|    Dec 13 Thu, 2018 2:56 am
FLASH NEWS
Home   >  Editpage  >  Lead Article  >  

പോലിസും നിതിപീഠവും ജനവിരുദ്ധമാവുന്നു

Published : 1st May 2018 | Posted By: kasim kzm

ഹിന്ദുത്വര്‍ പ്രതികളാവുമ്പോള്‍-2   –  ത്വാഹാ  ഹാശ്മി
അടിയന്തരാവസ്ഥയോടെ തുടക്കം കുറിച്ച ഐക്യമുന്നണി ഭരണത്തിന്‍ കീഴില്‍ ഹിന്ദുത്വത്തിന്റെ പുനരുജ്ജീവനമാണു സംഭവിച്ചത്. ഹിന്ദുത്വര്‍ രാജ്യത്തിന്റെ അധികാരം പിടിച്ചെടുക്കുന്നിടത്ത് കാര്യങ്ങള്‍ എത്തി. ഈ പശ്ചാത്തലത്തെക്കുറിച്ചാണ് കെ എന്‍ പണിക്കര്‍ ഇങ്ങനെ പ്രസ്താവിച്ചത്: ”കഴിഞ്ഞ ചില ദശകങ്ങളായി ഇന്ത്യന്‍ സാമൂഹിക-രാഷ്ട്രീയ സാഹചര്യം വമ്പിച്ച പരിവര്‍ത്തനങ്ങള്‍ക്കു വിധേയമായി. ഇന്ത്യയിലെ പൊതുവ്യവഹാരത്തിന്റെ സ്വഭാവത്തിന് അടിസ്ഥാനപരമായ മാറ്റമുണ്ടായി. യുക്തിയുടെയും മതനിരപേക്ഷതയുടെയും സ്ഥാനം സാമുദായികതയും വര്‍ഗീയതയും ഏറ്റെടുത്തു.” ഇത്തരമൊരു രാഷ്ട്രീയ സാഹചര്യത്തില്‍ കുറ്റവാളികള്‍ ശിക്ഷിക്കപ്പെടുകയില്ല. നിരപരാധികള്‍ ഇരകളാക്കപ്പെടുകയും ചെയ്യും. പോലിസ് സേനയെയും അന്വേഷണസംഘങ്ങളെയും ജുഡീഷ്യറിയെയും ഭരണകര്‍ത്താക്കള്‍ തങ്ങള്‍ക്കു വിധേയരാക്കും.
ജനങ്ങള്‍ പോലിസില്‍ വിശ്വസിക്കാത്ത ജനാധിപത്യരാജ്യങ്ങളിലൊന്നാണ് ഇന്ത്യ. നിയമപാലകരെന്ന നിലയ്ക്കല്ല, സര്‍ക്കാര്‍ ഉപകരണമായാണ് പോലിസ് സേന പലപ്പോഴും പ്രവര്‍ത്തിക്കുന്നത്. വര്‍ഗീയവല്‍ക്കരണത്തിനും ക്രിമിനല്‍വല്‍ക്കരണത്തിനും വിധേയമായ പോലിസ് സേനയെയാണ് ക്രമസമാധാനപാലനത്തിനും സുരക്ഷയ്ക്കും ചുമതലയേല്‍പ്പിക്കപ്പെട്ടിട്ടുള്ളത്. മുത്തങ്ങയും നന്ദിഗ്രാമും ബീമാപ്പള്ളിയും മറ്റും അതിന്റെ തെളിവുകളും സാക്ഷികളുമാണ്. സത്യസന്ധരായ പോലിസ് ഉദ്യോഗസ്ഥര്‍ക്ക് ജോലി ചെയ്യാനാവാത്ത സാഹചര്യമാണു നിലവിലുള്ളത്. ഹേമന്ത് കര്‍ക്കരെയുടെ ദാരുണമായ അന്ത്യം ആ യാഥാര്‍ഥ്യമാണു പറഞ്ഞുതരുന്നത്. മുംബൈയിലെയും മഹാരാഷ്ട്രയിലെയും ഇന്ത്യയിലെ തന്നെയും പോലിസുകാര്‍ ആദ്യം ഹിന്ദുക്കളാണെന്നും പിന്നീടുമാത്രമാണ് അവര്‍ പോലിസുകാരായതെന്നുമുള്ള ബാല്‍താക്കറെയുടെ വാക്കുകള്‍ ഇതോട് ചേര്‍ത്തുവായിക്കുക.
ഐബി കടിഞ്ഞാണില്ലാത്ത കുതിരയെന്നാണ് എസ് എം മുശരിഫ് വിശേഷിപ്പിച്ചത്. തീവ്രവാദ കേസുകള്‍ അന്വേഷിക്കുക എന്ന ഏക ദൗത്യത്തിനായി 2008 ഡിസംബറില്‍ രൂപീകൃതമായ അന്വേഷണസംഘമാണ് എന്‍ഐഎ. സ്‌ഫോടനക്കേസുകളുമായും തീവ്രവാദ കേസുകളുമായും ബന്ധപ്പെട്ട സാഹചര്യത്തെളിവുകള്‍ പ്രതികൂലമായിരുന്നിട്ടും എന്‍ഐഎ അന്വേഷണത്തിന്റെ കുന്തമുനകള്‍ മുസ്്‌ലിംകളുടെ നേരെയാണു നീണ്ടത്. പ്രതിഭാഗത്ത് എപ്പോഴും നിരോധിത സിമി, ലശ്കറെ ത്വയ്യിബ, ഹുജി എന്നിവയെ സ്ഥാപിച്ചുകൊണ്ട് മുസ്‌ലിം യുവാക്കളെ പീഡിപ്പിച്ചുകൊണ്ടിരിക്കുന്നു.
പ്രോസിക്യൂട്ടര്‍മാരുടെ കഴിവുകേടും സ്വാധീനക്കുറവും നിരപരാധികള്‍ക്ക് നീതി ലഭ്യമാവാത്തതിന്റെ മറ്റൊരു കാരണമാണ്. പലപ്പോഴും അവര്‍ കുറ്റവാളികളെ പിന്തുണയ്ക്കുകപോലും ചെയ്യുന്നു. പ്രോസിക്യൂഷന്‍ തോല്‍ക്കാന്‍ നിന്നുകൊടുക്കുന്നത് വളരെ സാധാരണമായിട്ടുണ്ട്. ഭൂവുടമകളുടെയും സമ്പന്നരുടെയും ഉയര്‍ന്ന പദവികള്‍ കൈയാളുന്നവരുടെയും താല്‍പര്യങ്ങളുമായി സംഘര്‍ഷത്തിലാവുമ്പോള്‍ പ്രോസിക്യൂഷന്‍ തോല്‍ക്കാറില്ല. തൊഴിലാളികള്‍, കര്‍ഷകര്‍, ആദിവാസികള്‍, ദലിതുകള്‍ തുടങ്ങി പീഡനത്തിനെതിരായി പൊരുതുന്ന ജനവിഭാഗങ്ങള്‍ക്കെതിരേയുള്ള കേസുകളും പരാജയപ്പെടാറില്ല. പ്രതികളുടെ അധികാരവും പണവും പദവിയും തോല്‍ക്കണോ, ജയിക്കണോ എന്നതിനുള്ള പ്രോസിക്യൂഷന്റെ മാനദണ്ഡങ്ങളായി തീര്‍ന്നിരിക്കുന്നു എന്നു വ്യാപകമായ ആക്ഷേപമുണ്ട്.
സാക്ഷികള്‍ക്ക് നിര്‍ഭയം കോടതികളില്‍ വരാനും മൊഴിനല്‍കാനുമുള്ള സാഹചര്യത്തിന്റെ അഭാവം കേസിനെ ദുര്‍ബലമാക്കുന്ന വലിയൊരു ഘടകമാണ്. കോടതിക്കകത്തും പുറത്തും ശാരീരികവും സാമൂഹികവുമായ സുരക്ഷ കിട്ടുന്നില്ലെങ്കില്‍ സാക്ഷികള്‍ക്ക് അവരുടെ പങ്ക് സത്യസന്ധമായി നിര്‍വഹിക്കാന്‍ കഴിയില്ല. സാക്ഷികള്‍ ഭീഷണിക്കും മര്‍ദനത്തിനും കൊലയ്ക്കും ഇരകളാവുന്നത് ഇന്നു പുതുമയുള്ള സംഗതിയല്ലാതായിമാറിയിട്ടുണ്ട്.
കുറ്റവാളികള്‍ ശിക്ഷിക്കപ്പെടാതിരിക്കുന്നതിന്റെ ഏറ്റവും പ്രധാനപ്പെട്ട കാരണം ജുഡീഷ്യറി ഭരണകര്‍ത്താക്കളാല്‍ സ്വാധീനിക്കപ്പെടുന്നു എന്നതാണ്. ബോംബെ ഹൈക്കോടതിയിലെ ജഡ്ജിയായിരുന്ന സാവന്ത് പറയുന്നതു കാണുക: ”ഉയര്‍ന്ന നീതിപീഠങ്ങളിലേക്കുള്ള നിയമനങ്ങളും സ്ഥലംമാറ്റങ്ങളും പൂര്‍ണമായും സര്‍ക്കാരിന്റെ കൈകളിലാണ്. അതൊക്കെ കണ്ട് വിധിപറയുന്ന ന്യായാധിപന്മാര്‍ കുറവല്ല. ചില ജഡ്ജിമാര്‍ റിട്ടയര്‍ ചെയ്ത ശേഷമുള്ള സ്ഥാനങ്ങള്‍ക്കു വേണ്ടി പരക്കംപായുന്നു. കോടതി മുമ്പാകെ വരുന്ന കേസുകളില്‍ വിധിപറയുമ്പോള്‍ സര്‍ക്കാരിന്റെയും ഭരണകക്ഷിയുടെയും താല്‍പര്യങ്ങളുമായി ഏറ്റുമുട്ടാതിരിക്കാന്‍ ജഡ്ജിമാര്‍ ശ്രമിക്കാറുണ്ട്.”
പൗരന്മാര്‍ നീതിന്യായവ്യവസ്ഥയില്‍ പ്രത്യാശ പ്രകടിപ്പിച്ചു കഴിയുന്നവരാണ്.  ദുഷ്ടശക്തികള്‍ ചെലുത്തുന്ന സമ്മര്‍ദങ്ങളില്‍ നിന്നും സ്വാധീനങ്ങളില്‍ നിന്നും മോചിതമായാലേ കോടതികള്‍ക്ക് അവയുടെ ദൗത്യം നിര്‍വഹിക്കാനാവൂ. നീതിന്യായവ്യവസ്ഥ പരാജയപ്പെടുക എന്നതിനര്‍ഥം ജനാധിപത്യം തകരുകയെന്നതു തന്നെയാണ്. അതിന്റെ ദുസ്സൂചനകള്‍ക്കാവുമോ നാം സാക്ഷ്യംവഹിക്കുന്നത്.                    ി

(അവസാനിച്ചു.)

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss