|    Dec 14 Fri, 2018 8:34 pm
FLASH NEWS
Home   >  Todays Paper  >  Page 4  >  

പോലിസുകാരന്റെ കണ്ണില്‍ കറിയൊഴിച്ച് മോഷണക്കേസ് പ്രതി രക്ഷപ്പെട്ടു

Published : 6th December 2018 | Posted By: kasim kzm

കൊച്ചി: പോലിസുകാരന്റെ കണ്ണില്‍ കടലക്കറിയൊഴിച്ച് മോഷണക്കേസില്‍ കസ്റ്റഡിയില്‍ വാങ്ങിയ പ്രതികളില്‍ ഒരാള്‍ സ്റ്റേഷനില്‍ നിന്നു രക്ഷപ്പെട്ടു. ഇയാള്‍ക്കൊപ്പം രക്ഷപ്പെടാന്‍ ശ്രമിച്ച മറ്റൊരു പ്രതിയെ പോലിസ് പിടികൂടി. നിരവധി മോഷണക്കേസുകളില്‍ പ്രതിയായ പൊന്നാനി സ്വദേശി തഫ്‌സീര്‍ ദര്‍വേഷാണ് (21) എറണാകുളം സെന്‍ട്രല്‍ പോലിസ് സ്‌റ്റേഷനില്‍ നിന്നു രക്ഷപ്പെട്ടത്. ഇയാള്‍ക്കൊപ്പം രക്ഷപ്പെടാന്‍ ശ്രമിച്ച പൊന്നാനി സ്വദേശി മുഹമ്മദ് അസ്‌ലമിനെ (19) പോലിസ് പിടികൂടി.
ഇന്നലെ പുലര്‍ച്ചെ 3.30ഓടെയായിരുന്നു സംഭവം. നഗരത്തില്‍ മാര്‍ക്കറ്റ് റോഡിലും മറ്റും നടന്ന മോഷണവുമായി ബന്ധപ്പെട്ടാണ് പൊന്നാനി സ്വദേശികളായ തഫ്‌സീറിനെയും മുഹമ്മദ് അസ്‌ലമിനെയും (19) ചൊവ്വാഴ്ച സെന്‍ട്രല്‍ പോലിസ് കസ്റ്റഡിയില്‍ വാങ്ങിയത്. ചാലക്കുടി സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്യപ്പെട്ട മറ്റൊരു മോഷണക്കേസുമായി ബന്ധപ്പെട്ട് റിമാന്‍ഡിലായിരുന്നു ഇവര്‍. ബുധനാഴ്ച പുലര്‍ച്ചെ ഇവരില്‍ അസ്‌ലമിനെ പ്രാഥമിക ആവശ്യം നിറവേറ്റാന്‍ പുറത്തുകൊണ്ടുപോയി തിരികെ കൊണ്ടുവരുന്ന സമയത്ത് സെല്ല് തുറന്നപ്പോള്‍ അകത്തുനിന്ന തഫ്‌സീര്‍ പൊടുന്നനെ ആക്രമിക്കുകയായിരുന്നു. തലേദിവസം കഴിക്കാന്‍ നല്‍കിയിരുന്ന ഭക്ഷണത്തോടൊപ്പമുണ്ടായിരുന്ന കറി പോലിസുകാരന്റെ കണ്ണിലേക്ക് ഒഴിച്ചുകൊണ്ടായിരുന്നു ആക്രമണം. തുടര്‍ന്ന് പ്രതികള്‍ രണ്ടു പേരും പുറത്തേക്ക് ഓടി. ഉടന്‍ സ്റ്റേഷനിലെ മറ്റ് പോലിസുകാര്‍ ചേര്‍ന്ന് അസ്‌ലമിനെ പിടികൂടിയെങ്കിലും തഫ്‌സീര്‍ സ്റ്റേഷന്‍ വളപ്പില്‍ നിന്നു രക്ഷപ്പെട്ടു. അന്വേഷണത്തിന് സൈബര്‍ സെല്ലിന്റെ സഹായവും പോലിസ് തേടിയിട്ടുണ്ട്. പൊന്നാനി പോലിസിന്റെ സഹായത്തോടെയാണ് പൊന്നാനിയില്‍ തിരച്ചി ല്‍ നടത്തി.രക്ഷപ്പെടുന്നതിനായി ഇരുവരും ചേര്‍ന്ന് നടത്തിയ പദ്ധതിയുടെ ഭാഗമായി ചൊവ്വാഴ്ച രാത്രി കഴിക്കാന്‍ നല്‍കിയ ഭക്ഷണത്തിന്റെ കൂടെയുണ്ടായിരുന്ന കറി കളയാതെ ഇവര്‍ സൂക്ഷിച്ചിരിക്കാനാണ് സാധ്യതയെന്ന് പോലിസ് പറഞ്ഞു.
പരിക്കേറ്റ പോലിസുകാരന്‍ എറണാകുളം ജനറല്‍ ആശുപത്രിയില്‍ ചികില്‍സ തേടി. പ്രതിയെക്കുറിച്ച് വിവരം ലഭിക്കുന്നവര്‍ 90370 85388, 94979 62079, 94979 80427, 0484 2394500 എന്നീ നമ്പറുകളില്‍ അറിയിക്കണമെന്ന് സെന്‍ട്രല്‍ പോലിസ് അറിയിച്ചു.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss