|    Dec 19 Wed, 2018 6:56 pm
FLASH NEWS
Home   >  Todays Paper  >  Page 4  >  

പോലിസുകാര്‍ പൊതുജനങ്ങളോട് മാന്യമായി പെരുമാറുന്നുണ്ടെന്ന് ഡിജിപി ഉറപ്പാക്കണം

Published : 23rd November 2018 | Posted By: kasim kzm

കൊച്ചി: പോലിസില്‍ മേലറ്റം മുതല്‍ താഴേയറ്റം വരെയുള്ള ഉദ്യോഗസ്ഥര്‍ പൊതുജനങ്ങളോട് മാന്യമായി പെരുമാറുന്നുണ്ടെന്ന് ഡിജിപി ഉറപ്പാക്കണമെന്ന് ഹൈക്കോടതി ഉത്തരവിട്ടു. ഏതെങ്കിലുമൊരു പോലി സുകാരന്‍ മോശമായി പെരുമാറിയാല്‍ പോലും പൊതുജനങ്ങള്‍ വിശ്വാസമര്‍പ്പിച്ച രാജ്യത്തെ പോലിസ് സംവിധാനത്തെ അതു പ്രതികൂലമായി ബാധിക്കുമെന്നും ഡിവിഷന്‍ ബെഞ്ച് ചൂണ്ടിക്കാട്ടി.
എറണാകുളം തൃപ്പൂണിത്തുറ ഹില്‍പാലസ് സിഐ പി എസ് ഷിജു തങ്ങളോടു മോശമായി പെരുമാറിയെന്നും പോലിസ് ഉപദ്രവം തടയണമെന്നും കാണിച്ച് എറണാകുളം സ്വദേശികളായ സിദ്ദീഖ് ബാബു, ഷമീമ സിദ്ദീഖ് ബാബു എന്നിവര്‍ സമര്‍പ്പിച്ച ഹരജി തീര്‍പ്പാക്കുമ്പോഴാണ് കോടതി ഇക്കാര്യങ്ങള്‍ പറഞ്ഞത്. തങ്ങള്‍ക്കെതിരായ പരാതിയില്‍ പരാതിക്കാരിയുടെ സ്വാധീനത്തിനു വഴങ്ങി പോലിസ് വധഭീഷണി മുഴക്കിയെന്നും പണം തട്ടിയെടുക്കാന്‍ ശ്രമിച്ചെന്നുമാണ് ഹരജിക്കാര്‍ വാദിച്ചത്.
ജനങ്ങളോട് പോലിസ് ഉദ്യോഗസ്ഥര്‍ എങ്ങനെ പെരുമാറരുത് എന്നതിന്റെ ഉത്തമ ഉദാഹരണമാണ് ഈ കേസെന്ന് ഹൈക്കോടതി പറഞ്ഞു. പോലിസ് ശരിയായി കാര്യങ്ങള്‍ കൈകാര്യം ചെയ്യുമെന്നാണ് പരിഷ്‌കൃത സമൂഹം പ്രതീക്ഷിക്കുന്നത്. എന്നാല്‍, പോലിസിന്റെ മോശമായ പെരുമാറ്റത്തിന്റെ പേരില്‍ ഒട്ടേറെ ഹരജികള്‍ ഹൈക്കോടതിയില്‍ എത്തുന്നു. പോലിസ് ഒരു പ്രഫഷനല്‍ സേനയാണ്. എത്ര പ്രകോപനമുണ്ടായാലും മാന്യത കൈവിടാതെ, പക്ഷപാതമില്ലാതെ പെരുമാറണം. ഹില്‍പാലസ് സിഐയെ മേലുദ്യോഗസ്ഥര്‍ ശാസിച്ചതിനാല്‍ കൂടുതല്‍ പറയുന്നില്ല. ഇത്തരം സംഭവങ്ങള്‍ ഭാവിയില്‍ ആവര്‍ത്തിച്ചാല്‍ നടപടിയുണ്ടാവും. ഹരജിക്കാര്‍ക്കെതിരായ പരാതിയിലെ അന്വേഷണം തുടരാമെന്നും കോടതി പറഞ്ഞു.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss