|    Dec 17 Sun, 2017 8:08 am
FLASH NEWS

പോലിസുകാരിയുടെ പ്രസംഗം: അന്വേഷണം പൂര്‍ത്തിയായി

Published : 20th October 2016 | Posted By: SMR

കോഴിക്കോട്: പോലിസ് ഓഫിസര്‍ എന്‍ എ വിനയയുടെ പ്രസംഗവുമായി ബന്ധപ്പെട്ട് പൊലിസുകാര്‍ക്കെതിരേ അന്വേഷണം പൂര്‍ത്തിയായി. കണ്‍ട്രോള്‍ റൂം ഡ്യൂട്ടി ഓഫിസറും സഹപ്രവര്‍ത്തകരും കുറ്റക്കാരല്ലെന്ന് അന്വേഷണ റിപോര്‍ട്ട്. വിനയയുടേതായി ഒരു ഫോണും വന്നിട്ടില്ലെന്നാണ് കണ്‍ട്രോള്‍ റൂം അധികൃതര്‍ അന്വേഷണ ഉദ്യോഗസ്ഥന് മൊഴി നല്‍കിയത്. ഇത് സംബന്ധിച്ച റിപോര്‍ട്ട് ഇതിനകം സിറ്റി പോലിസ് ചീഫ് ഉമ ബെഹ്‌റയ്ക്ക് നല്‍കിയിട്ടുമുണ്ട്. തൃശൂരില്‍ പുലിക്കളിയില്‍ പെണ്‍പുലിയായി വേഷമിട്ടതിന് കോഴിക്കോട് ഇന്‍ഡോര്‍ സ്‌റ്റേഡിയത്തില്‍ ഒക്ടോബര്‍ രണ്ടിന് നല്‍കിയ സ്വീകരണ പരിപാടിയിലായിരുന്നു വിനയയുടെ വിവാദ പ്രസംഗം. പുലിക്കളിയില്‍ പങ്കെടുത്ത വിനയ, സക്കീന, രഹ്‌ന ഫാത്തിമ എന്നിവരെ അനുമോദിക്കുന്ന ‘പെണ്‍കൂട്ടായ്മയുടെ ചടങ്ങില്‍ കാഞ്ചനമാലയായിരുന്നു മുഖ്യാതിഥി.താനും കൂട്ടുകാരിയും രാത്രി റോഡിലൂടെ നടക്കുമ്പോള്‍ ബൈക്കില്‍ വന്ന ചിലര്‍ മോശമായി പെരുമാറിയെന്നും 100ല്‍ വിളിച്ച് പോലിസിനെ അറിയിച്ചപ്പോള്‍ സഹായം ലഭിച്ചില്ലെന്നുമായിരുന്നു പ്രസംഗം. സംഭവം വിവാദമായതോടെ സിറ്റി പോലിസ് ചീഫ് ഉമ ബെഹ്‌റ അന്വേഷണത്തിന് ഉത്തരവിടുകയായിരുന്നു. ഒക്ടോബര്‍ എട്ടിന് സിറ്റി പോലിസ് വിനയയുടെ മൊഴി രേഖപ്പെടുത്തിയിരുന്നു. സംഭവദിവസം രാത്രി ഡ്യൂട്ടിയിലുണ്ടായിരുന്ന കണ്‍ട്രോള്‍ റൂം സി ഐ, സിറ്റി കണ്‍ട്രോള്‍ റൂം ഡ്യൂട്ടി ഓഫിസര്‍ തുടങ്ങിയവര്‍ക്കെതിരെയായിരുന്നു അന്വേഷണം. പൊലീസുകാര്‍ ജോലിക്കിടയില്‍ വീഴ്ച വരുത്തിയോ എന്നാണ് അന്വേഷിച്ചത്. ആനിഹാള്‍ റോഡില്‍ വച്ച് ചിലര്‍ വിനയയോട് മോശമായി പെറുമാറിയെന്നും ഈ കാര്യം അവര്‍ എഴുതി നല്‍കിയ മൊഴിയിലുണ്ടെന്നുമാണ് കണ്ണൂര്‍ റേയിഞ്ച് ഐ ജി ദിനേന്ദ്ര കശ്യപിന് നല്‍കിയ അന്വേഷണ റിപോര്‍ട്ടിലുള്ളത്. എന്നാല്‍ അതേസമയം ഇതിന് നേരെ വിപരീതമായ മൊഴിയാണ് സിറ്റി കണ്‍ട്രോള്‍ റൂം അധികൃതര്‍ നല്‍കിയിട്ടുള്ളത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Dont Miss