|    Jan 21 Sat, 2017 10:02 am
FLASH NEWS

പോലിസ് അതിക്രമം; കോഴിക്കോട്ട് മാധ്യമപ്രവര്‍ത്തകരെ കസ്റ്റഡിയിലെടുത്ത് മര്‍ദ്ദിച്ചു

Published : 31st July 2016 | Posted By: SMR

കോഴിക്കോട്: മാധ്യമപ്രവര്‍ത്തകര്‍ക്കു കോടതിയിലുള്ള അപ്രഖ്യാപിത വിലക്ക് നീക്കാന്‍ ശ്രമം നടന്നുകൊണ്ടിരിക്കെ കോഴിക്കോട്ട് കോടതിവളപ്പിലും പോലിസ് സ്‌റ്റേഷനിലും മാധ്യമപ്രവര്‍ത്തകര്‍ക്കുനേരെ പോലിസ് അതിക്രമം. രാവിലെ കോടതിവളപ്പില്‍ നിന്ന് അന്യായമായി കസ്റ്റഡിയിലെടുത്തും ഉച്ചയ്ക്കുശേഷം പോലിസ് സ്‌റ്റേഷനില്‍വച്ചുമാണ് കൈയേറ്റമുണ്ടായത്.
സംഭവം വിവാദമായതിനെത്തുടര്‍ന്ന് അതിക്രമത്തിനു നേതൃത്വംനല്‍കിയ ടൗണ്‍ എസ്‌ഐ വിമോദിനെ ആഭ്യന്തരവകുപ്പ് അന്വേഷണവിധേയമായി സസ്‌പെന്‍ഡ് ചെയ്തു. കേരള പത്രപ്രവര്‍ത്തക യൂനിയന്റെ പരാതിയില്‍ എസ്‌ഐക്കെതിരേ രണ്ടു കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. എസ്‌ഐയുടെ ഭാഗത്തുനിന്നുണ്ടായ ഗുരുതര വീഴ്ചകള്‍ ചൂണ്ടിക്കാട്ടി എഡിജിപി ആര്‍ ശ്രീലേഖ തയ്യാറാക്കിയ റിപോര്‍ട്ട് ഡിജിപിക്ക് കൈമാറി.
രാവിലെയാണു നാടകീയ സംഭവങ്ങള്‍ക്കു തുടക്കം. ഐസ്‌ക്രീം പാര്‍ലര്‍ കേസ് റിപോര്‍ട്ട് ചെയ്യാന്‍ കോഴിക്കോട് ഒന്നാംക്ലാസ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയിലെത്തിയ ഏഷ്യാനെറ്റ് ന്യൂസ് ബ്യൂറോ ചീഫ് ബിനുരാജ്, കാമാറാമാന്‍ അഭിലാഷ്, ഡിഎസ്എന്‍ജി  വാന്‍ ഡ്രൈവര്‍ ജയപ്രകാശ് എന്നിവരാണ് പോലിസ് അതിക്രമത്തിനിരയായത്. മാധ്യമപ്രവര്‍ത്തകരെ കോടതിവളപ്പില്‍ പ്രവേശിപ്പിക്കരുതെന്ന് ജില്ലാ ജഡ്ജിയുടെ നിര്‍ദേശമുണ്ടെന്നു പറഞ്ഞായിരുന്നു പോലിസ് നടപടി. ഇത്തരത്തിലൊരു അറിയിപ്പ് തങ്ങള്‍ക്കു ലഭിച്ചില്ലെന്നും ഉത്തരവിന്റെ പകര്‍പ്പ് കാണിക്കണമെന്നും ആവശ്യപ്പെട്ട മാധ്യമപ്രവര്‍ത്തകരെ എസ്‌ഐ വിമോദിന്റെ നേതൃത്വത്തില്‍ കൈയേറ്റംചെയ്യുകയും മോശമായി പെരുമാറുകയും ചെയ്തു. തുടര്‍ന്ന് ബലമായി സ്റ്റേഷനിലേക്കു കൊണ്ടുപോയി. സംഘത്തിന്റെ തല്‍സമയ സംപ്രേഷണ വാനും (ഡിഎസ്എന്‍ജി) പോലിസ് കസ്റ്റഡിയിലെടുത്തു.
എന്നാല്‍, മാധ്യമപ്രവര്‍ത്തകരെ തടയാന്‍ നിര്‍ദേശം നല്‍കിയിട്ടില്ലെന്നും മാവോവാദി നേതാവ് രൂപേഷിനെ കോടതിയില്‍ ഹാജരാക്കുന്നതിനാല്‍ സുരക്ഷ കര്‍ശനമാക്കണമെന്ന് ആവശ്യപ്പെടുക മാത്രമാണു ചെയ്തതെന്നുമാണ് ജില്ലാ ജഡ്ജി ഹൈക്കോടതി രജിസ്ട്രാര്‍ക്കു നല്‍കിയ വിശദീകരണം. രാവിലെ കേസ് പരിഗണിക്കവേ മാധ്യമപ്രവര്‍ത്തകര്‍ കോടതിവളപ്പില്‍ എത്തിയിരുന്നു. എന്നാല്‍ ആരും കോടതിക്കകത്ത് പ്രവേശിച്ചിരുന്നില്ല. അഭിഭാഷകര്‍ അടക്കം മാധ്യമപ്രവര്‍ത്തകരെ തടയുകയോ പ്രതിഷേധവുമായി രംഗത്തെത്തുകയോ ചെയ്തിരുന്നില്ല. എന്നാല്‍ സ്ഥലത്തെത്തിയ പോലിസ് യാതൊരു പ്രകോപനവുമില്ലാതെ മാധ്യമപ്രവര്‍ത്തകരെ കസ്റ്റഡിയിലെടുക്കുകയായിരുന്നു.
എസ്‌ഐക്കെതിരേ നടപടിയാവശ്യപ്പെട്ട് മാധ്യമപ്രവര്‍ത്തകര്‍ സിറ്റി പോലിസ് കമ്മീഷണര്‍ ഓഫിസിലേക്ക് മാര്‍ച്ച് നടത്തി. അന്വേഷിച്ച് വൈകീട്ടോടെ നടപടിയെടുക്കാമെന്ന് കമ്മീഷണര്‍ ഉമാ ബെഹ്‌റ ഉറപ്പുനല്‍കിയെങ്കിലും ഉടന്‍ നടപടി വേണമെന്ന ആവശ്യത്തില്‍ മാധ്യമപ്രവര്‍ത്തകര്‍ ഉറച്ചുനിന്നു. മാധ്യമപ്രവര്‍ത്തകര്‍ക്ക് പിന്തുണയുമായി എ പ്രദീപ്കുമാര്‍ എംഎല്‍എയും വിവിധ രാഷ്ട്രീയപ്പാര്‍ട്ടി പ്രതിനിധികളും രംഗത്തെത്തി. എംഎല്‍എയുടെ നേതൃത്വത്തില്‍ നടത്തിയ ചര്‍ച്ചയ്‌ക്കൊടുവില്‍ എസ്‌ഐ വിമോദിനെ താല്‍ക്കാലികമായി സ്ഥാനത്തുനിന്ന് മാറ്റിനിര്‍ത്തുമെന്നും അന്വേഷിച്ച് കൂടുതല്‍ നടപടിയെടുക്കാമെന്നും സിറ്റി പോലിസ് കമ്മീഷണര്‍ പ്രഖ്യാപിച്ചു.
തുടര്‍ന്ന് ഉച്ചയോടെ തല്‍സമയ പ്രക്ഷേപണ വാഹനം തിരിച്ചെടുക്കാന്‍ ടൗണ്‍ പോലിസ് സ്‌റ്റേഷനിലെത്തിയ ഏഷ്യാനെറ്റ് ന്യൂസ് സംഘത്തെ വീണ്ടും എസ്‌ഐ വിമോദിന്റെ നേതൃത്വത്തില്‍ ആക്രമിക്കുകയായിരുന്നു. രാവിലെ നടന്ന സംഭവങ്ങള്‍ പോലിസിന്റെ പിഴവുകൊണ്ട് സംഭവിച്ചതാണെന്നും കേസെടുക്കില്ലെന്നും ടൗണ്‍  സിഐ പ്രമോദ് അറിയിച്ചതോടെയാണ് ഉച്ചയ്ക്കുശേഷം ഇവര്‍ വാഹനം തിരിച്ചെടുക്കാനെത്തിയത്. എന്നാല്‍, മുതിര്‍ന്ന ഉദ്യോഗസ്ഥരുടെ അനുമതിയില്ലാതെ വാഹനം കൊണ്ടുപോവാനാവില്ലെന്നായിരുന്നു പോലിസ് നിലപാട്.
തുടര്‍ന്ന് മാധ്യമസംഘത്തെ എസ്‌ഐയുടെ നേതൃത്വത്തില്‍ വലിച്ചിഴച്ച് കൊണ്ടുപോയി സ്‌റ്റേഷന്റെ മുന്‍വാതില്‍ അകത്തുനിന്നു പൂട്ടി. ഡ്രൈവര്‍ ജയപ്രകാശിന്റെ നാഭിക്ക് ചവിട്ടിയ എസ്‌ഐ പോലിസിന് എന്തുചെയ്യാന്‍ കഴിയുമെന്നു കാണിച്ചുതരാമെന്നു ഭീഷണിപ്പെടുത്തി. സ്ഥലത്തെത്തിയ മീഡിയാവണ്‍ റിപോര്‍ട്ടര്‍ ജയേഷിനെയും സ്‌റ്റേഷനകത്തേക്ക് വലിച്ചുകയറ്റി മര്‍ദ്ദിച്ചു. സംഭവമറിഞ്ഞ് കൂടുതല്‍ മാധ്യമപ്രവര്‍ത്തകരും വിവിധ രാഷ്ട്രീയപ്പാര്‍ട്ടി നേതാക്കളും സ്‌റ്റേഷനിലെത്തി പ്രതിഷേധിച്ചു. ചര്‍ച്ചയ്‌ക്കൊടുവില്‍ എസ്‌ഐ വിമോദിനെ സസ്‌പെന്‍ഡ് ചെയ്തതായും എസ്‌ഐക്കെതിരേ കേസെടുത്തതായും പോലിസ് കമ്മീഷണര്‍ അറിയിച്ചതിനെ തുടര്‍ന്നാണു മാധ്യമപ്രവര്‍ത്തകര്‍ പിരിഞ്ഞുപോയത്.
അതേസമയം, താന്‍ ചെയ്തത് 100 ശതമാനം ശരിയാണെന്ന് എസ്‌ഐ വിമോദ് അന്വേഷണ ഉദ്യോഗസ്ഥനു മൊഴിനല്‍കി. കോടതിയുടെ നിര്‍ദേശത്തോടെയാണു പ്രവര്‍ത്തിച്ചത്. നയപരമായ നിലപാട് സ്വീകരിച്ചില്ലെന്നതു മാത്രമാണ് വീഴ്ചയായി മനസ്സിലാക്കുന്നത്. തന്നെ സ്‌റ്റേഷന്‍ ചുമതലയില്‍ നിന്നു മാറ്റിയ ഉത്തരവ് രേഖാമൂലം ലഭിച്ചിട്ടില്ലെന്നും വിമോദ് പറഞ്ഞു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 25 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക