|    Dec 11 Tue, 2018 9:59 pm
FLASH NEWS
Home   >  Todays Paper  >  page 12  >  

പോലിസിലെ സംഘപരിവാര സെല്ലിനെ നിര്‍വീര്യമാക്കി ആഭ്യന്തര വകുപ്പ്

Published : 22nd November 2018 | Posted By: kasim kzm

കെ പി ഒ റഹ്മത്തുല്ല

മലപ്പുറം: ഡിജിപി സെന്‍കുമാറിന്റെ കാലത്ത് പുനരുജ്ജീവിപ്പിച്ച സംഘപരിവാരത്തിന്റെ പോലിസ് സെല്ലിനെ നിര്‍വീര്യമാക്കുന്നതില്‍ ആഭ്യന്തരവകുപ്പ് വിജയിച്ചതായി സൂചന. പോലിസിലെ സിവില്‍ പോലിസ് ഓഫിസര്‍മാര്‍ മുതല്‍ ഡിവൈഎസ്പി വരെയുള്ള ഉദ്യോഗസ്ഥരിലെ ആര്‍എസ്എസ് ആഭിമുഖ്യമുള്ളവരെ കൂട്ടിച്ചേര്‍ത്തായിരുന്നു നേരത്തേ മുതല്‍ സെല്‍ പ്രവര്‍ത്തിച്ചിരുന്നത്. എന്നാല്‍, 1980 മുതല്‍ ആഭ്യന്തരവകുപ്പിന്റെ ഭാഗത്തുനിന്ന് ശക്തമായ നടപടികളുണ്ടായതോടെ സെല്‍ നിര്‍ജീവമായിരുന്നു. സെന്‍കുമാര്‍ പോലിസ് തലപ്പത്ത് എത്തിയതോടെയാണ് സെല്‍ വീണ്ടും സജീവമായത്.
150ഓളം പേരുടെ പിന്തുണ സെല്ലിനുണ്ടായിരുന്നുവെന്നാണ് പുറത്തുവന്ന സൂചനകള്‍. ഡിവൈഎസ്പി റാങ്കിനു താഴെയുള്ളവരായിരുന്നു മിക്കവരും. സെല്ലിനെ ഉപയോഗിച്ച് ബിജെപിയുടെയും ആര്‍എസ്എസിന്റെയും താല്‍പര്യങ്ങള്‍ സംരക്ഷിക്കുകയായിരുന്നു ലക്ഷ്യം. രാഷ്ട്രീയ പ്രതിയോഗികളുടെ നീക്കങ്ങളും തീരുമാനങ്ങളും സംഘപരിവാര നേതൃത്വത്തെ സമയാസമയങ്ങളില്‍ അറിയിക്കാനും നിര്‍ദേശമുണ്ടായിരുന്നു. എന്നാല്‍, പിണറായി വിജയന്‍ മുഖ്യമന്ത്രിയാവുകയും ആഭ്യന്തരവകുപ്പിന്റെ ചുമതല ലഭിക്കുകയും ചെയ്തതോടെ രഹസ്യാന്വേഷണവിഭാഗത്തെ ഉപയോഗിച്ച് ന
ിയമപാലകസേനയിലെ സംഘപരിവാര അനുകൂലികളുടെ വിശദമായ പട്ടികയുണ്ടാക്കി അവരെ നിരീക്ഷിക്കാനുള്ള നടപടികള്‍ ആരംഭിച്ചു. ജില്ലകള്‍തോറും പ്രത്യേക അന്വേഷണസംഘത്തെയാണ് ഇതിനായി നിയോഗിച്ചിരുന്നത്. അവരുടെ റിപോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ഇത്തരക്കാരെ ക്രമസമാധാന ചുമതലകളില്‍ നിന്നു മാറ്റുകയും അപ്രധാനമായ പോസ്റ്റുകളില്‍ നിയമിക്കുകയുമായിരുന്നു. പോലിസിലെ രഹസ്യ നീക്കങ്ങളൊന്നും ഈ സെല്ലിലുള്ളവര്‍ അറിയാത്തവിധത്തിലാണ് തീരുമാനങ്ങള്‍ എടുക്കുന്നതും നടപ്പാക്കുന്നതും.
കണ്ണൂര്‍, കാസര്‍കോട്, കോഴിക്കോട് ജില്ലകളിലായിരുന്നു സെല്ലിന്റെ പ്രവര്‍ത്തനങ്ങള്‍ സജീവമായിരുന്നത്. ഉദ്ദേശിച്ചതുപോലെ സംഘപരിവാര പോലിസ് സെല്ലിന് പ്രവര്‍ത്തിക്കാനോ മുന്‍കൂട്ടി രഹസ്യങ്ങള്‍ ചോര്‍ത്തിനല്‍കാനോ ആയില്ലെന്ന കാര്യം നേതാക്കള്‍ തന്നെ രഹസ്യമായി സമ്മതിക്കുന്നുണ്ട്. അതേയവസരം ഇപ്പോഴും സംഘപരിവാരത്തിന് ഐബിയുടെ ഗണ്യമായ സഹായം ലഭിക്കുന്നുണ്ട്.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss