|    Jun 24 Sun, 2018 10:54 am
FLASH NEWS
Home   >  Todays Paper  >  page 12  >  

പോലിസില്‍ വനിതകളുടെ അംഗബലം 15 ശതമാനമാക്കും: മുഖ്യമന്ത്രി

Published : 26th November 2016 | Posted By: SMR

കൊച്ചി: സംസ്ഥാന പോലിസ് സേനയില്‍ വനിതകളുടെ അംഗബലം 15 ശതമാനമാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. വനിതകള്‍ക്കും വിദ്യാര്‍ഥിനികള്‍ക്കും സുരക്ഷയ്ക്കായി ഏര്‍പ്പെടുത്തുന്ന പിങ്ക് പോലിസ് പട്രോളിങിന്റെ ഉദ്ഘാടനം ദര്‍ബാര്‍ഹാള്‍ ഗ്രൗണ്ടില്‍ നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. സ്ത്രീകളുടെയും കുട്ടികളുടെയും സുരക്ഷ ഉറപ്പാക്കാനുള്ള നടപടികളുടെ ഭാഗമായാണ് പോലിസില്‍ വനിതാ പ്രാതിനിധ്യം വര്‍ധിപ്പിക്കുന്നത്. സ്ത്രീ സുരക്ഷ സാധ്യമാവുന്നതില്‍ സാമൂഹിക ചുറ്റുപാടുകളുടെ മാറ്റം അനിവാര്യമാണെന്ന് മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.
സ്ത്രീസുരക്ഷയില്‍ മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച് കേരളം ഏറെ മുന്നിലാണ്. എന്നാല്‍, സമൂഹ മനസ്സാക്ഷിയെ ഞെട്ടിക്കുന്ന ഒട്ടേറെ ക്രൂരകൃത്യങ്ങള്‍ ഇവിടെയും അരങ്ങേറുന്നു. ഇത്തരം വാര്‍ത്തകള്‍ വരുന്ന ഘട്ടത്തില്‍ സമൂഹത്തിലുളവാകുന്ന വേദനയും ഞെട്ടലും ദിവസങ്ങള്‍ കഴിയുമ്പോള്‍ വിസ്മൃതിയിലാവുകയാണു പതിവ്. പെ ണ്‍കുഞ്ഞുങ്ങള്‍ക്ക് ജനിക്കാനുള്ള അവകാശംപോലും നിഷേധിക്കപ്പെടുന്ന സാഹചര്യമുണ്ട്. പിഞ്ചുകുഞ്ഞ് മുതല്‍ അമ്മൂമ്മ വരെ പീഡനത്തിരയാവുന്ന വാര്‍ത്തകളും കേള്‍ക്കേണ്ടിവരുന്നു. ദുരനുഭവങ്ങള്‍ ആരില്‍നിന്നുണ്ടാവരുതെന്ന് നമ്മള്‍ കണക്കാക്കുന്നുവോ അവരില്‍നിന്നു തന്നെ അതുണ്ടാവുന്നതിനും നിരവധി ഉദാഹരണങ്ങളുണ്ട്. പീഡന സംഭവങ്ങളില്‍ 75 ശതമാനവും പുറത്തറിയുന്നില്ലെന്നാണ് പഠനങ്ങള്‍ വ്യക്തമാക്കുന്നത്. നിയമപാലകരുടെ ഭാഗത്തുനിന്ന് മാനസിക പീഡനമുണ്ടാവുമെന്ന ആശങ്കയും മാനഹാനിയെക്കുറിച്ചുള്ള ഭയവുമാണ് പരാതി നല്‍കുന്നതില്‍നിന്നു പലരെയും പിന്തിരിപ്പിക്കുന്നത്. കേരളം ഇതില്‍നിന്ന് മുക്തമാവണം. ശക്തമായ രീതിയില്‍ പോലിസ് ഇരയോടൊപ്പം നില്‍ക്കണമെന്നതാണ് സര്‍ക്കാര്‍ നിലപാട്. ഒരു വിട്ടുവീഴ്ചയും ഇക്കാര്യത്തില്‍ ഉണ്ടാവില്ല. സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങള്‍ കണ്ടെത്തി തടയുന്നതിനാണ് പിങ്ക് പോലിസ് പട്രോളിങ് ആരംഭിച്ചിരിക്കുന്നതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
പിങ്ക് പോലിസ് പട്രോളിങിനെ കുറിച്ച് അവബോധം നല്‍കുന്നതിന് മാധ്യമപ്രവര്‍ത്തക ന്‍ യു ഹരീഷും സെന്‍ട്രല്‍ പോലിസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ അനന്ത്‌ലാലും ചേര്‍ന്ന് സംവിധാനം ചെയ്ത കാവലാള്‍ എന്ന പരസ്യചിത്രത്തിന്റെ അവതരണോദ്ഘാടനം മേയര്‍ സൗമിനി ജെയിന്‍ ചടങ്ങില്‍ നിര്‍വഹിച്ചു. മുന്‍ എംപി പി രാജീവ്, എഡിജിപി ബി സന്ധ്യ, ഐജി എസ് ശ്രീജിത്, സിറ്റി പോലിസ് കമ്മീഷണര്‍ എം പി ദിനേശ്, ഡെപ്യൂട്ടി പോലിസ് കമ്മീഷണര്‍ അരുള്‍ ആര്‍ ബി പ്രകാശ്, കുടുംബശ്രീ ജില്ലാ കോ- ഓഡിനേറ്റര്‍ ടാനി തോമസ്, സെന്റ് തെരേസാസ് കോളജ് പ്രിന്‍സിപ്പല്‍ ഡോ. സജിമോള്‍ അഗസ്റ്റിന്‍, സാഹിത്യകാരി ശ്രീകുമാരി രാമചന്ദ്രന്‍, സാമൂഹികപ്രവര്‍ത്തക ബീന സെബാസ്റ്റ്യന്‍, ശ്യാമള സുരേന്ദ്രന്‍, കായികതാരം ഫര്‍ഹ മേത്തര്‍, മാധ്യമപ്രവര്‍ത്തക നിഷ ജെബി, അഡ്വ. സാനി തോമസ്, അഡ്വ. കെ പി രഞ്ജിനി, ലിസി തോമസ്, ചലച്ചിത്ര താരങ്ങളായ ഷീല, വിജയ് ബാബു, സന അല്‍ത്താഫ്, ദീപ്തി സതി, രഞ്ജിനി പങ്കെടുത്തു. ഒരേ നിറത്തിലും രൂപകല്‍പനയിലുമുള്ള നാലു കാറുകളാണ് പിങ്ക് പട്രോളിങിന്റെ ഭാഗമായി കൊച്ചിയിലെ നിരത്തുകളിലുണ്ടാവുക.
ജിപിഎസ് സംവിധാനവും കാമറയും ഉള്‍പ്പെടെ പ്രത്യേക സജ്ജീകരണങ്ങളുള്ള ഈ പട്രോളിങ് വാഹനത്തില്‍ ഡ്രൈവര്‍ ഉള്‍പ്പെടെ പരിശീലനം നേടിയ നാലു വനിത പോലിസ് ഉദ്യോഗസ്ഥര്‍ ഉണ്ടാവും. സ്ത്രീകള്‍ക്കു നേരെയുള്ള അക്രമം, സ്ത്രീസുരക്ഷ എന്നിവയെ സംബന്ധിച്ച് കണ്‍ട്രോള്‍ റൂമില്‍ ലഭിക്കുന്ന വിവരങ്ങള്‍ ഉടന്‍ പിങ്ക് പട്രോള്‍ വാഹനങ്ങള്‍ക്ക് കൈമാറുകയും അവര്‍ സംഭവസ്ഥലത്തെത്തി നടപടികള്‍ സ്വീകരിക്കുകയും ചെയ്യും.
ആള്‍ത്തിരക്കുള്ള ഇടങ്ങളിലും സ്‌കൂള്‍, കോളജ് പരിസരങ്ങളിലും സംഘം പട്രോളിങ് നടത്തും. രാവിലെ 8 മുതല്‍ വൈകീട്ട് 8 മണിവരെയായിരിക്കും പിങ്ക് പട്രോളിങ് ടീം പ്രവര്‍ത്തിക്കുക. കണ്‍ട്രോള്‍ റൂം നമ്പര്‍ 1515. മൊബൈല്‍ വാട്‌സ്ആപ്പ് നമ്പര്‍ 7559899100.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss