമെന്നായിരുന്നു അന്വേഷണച്ചുമതലയുള്ള വൈക്കം ഡിവൈഎസ്പി കെ സുഭാഷിന്റെ നോട്ടീസ്.
എന്നാല്‍, അന്വേഷണസംഘം ആവശ്യപ്പെട്ട ലാപ്‌ടോപ് ഏതെന്നു കണ്ടെത്താനായില്ലെന്നാണ് പോലിസിന്റെ നോട്ടീസിന് ഫ്രാങ്കോ നല്‍കിയ മറുപടി. ജലന്ധര്‍ രൂപതയുടെ ഓഫിസിലെ ലാപ്‌ടോപുകള്‍ നേരത്തേ സര്‍വീസ് ചെയ്തിരുന്നു. അന്വേഷണസംഘം ആവശ്യപ്പെട്ട ലാപ്‌ടോപ് ഏതെന്ന് ഇതുവരെ കണ്ടെത്താനായില്ലെന്നും, കിട്ടുന്ന മുറയ്ക്ക് ലാപ്‌ടോപ് ഹാജരാക്കാമെന്നുമാണ് മറുപടിയില്‍ ഫ്രാങ്കോ മുളയ്ക്കല്‍ പറയുന്നത്. ഈ സാഹചര്യത്തിലാണ് ബിഷപ്പിനെതിരേ നിയമ നടപടിയുമായി മുന്നോട്ടുപോവാന്‍ പോലിസ് തീരുമാനിച്ചത്.
ലാപ്‌ടോപ് ഹാജരാക്കിയാല്‍ ഈ വകുപ്പ് ഒഴിവാക്കുമെന്ന് ഡിവൈഎസ്പി കെ സുഭാഷ് പറഞ്ഞു. ലാപ്‌ടോപ് ഹാജരാക്കാന്‍ ബിഷപ്പിന് കര്‍ശന നിര്‍ദേശം നല്‍കിയിരുന്നതായും അദ്ദേഹം വ്യക്തമാക്കി. ഫ്രാങ്കോയെ ചോദ്യം ചെയ്യുന്നതിനായി അന്വേഷണസംഘം ജലന്ധര്‍ രൂപതയില്‍ പോയെങ്കിലും ലാപ്‌ടോപ് കണ്ടെത്താനായിരുന്നില്ല. ബിഷപ്പിന്റെ മൊബൈല്‍ ഫോണ്‍ മാത്രമാണ് പോലിസിന് ലഭിച്ചിരുന്നത്.
2016ല്‍ ഡല്‍ഹിയില്‍ താമസിക്കുന്ന ബന്ധുവായ സ്ത്രീ കന്യാസ്ത്രീക്കെതിരേ നല്‍കിയ പരാതിയില്‍ കന്യാസ്ത്രീക്കെതിരേ അന്വേഷണത്തിന് ഉത്തരവിട്ടിരുന്നതായി ബിഷപ് അന്വേഷണസംഘത്തിന് മൊഴി നല്‍കിയിരുന്നു. അന്വേഷണത്തിന് ഉത്തരവിട്ടതിന്റെ പ്രതികാരമായാണ് കന്യാസ്ത്രീ പീഡന ആരോപണം ഉന്നയിച്ചതെന്നും ബിഷപ് വാദിച്ചിരുന്നു. ഇത് വ്യാജമാണെന്നാണ് തുടരന്വേഷണത്തില്‍ പോലിസിന് ലഭിച്ച വിവരം. ഇതോടെ കന്യാസ്ത്രീക്കെതിരേ അന്വേഷണ ഉത്തരവ് ടൈപ് ചെയ്ത ലാപ്‌ടോപ് ഹാജരാക്കണമെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ ബിഷപ്പിനോട് ആവശ്യപ്പെട്ടു.
കന്യാസ്ത്രീ ബിഷപിനെതിരേ പരാതി നല്‍കിയതിനു ശേഷമാണ് അന്വേഷണ ഉത്തരവ് ടൈപ് ചെയ്തതെന്നാണ് അന്വേഷണ ഉദ്യോഗസ്ഥരുടെ കണക്കുകൂട്ടല്‍. അതേസമയം, ജാമ്യവ്യവസ്ഥയില്‍ നിഷ്‌കര്‍ഷിച്ചിരിക്കുന്നതു പ്രകാരം ബിഷപ് ഫ്രാങ്കോ മുളയ്ക്കല്‍ ഈ മാസം 17ന് അന്വേഷണ ഉദ്യോഗസ്ഥനു മുമ്പാകെ വീണ്ടും ഹാജരാവും.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss