|    Dec 13 Thu, 2018 6:04 am
FLASH NEWS
Home   >  Editpage  >  Lead Article  >  

പോലിസ്‌രാജില്‍ മുങ്ങിയ പ്രതിച്ഛായ

Published : 27th May 2018 | Posted By: kasim kzm

രാഷ്ട്രീയ കേരളം –  എച്ച് സുധീര്‍
എല്ലാം ശരിയാക്കാമെന്നു പറഞ്ഞ് പിണറായി സര്‍ക്കാര്‍ അധികാരത്തിലെത്തിയിട്ട് രണ്ടു വര്‍ഷം തികഞ്ഞിരിക്കുന്നു. നേതാക്കന്‍മാരും അണികളും പതിവുപോലെ സര്‍ക്കാരിന്റെ നേട്ടങ്ങള്‍ വിശദീകരിക്കുന്ന തിരക്കിലാണ്. വീടുകള്‍ കയറിയിറങ്ങിയാണ് ഭരണനേട്ടം പങ്കുവയ്ക്കുന്നത്. സര്‍ക്കാരിന്റെ 101 കോട്ടങ്ങള്‍ അക്കമിട്ടുനിരത്തി പ്രതിപക്ഷത്തിന്റെ കുറ്റപത്രവും പിന്നാലെയുണ്ട്.
സമാധാനവും ജനക്ഷേമവും വികസനവും ഉറപ്പുവരുത്തിയുള്ള മുന്നേറ്റമാണ് പിണറായി സര്‍ക്കാരിന്റെ ലക്ഷ്യം. ഹ്രസ്വകാല അടിസ്ഥാനത്തില്‍ ജനങ്ങളുടെ അടിയന്തര പ്രശ്‌നങ്ങളില്‍ ആശ്വാസം പകരുകയും ദീര്‍ഘകാല അടിസ്ഥാനത്തില്‍ അവരുടെ ക്ഷേമത്തിനും നാടിന്റെ വികസനത്തിനും വേണ്ട ഭാവനാപൂര്‍ണമായ പദ്ധതികള്‍ നടപ്പാക്കുകയും ചെയ്യുന്ന ദ്വിമുഖരീതിയാണ് സര്‍ക്കാര്‍ മുമ്പോട്ടുകൊണ്ടുപോവുന്നതെന്നാണ് ഭാഷ്യം. ഈ ലക്ഷ്യം ഫലം കാണുന്നുണ്ടെന്നാണ് രണ്ടു വര്‍ഷത്തെ സര്‍ക്കാര്‍ പ്രവര്‍ത്തനത്തെക്കുറിച്ച് മുഖ്യമന്ത്രി പറയുന്നത്. ഒപ്പം അധികാരവും അഴിമതിയും അനാശാസ്യവും ഇല്ലാതാക്കുന്ന രാഷ്ട്രീയസംസ്‌കാരം, തടസ്സപ്പെട്ടുകിടന്നിരുന്ന അടിസ്ഥാനസൗകര്യ വികസനം അടക്കമുള്ള പൊതുവികസന പ്രവര്‍ത്തനങ്ങള്‍ മുന്നോട്ടുകൊണ്ടുപോവല്‍, സാമൂഹികക്ഷേമ മേഖലയില്‍ ശ്രദ്ധ ചെലുത്തി സമൂഹത്തിലെ അടിസ്ഥാനവര്‍ഗത്തിന് പ്രയോജനകരമാവുന്ന തരത്തിലുള്ള തീരുമാനങ്ങളെടുക്കല്‍…
ആനുകാലിക സംഭവവികാസങ്ങള്‍ മാത്രമെടുത്ത് പരിശോധിച്ചാല്‍ സമാധാനവും ജനക്ഷേമവും വികസനവും ഉറപ്പുവരുത്തിയുള്ള മുന്നേറ്റം ഇന്നു കേരളത്തില്‍ കാണാനാവുമോ എന്നത് സാധാരണക്കാരന്റെ ഉള്ളിന്റെയുള്ളില്‍ നിഴലിച്ചുനില്‍ക്കുന്ന ചോദ്യമാണ്. എത്രയേറെ കൊട്ടിഘോഷിച്ചാലും പോലിസ്‌രാജ് നല്‍കിയ പ്രതിച്ഛായ ജനമനസ്സില്‍ നിന്ന് ഇല്ലാതാക്കാന്‍ പിണറായി സര്‍ക്കാരിനോ സിപിഎം നേതൃത്വം നല്‍കുന്ന എല്‍ഡിഎഫ് നേതൃത്വത്തിനോ കഴിയുമെന്നു തോന്നുന്നില്ല. കാരണം മറ്റൊന്നുമല്ല. ഈ സര്‍ക്കാരിന്റെ കാലത്ത് പോലിസിന്റെ കിരാതമുറകള്‍ക്ക് ഇരയായതില്‍ ഏറിയപങ്കും സാധാരണക്കാരായ ജനവിഭാഗമാണ്. നാടൊട്ടുക്ക് വികസനങ്ങള്‍ വന്നാലും വാനോളം പദ്ധതികള്‍ ആവിഷ്‌കരിച്ചാലും ശരി, ക്രമസമാധാനപാലനത്തില്‍ പാളിച്ച നേരിട്ടാല്‍ ഭരണാധികാരികളില്‍ നിന്ന് ജനങ്ങള്‍ അകലുമെന്നതില്‍ സംശയമില്ല. ജനകീയ സര്‍ക്കാരെന്ന് അവകാശം ഉന്നയിക്കുന്നവരുടെ ഭാഗത്തു നിന്ന് ആദ്യമുണ്ടാവേണ്ടത് നാട്ടിലെ ജനങ്ങള്‍ക്കു ഭയമില്ലാതെ ജീവിക്കാനും നീതി ലഭിക്കാനുമുള്ള സാഹചര്യമാണ്. വികസനത്തിന്റെ പിന്നാലെ മാത്രം പോയാല്‍ താല്‍ക്കാലിക ആശ്വാസം ലഭിക്കുമെന്നല്ലാതെ സ്ഥായിയായ ജനപിന്തുണ നേടിയെടുക്കാന്‍ കഴിയില്ലെന്ന വസ്തുത കാലം തെളിയിച്ചതാണ്.
മൃദുഭാവെ, ദൃഢകൃത്യേ… കേരള പോലിസിന്റെ ഇപ്പോഴത്തെ ആപ്തവാക്യമാണിത്. മൃദുവായ പെരുമാറ്റം, ദൃഢമായ കര്‍മങ്ങള്‍ എന്നര്‍ഥം. മൃദുവായ പെരുമാറ്റം അറിയില്ലെങ്കിലും ദൃഢമായ കര്‍മങ്ങള്‍ക്ക് കേരള പോലിസ് മുന്‍പന്തിയില്‍ തന്നെയുണ്ടെന്നത് നിസ്സംശയം പറയാം. മുത്തങ്ങയിലും ബീമാപള്ളിയിലും പ്ലാച്ചിമടയിലും ജനകീയസമരങ്ങളെ നേരിട്ട വിധം മുതല്‍ കുറ്റാരോപിതനായ ഉദയകുമാറിനെ ഉരുട്ടിക്കൊലപ്പെടുത്തിയതും ദൃഢകര്‍മശാലികളായ കേരള പോലിസ് തന്നെയാണ്. ഇനിയും പിന്നിലേക്കു പോയാല്‍ എണ്ണമിട്ട് എഴുതിയാല്‍ തീരാത്ത അത്ര കേസുകളുണ്ടാവും. കേരളമിന്ന് ഏറെ ചര്‍ച്ച ചെയ്യപ്പെട്ടുകൊണ്ടിരിക്കുന്ന ഫസല്‍ വധക്കേസിലെ പ്രതികളെ സംരക്ഷിക്കാന്‍ അന്നത്തെ ആഭ്യന്തരമന്ത്രിയായിരുന്ന കോടിയേരി ബാലകൃഷ്ണന്‍ ഇടപെട്ടുവെന്ന് അന്വേഷണ സംഘത്തിലുണ്ടായിരുന്ന മുന്‍ ഡിവൈഎസ്പി കെ രാധാകൃഷ്ണന്‍ അടുത്തിടെ വെളിപ്പെടുത്തിയിരുന്നു. പ്രതികള്‍ സിപിഎമ്മുകാരാണെന്ന് തിരിച്ചറിയുന്ന ഘട്ടമെത്തിയപ്പോള്‍ അന്വേഷണം നിര്‍ത്തിവയ്ക്കാന്‍ കോടിയേരി ആവശ്യപ്പെട്ടുവെന്ന നിര്‍ണായക വെളിപ്പെടുത്തലാണ് അദ്ദേഹം നടത്തിയത്. അന്ന് പോലിസില്‍ ഭരണസ്വാധീനം ചെലുത്തിയ അതേ കോടിയേരിയാണ് ഇന്നു സംസ്ഥാനം ഭരിക്കുന്ന പാര്‍ട്ടിയുടെ സെക്രട്ടറിപദം അലങ്കരിക്കുന്നത്. മൂന്നാം വര്‍ഷത്തിലേക്ക് സര്‍ക്കാര്‍ കാലെടുത്തുവയ്ക്കുമ്പോള്‍ പ്രതിച്ഛായക്ക് ഏറ്റവും വലിയ കളങ്കമായിത്തീര്‍ന്നിട്ടുള്ളതും മുഖ്യന്റെ കൈവശമുള്ള ആഭ്യന്തരവകുപ്പ് തന്നെയാണെന്ന് നിസ്സംശയം പറയാം. പോലിസിനെ പൂര്‍ണമായും രാഷ്ട്രീയവല്‍ക്കരിച്ച് ഇടപെടലുകള്‍ നടത്തുന്നതാണ് ഇതിലേറ്റവും അപകടകരമായത്. ജനകീയ പോലിസ് ആവണമെന്ന് ആവര്‍ത്തിക്കുമ്പോഴും ജനകീയ സമരങ്ങള്‍ക്കും സാധാരണക്കാരനും നേരെയുള്ള പോലിസിന്റെ അതിക്രമങ്ങളും ക്രൂരതകളും ദിനംപ്രതി വര്‍ധിച്ചുവരുകയാണ്.
വരാപ്പുഴയിലെ ശ്രീജിത്തിന്റെ കസ്റ്റഡിമരണം പോലിസ് ക്രൂരതയുടെ ഏറ്റവുമൊടുവിലത്തെ ഉദാഹരണമാണ്. ഈ വിഷയം സമൂഹമൊന്നടങ്കം ചര്‍ച്ച ചെയ്തതോടെ നിരവധി ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകളാണ് പോലിസിനെതിരേ ഉയര്‍ന്നുവന്നത്. പരാതിക്കാരുടെ എണ്ണം വര്‍ധിച്ചതോടെ പോലിസിലെ ക്രിമിനലുകളുടെ പൊയ്മുഖം ഒന്നാകെ അഴിഞ്ഞുവീഴുകയും ചെയ്തു. ശ്രീജിത്തിന്റെ കേസിലെത്തുമ്പോള്‍ രാഷ്ട്രീയകുപ്പായമണിഞ്ഞ പോലിസിനെയാണ് കാണാനാവുക. പോലിസും രാഷ്ട്രീയ നേതൃത്വവും തമ്മിലുള്ള അവിശുദ്ധ കൂട്ടുകെട്ടാണ് ഈ ചെറുപ്പക്കാരന്റെ ക്രൂരമായ കൊലപാതകത്തിനു കാരണമായത്. ശ്രീജിത്തിന്റെ പോസ്റ്റ്‌മോര്‍ട്ടം റിപോര്‍ട്ടിലെ കണ്ടെത്തലുകള്‍ ഞെട്ടിക്കുന്നതാണ്. ദേഹമാകെ ചതവുകള്‍; മര്‍ദനം മൂലമുണ്ടായ പരിക്കുകളും നിരവധി. ചെറുകുടല്‍ മുറിഞ്ഞ് വിട്ടുപോവാറായ നിലയിലായിരുന്നു. ജനനേന്ദ്രിയത്തിനും ഗുരുതരമായി പരിക്കേറ്റ് രക്തം കട്ടപിടിച്ചിരുന്നു. അടിവയറ്റിലും ശക്തമായ ക്ഷതമേറ്റു. വൃക്കകളുടെ പ്രവര്‍ത്തനം പോലും തകരാറിലായി. നിരായുധനായ ഒരു യുവാവിനെ ജീവനോടെ ഇഞ്ചിഞ്ചായി പോലിസിലെ ചെന്നായ്ക്കള്‍ കടിച്ചുകീറിയെന്നു വേണം ഇതിലൂടെ അനുമാനിക്കാന്‍.
അട്ടപ്പാടിയില്‍ കഴിഞ്ഞദിവസം കൂട്ടമാനഭംഗത്തിന് ഇരയായ 12കാരിയെക്കുറിച്ച് അന്വേഷണ ഉദ്യോഗസ്ഥന്‍ പരാതിയുമായെത്തിയ ബന്ധുക്കളോട് പറഞ്ഞ വാക്കുകളും കേരളം കേള്‍ക്കേണ്ടതാണ്. പുറത്തുള്ള കുട്ടികള്‍ പത്താം ക്ലാസില്‍ എ പ്ലസ് വാങ്ങി ജോലി നേടിയശേഷമാണ് പ്രണയിക്കുന്നതത്രേ. എന്നാല്‍, ആദിവാസി പെണ്‍കുട്ടികള്‍ അങ്ങനെയല്ല. അവര്‍ ചെറുപ്പത്തിലേ തന്റെ പാര്‍ട്ണറെ കണ്ടെത്തി അത്തരം കാര്യങ്ങള്‍ക്കു പോവുകയാണ്. അതാണ് ഇവിടെയും സംഭവിച്ചത്. 12 വയസ്സായ ഈ കുട്ടിക്ക് കാഴ്ചയില്‍ 16-17 വയസ്സ് തോന്നിക്കും. അവള്‍ക്കിപ്പോള്‍ യാതൊരു പ്രശ്‌നവുമില്ല. ആരോഗ്യവതിയാണെന്നും ഉദ്യോഗസ്ഥന്‍ പറഞ്ഞുവെന്നാണ് ബന്ധുക്കള്‍ വ്യക്തമാക്കിയത്. ഇരയോട് അല്ലെങ്കില്‍ ഇരയെക്കുറിച്ച് സര്‍ക്കാരിന്റെ ശമ്പളം കൈപ്പറ്റുന്ന ഉദ്യോഗസ്ഥര്‍ പറയേണ്ടത് ഇങ്ങനെയോണോ?
ജനസേവകരാവേണ്ട പോലിസുകാര്‍ എത്ര നീചമായാണ് ചിന്തിക്കുകയും പ്രവര്‍ത്തിക്കുകയും ചെയ്യുന്നതെന്നതിന് ഇതിലും വലിയ ഉദാഹരണത്തിന്റെ ആവശ്യമില്ല. സംഭവത്തില്‍ ഇപ്പോള്‍ കസ്റ്റഡിയില്‍ എടുത്തിരിക്കുന്നതാവട്ടെ, ആദിവാസി യുവാക്കളെയാണ്. ഭക്ഷണം മോഷ്ടിച്ചതിന്റെ പേരില്‍ മധുവെന്ന ആദിവാസി യുവാവ് കൊല്ലപ്പെട്ട അട്ടപ്പാടി തന്നെയാണിത്. സര്‍ക്കാരിന്റെ ജനക്ഷേമപ്രവര്‍ത്തനവും ജനമൈത്രി പോലിസും ഇങ്ങനെയാണെന്നു സാധാരണക്കാര്‍ മനസ്സിലാക്കിത്തുടങ്ങിയിട്ടുണ്ട്. ഈ അവിശ്വാസം വളര്‍ന്നുതുടങ്ങിയാല്‍ സിപിഎം ഭരണത്തിലുള്ള സ്ഥാപനങ്ങളിലുള്ളവരും ഉച്ഛിഷ്ടം ഭക്ഷിക്കുന്നവരും മാത്രമേ വരുംനാളുകളില്‍ പാര്‍ട്ടിയുടെ കൊടിപിടിക്കാന്‍ കാണുകയുള്ളൂ. ഇത്തരക്കാര്‍ ഉപജീവനമാര്‍ഗമായി മാത്രമാണ് പാര്‍ട്ടിയെ കാണുന്നതെന്നതും ശ്രദ്ധേയമാണ്.                                                 ി

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss