|    Nov 15 Thu, 2018 6:57 pm
FLASH NEWS
Home   >  Editpage  >  Editorial  >  

പോലിസിലെ രാഷ്ട്രീയാതിപ്രസരം

Published : 12th May 2018 | Posted By: kasim kzm

പോലിസിലെ രാഷ്ട്രീയാതിപ്രസരത്തെപ്പറ്റി രഹസ്യാന്വേഷണവിഭാഗം പോലിസ് മേധാവിക്ക് അയച്ച റിപോര്‍ട്ട് സംസ്ഥാനത്തെ നിയമപാലന വ്യവസ്ഥയെക്കുറിച്ചുള്ള ഗൗരവതരമായ ചില ആലോചനകള്‍ക്കാണു വഴിവച്ചിട്ടുള്ളത്. പോലിസുകാര്‍ ചേരിതിരിഞ്ഞ് സംഘടിക്കുകയും രാഷ്ട്രീയപ്പാര്‍ട്ടികളുടെ പോഷകസംഘടനകളെപ്പോലെ തമ്മില്‍ത്തല്ലുകയുമാണെന്നുള്ള കാര്യം നാട്ടില്‍ പാട്ടാണ്. അതിന് ഔദ്യോഗികമായ സ്ഥിരീകരണം നല്‍കുക മാത്രമാണ് ഇപ്പോഴത്തെ റിപോര്‍ട്ട്. പോലിസിന്റെ രാഷ്ട്രീയവല്‍ക്കരണം നാട്ടിലെ ക്രമസമാധാനപാലനത്തെയും കുറ്റാന്വേഷണത്തെയും ദോഷകരമായി ബാധിക്കുന്നു എന്ന വസ്തുതയുടെ പശ്ചാത്തലത്തില്‍ പൊതുസമൂഹം ഈ റിപോര്‍ട്ടിനെ മതിയായ പ്രാധാന്യത്തോടുകൂടി തന്നെ കാണണം.
പോലിസ് അസോസിയേഷന്റെ സമ്മേളനങ്ങളില്‍ രക്തസാക്ഷികള്‍ക്കു വേണ്ടിയുള്ള സ്തൂപങ്ങളുണ്ടാക്കി പുഷ്പാര്‍ച്ചന നടത്തുകയും മുദ്രാവാക്യങ്ങള്‍ വിളിക്കുകയുമൊക്കെ ചെയ്യുന്നുവത്രേ. ഭരണം ഇടതുമുന്നണിയുടേതാകയാല്‍, പോലിസ് സേന അടിമുടി ചുവക്കുകയും ചെയ്തിരിക്കുന്നു. അതിലെന്ത് തെറ്റ് എന്നും പോലിസുകാര്‍ക്കും പൗരസ്വാതന്ത്ര്യവും രാഷ്ട്രീയബോധവും ഉണ്ടായിക്കൂടേ എന്നും ചോദിക്കാവുന്നതാണ്. എന്നാല്‍, ദിനേനയെന്നോണം രാഷ്ട്രീയ കൊലപാതകങ്ങള്‍ നടക്കുകയും എല്ലാ പ്രശ്‌നങ്ങളും അതിവേഗം രാഷ്ട്രീയവല്‍ക്കരിക്കപ്പെടുകയും ചെയ്യുന്ന ഒരു നാട്ടില്‍ ഇത്തരം പ്രവണതകള്‍ ഒരു കാരണവശാലും ന്യായീകരിക്കപ്പെടാവുന്നതല്ല. എന്നു മാത്രമല്ല, ഭരണം മാറുമ്പോള്‍ പോലിസ് സേനയുടെ കൂറും മാറുന്നു. ഇത്തരം കൂറുകളെയും വിധേയത്വത്തെയും പ്രോല്‍സാഹിപ്പിക്കുകയാണ് സംസ്ഥാനത്തെ രാഷ്ട്രീയപ്രസ്ഥാനങ്ങള്‍ ചെയ്യുന്നത്. കേരളത്തില്‍ കുറ്റകൃത്യങ്ങള്‍ വര്‍ധിക്കുന്നതിനും കുറ്റവാളികള്‍ക്ക് രാഷ്ട്രീയാഭയം കിട്ടുന്നതിനുമെല്ലാം പോലിസിന്റെ രാഷ്ട്രീയം വഴിവയ്ക്കുന്നുണ്ട്. നിര്‍ഭാഗ്യവശാല്‍ ഇടതുമുന്നണി സര്‍ക്കാര്‍, തങ്ങളോട് രാഷ്ട്രീയവിധേയത്വമുള്ളവരായി പോലിസ് സേനയെ രൂപപ്പെടുത്തിയെടുക്കാന്‍ കാര്യമായി ശ്രമിക്കുകയാണുതാനും. ഇത്തരം നടപടികള്‍ പോലിസിന്റെ വിശ്വാസ്യത നശിപ്പിക്കുന്നു. നിഷ്പക്ഷരായ ഉദ്യോഗസ്ഥര്‍ക്ക് നീതിപൂര്‍വം പ്രവര്‍ത്തിക്കാന്‍ കഴിയാതെ വരുന്നു. മൊത്തത്തില്‍ നിയമപാലനം തകരാറിലാവുന്നു.
പോലിസിനെ ഉപയോഗിച്ച് തങ്ങളുടെ രാഷ്ട്രീയമായ ഇഷ്ടാനിഷ്ടങ്ങള്‍ പൊതുജനങ്ങളുടെ മേല്‍ അടിച്ചേല്‍പിക്കുന്നത് ജനാധിപത്യ ഭരണകൂടങ്ങള്‍ക്കു ചേര്‍ന്നതല്ല. പക്ഷേ, സര്‍ക്കാരുകള്‍ തങ്ങള്‍ക്കു വേണ്ടപ്പെട്ട ഉദ്യോഗസ്ഥരിലൂടെ ഇത്തരം സ്വാര്‍ഥതാല്‍പര്യങ്ങള്‍ നടപ്പില്‍ വരുത്തുന്നതാണു പലപ്പോഴും കാണുന്നത്. പോലിസ് സേനയെ ചുവപ്പിക്കുന്നത് ആഭ്യന്തരവകുപ്പ് കൈകാര്യം ചെയ്യുന്ന മുഖ്യമന്ത്രിക്ക് മനസംതൃപ്തി നല്‍കുമായിരിക്കാം. പക്ഷേ, നാടിന് അതൊരു തീരാകളങ്കമാണ്.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss