|    May 26 Sat, 2018 4:20 am
Home   >  Editpage  >  Middlepiece  >  

പോലിസ്‌രാജ് ബഹുമതികളോടെ തിരിച്ചെത്തി

Published : 24th December 2016 | Posted By: SMR

slug-madhyamargamഅടിയന്തരാവസ്ഥയുടെ ഭീകരകാലം ഇനിയൊരിക്കലും തിരിച്ചുവരില്ലെന്നായിരുന്നു ജനാധിപത്യവിശ്വാസികളായ കേരളീയര്‍ കരുതിയത്. ജനാധിപത്യത്തില്‍ വിശ്വാസമര്‍പ്പിക്കാത്ത ചിലര്‍ മാത്രമാണ് അതൊരു സുവര്‍ണകാലമായി ഇപ്പോഴും കാണുന്നത്. അടിയന്തരാവസ്ഥയുടെ സുഖം ആവോളം അനുഭവിച്ച സിപിഐ ആകട്ടെ തെറ്റുതിരുത്തി ഭീകരകാലത്തെ ഇന്ന് നഖശിഖാന്തം എതിര്‍ക്കുകയും ചെയ്യുന്നു. അടിയന്തരാവസ്ഥയില്‍ അങ്ങുമിങ്ങും ഇല്ലാത്ത മട്ടില്‍ മൗനം അവലംബിച്ച പ്രതിഭാശാലികളായ സാഹിത്യകാരന്‍മാര്‍, കവികള്‍, കലാകാരന്മാര്‍, സാംസ്‌കാരിക നായകന്‍മാര്‍ എന്നിവരില്‍ പലരും ജീവിച്ചിരിക്കുന്നില്ല. ഉള്ളവരാവട്ടെ ‘അടി’ എന്നു കേട്ടാല്‍ ഇപ്പോള്‍ ഉറഞ്ഞുതുള്ളുന്ന ശീലക്കാരുമാണ്.
അടിയന്തരാവസ്ഥയില്‍ കൊടിയ മര്‍ദനങ്ങള്‍ ഏറ്റുവാങ്ങിയ പാര്‍ട്ടിയാണ് ഇടതുപക്ഷ മേല്‍വിലാസമുള്ള സിപിഎം. ഇങ്ങനെയൊരു ‘മനുഷ്യപ്പറ്റുള്ള’ പ്രസ്ഥാനം അധികാരത്തിലിരിക്കുമ്പോള്‍ അടിയന്തരാവസ്ഥക്കാലം തിരിച്ചുവരുമെന്നു തലയ്ക്ക് വെളിവുള്ള ആരും സ്വപ്‌നത്തില്‍പോലും വിചാരിച്ചതല്ല. അക്കാലത്ത് ജയിലില്‍ ഗോതമ്പ് ഉണ്ട ഭക്ഷിച്ച സഖാവ് പിണറായി വിജയന്‍ മുഖ്യമന്ത്രിക്കസേരയില്‍ ഇരിക്കുമ്പോള്‍ ഇങ്ങനെ സംഭവിക്കുമെന്ന് രാജ്യത്തെ ഒരു രാഷ്ട്രീയപ്പാര്‍ട്ടികളും നിനച്ചിരുന്നില്ല.  എന്നാല്‍, 41 വര്‍ഷത്തിനുശേഷം സാക്ഷരതയുടെ നൂറുമേനി വിളയുന്ന, പുരോഗമന ജനാധിപത്യപ്രസ്ഥാനങ്ങള്‍ക്ക് ആഴത്തില്‍ അടിവേരുകളുള്ള കേരളത്തില്‍ അടിയന്തരാവസ്ഥക്കാലം തിരിച്ചെത്തി. നോട്ട് പ്രതിസന്ധിയിലൂടെ സാമാന്യ ജനങ്ങള്‍ നരകയാതന അനുഭവിക്കുമ്പോഴാണ് പോലിസ്‌രാജ് ഭരണം ഇവിടെ തകര്‍ക്കുന്നത്. എല്ലാം അടിച്ചമര്‍ത്തുക എന്ന ഏകാധിപത്യസ്വഭാവമുള്ള പോലിസ് ഭീകരതയാണിത്. കാക്കിക്കുള്ളിലെ കാപാലികന്‍മാര്‍ അഴിഞ്ഞാടുന്നു. അഭിപ്രായം പറയുന്നവരെ കരിനിയമങ്ങള്‍ ചാര്‍ത്തി കള്ളക്കേസുകളില്‍ കുടുക്കി അറസ്റ്റ് ചെയ്ത് ജയിലിലടയ്ക്കുന്നു. കേരളത്തില്‍ അടിയന്തരാവസ്ഥയെപ്പോലും നാണിപ്പിക്കുന്നതരത്തില്‍ പോലിസ് വേട്ടയാണ് നടക്കുന്നതെന്നു നിഷ്പക്ഷമതികള്‍പോലും വിലയിരുത്തുന്നു. ഇടതുപക്ഷം അധികാരത്തില്‍ കയറിയാല്‍ എല്ലാം ശരിയാക്കുമെന്ന പ്രഖ്യാപനം ജനങ്ങള്‍ക്ക് ശരിയായി മനസ്സിലായത് ഇപ്പോഴാണ്. ശരിയാക്കല്‍ റോക്കറ്റ് വേഗത്തില്‍ നടപ്പാക്കാന്‍ പോലിസ് മേധാവികള്‍ ഓവര്‍ടൈം പണിയെടുത്തുകൊണ്ടിരിക്കുകയാണ്. പോലിസിന്റെ ജനകീയ മുഖം മാറ്റിയെന്നാണ് ഈ ശരിയാക്കലിന്റെ അടിസ്ഥാനപരമായ കാര്യം. ആരോടും ചോദിക്കേണ്ടതില്ല, ആരോടും ഉത്തരം പറയേണ്ടതില്ല, ആരെയും പിടിക്കാം, കൊല്ലാം, കേസെടുക്കാം, മര്‍ദിക്കാം എന്ന സ്ഥിതിയിലേക്ക് പോലിസ് ഭരണം നീങ്ങിക്കൊണ്ടിരിക്കുന്നു. ആഭ്യന്തരവകുപ്പും അത് കൈയാളുന്ന മുഖ്യമന്ത്രിയും പോലിസിനെ സര്‍വ സ്വതന്ത്രരായി വിട്ടിരിക്കുകയുമാണ്.
ഭരണപക്ഷത്തിന്റെ തെറ്റുകുറ്റങ്ങള്‍ ചൂണ്ടിക്കാട്ടി പ്രതികരിക്കാനും പ്രക്ഷോഭം നടത്താനും ബാധ്യതപ്പെട്ടവരാണ് പ്രതിപക്ഷം എന്നാണ് ഏവരും കരുതിയത്. കേരളത്തിലെ ഇപ്പോഴത്തെ പോലിസ്‌രാജിനെ പ്രതിപക്ഷം പൂര്‍ണമായും പിന്തുണയ്ക്കുകയാണ്. കേന്ദ്രം ഭരിക്കുന്ന ബിജെപിയും സംഘപരിവാരവും പോലിസ്‌രാജിനെ നിരന്തരം പ്രോല്‍സാഹിപ്പിച്ചുകൊണ്ടിരിക്കുന്നു. പ്രതിപക്ഷം അവരുടെ ധര്‍മം വിസ്മരിക്കുമ്പോള്‍, സംസ്ഥാനത്തെ പോലിസിന് ജനങ്ങളെ അടിച്ചൊതുക്കാന്‍ സുവര്‍ണാവസരം ലഭിക്കുന്നു. ഭരണത്തിലെ രണ്ടാം ഘടകകക്ഷിയായ സിപിഐയുടെ വക ഇടയ്ക്കിടെ ചില കൊട്ടുകളും അവരുടെ മുഖപത്രത്തിലെ എഡിറ്റോറിയലുകളും കേള്‍ക്കുന്നതാണ് ആകെയുള്ള ഒരു സമാധാനം. വല്ലപ്പോഴും സഖാവ് വിഎസ് പുറപ്പെടുവിക്കുന്ന അളന്നുതൂക്കിയുള്ള പ്രസ്താവനകളും അല്‍പം ആശ്വാസം നല്‍കുന്നു. പോലിസ്‌രാജ് നടപ്പാക്കുമ്പോഴുള്ള കൊലപാതകങ്ങളും മര്‍ദനങ്ങളും കേസുകളും മാധ്യമങ്ങളില്‍ നിറയുന്നത് ആര്‍ക്കും പ്രശ്‌നമല്ലാതായി. നിലമ്പൂരിലെ വനത്തില്‍ രണ്ടു മാവോവാദികളെ കൊലപ്പെടുത്തിയതോടെ ഇടതുപക്ഷ പോലിസിന്റെ ക്രൂരമുഖം അനാവരണം ചെയ്യപ്പെട്ടു.
അതിന്റെ പേരില്‍ എത്രയെത്ര നിരപരാധികള്‍ ക്രൂശിക്കപ്പെട്ടു. മനുഷ്യാവകാശം എന്നു കേട്ടാല്‍ പോലിസിന്റെ ഇരകളായി. കമ്മ്യൂണിസ്റ്റ് പ്രസ്ഥാനം ഐതിഹാസിക സമരങ്ങള്‍ നടത്തിയ ചരിത്രപ്രസിദ്ധമായ കോഴിക്കോട്ടാണ് പോലിസ്‌രാജ് വിജയകരമായി നടപ്പാക്കിവരുന്നതെന്നതാണു ശ്രദ്ധേയം. ഇക്കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ ഇടതുപക്ഷത്തിനു മൃഗീയ ഭൂരിപക്ഷം നല്‍കിയ ജില്ല എന്ന നിലയില്‍ ഇവിടെ തന്നെയാണ് പോലിസ്‌രാജ് വിപ്ലവം നടക്കേണ്ടത്.
രാഷ്ട്രീയവിരോധമുള്ളവര്‍ക്കു നേരെയും യുഎപിഎ ചുമത്തി രസിക്കുകയാണ് പോലിസ് ഉദ്യോഗസ്ഥന്‍മാര്‍. എന്താണ് ഈ കരിനിയമം എന്നുപോലും വ്യക്തമായി അറിയാത്തവര്‍ക്ക് ആരുടെ പേരിലും ഇത് ചാര്‍ത്താന്‍ ഒരു മടിയുമില്ല.
രാജ്യത്തിന്റെ ഐക്യത്തിനും അഖണ്ഡതയ്ക്കും വിഘാതമുണ്ടാക്കുകയും പരമാധികാരത്തെ ചോദ്യം ചെയ്യുകയും ചെയ്യുന്ന പ്രവര്‍ത്തനങ്ങള്‍ തടയുന്നതിനാണു യുഎപിഎ നിയമം കൊണ്ടുവന്നത്. 1969ല്‍ ഉണ്ടാക്കിയ ഈ നിയമത്തില്‍ അഞ്ചു തവണയെങ്കിലും ഭേദഗതി കൊണ്ടുവന്നിട്ടുണ്ട്. പൊതുപ്രവര്‍ത്തകരുടെ മേല്‍ നിയമം ചുമത്തുന്ന പോലിസ് മേധാവികള്‍ ഭേദഗതികള്‍ വായിച്ചിട്ടില്ലെന്നു കൂടി മനസ്സിലാക്കണം. കേരളത്തിലൊഴികെ രാജ്യവ്യാപകമായി ഇത്തരം കരിനിയമങ്ങള്‍ക്കെതിരേ പുരപ്പുറത്ത് കയറി ബഹളം കൂട്ടുന്ന ഇടതുപക്ഷം ഇവിടെ യുഎപിഎ വിപ്ലവമന്ത്രമായി അംഗീകരിക്കുന്നതായി തോന്നുന്നു.
അടിയന്തരാവസ്ഥക്കാലം അധികം നീണ്ടുനിന്നിട്ടില്ല. ആ കറുത്ത കാലത്തിന്റെ അവകാശികള്‍ക്ക് ഇന്ത്യന്‍ ജനത കനത്ത ശിക്ഷയാണു നല്‍കിയത്. ആ അനുഭവം കേരളത്തിലെ ഇടതുപക്ഷത്തിനും ഉണ്ടാവുമെന്നുറപ്പാണ്. കാലം സത്യമാണ്.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss