|    Oct 20 Fri, 2017 8:03 pm
FLASH NEWS
Home   >  Todays Paper  >  Page 5  >  

പോലിസിലെ മൂന്നാംമുറക്കാരെ കണ്ടെത്താന്‍ പരിശോധന

Published : 17th October 2016 | Posted By: SMR

മലപ്പുറം: പോലിസ് സേനയിലെ മൂന്നാംമുറക്കാര്‍ക്കെതിരേ ശക്തമായ നടപടികളുമായി ആഭ്യന്തരവകുപ്പ്. കുറ്റം തെളിയിക്കാനും ഇഷ്ടക്കാര്‍ക്കുവേണ്ടി പ്രതിയോഗികളെ ഒതുക്കാനുമായി മൂന്നാംമുറ പ്രയോഗിക്കുന്ന പോലിസുകാരെ കണ്ടെത്തി ശിക്ഷിക്കാനും അപ്രധാനമായ ജോലിയിലേക്ക് മാറ്റാനുമാണ് നീക്കം. ഇതിനായി സേനയിലെ മൂന്നാംമുറക്കാരെ കണ്ടെത്താന്‍ പ്രത്യേക പരിശോധന നടത്താന്‍ ഡിജിപി ജില്ലകള്‍ തോറും പ്രത്യേക സമിതിയെ ചുമതലപ്പെടുത്തി.
രഹസ്യാന്വേഷണ വിഭാഗത്തിലെ ഉദ്യോഗസ്ഥരേയും ക്രമസമാധാന ചുമതലയുള്ള സിഐ, ഡിവൈഎസ്പി എന്നിവരെയും ഉള്‍പ്പെടുത്തിയാണ് സമിതികള്‍ രൂപീകരിച്ചിരിക്കുന്നത്. മൂന്നുമാസത്തിനുള്ളില്‍ റിപോര്‍ട്ട് നല്‍കണമെന്നാണ് നിര്‍ദേശം. ഇതിനകം മൂന്നാംമുറ പ്രയോഗത്തിന്റെ പേരില്‍ കോടതികളില്‍ കേസുകള്‍ ഉണ്ടായവര്‍, ഡിപ്പാര്‍ട്ട്‌മെന്റ്തല നടപടിക്ക് വിധേയരായവര്‍, കോടതി ശിക്ഷിച്ചവര്‍, ആളുകളോട് മോശമായി പെരുമാറിയതിന്റെ പേരില്‍ പരാതി വന്നവര്‍ എന്നിങ്ങനെ ഉള്ളവരെയെല്ലാം പ്രത്യേകം പരിശോധിക്കണമെന്ന നിര്‍ദേശവും നല്‍കിയിട്ടുണ്ട്.
പോലിസ് സേനയെ ശുദ്ധീകരിക്കുന്നതിന്റെ ഭാഗമായാണ് ഈ പരിശോധനയെന്നാണ് ഡിജിപി ലോക്‌നാഥ് ബെഹ്‌റ സര്‍ക്കുലറില്‍ പറഞ്ഞിട്ടുള്ളത്. ഇടതുപക്ഷ പ്രവര്‍ത്തകരോട് കഴിഞ്ഞ കാലങ്ങളില്‍ പ്രത്യേക വിരോധത്തോടെ പെരുമാറിയ പോലിസ് സേനയിലെ അംഗങ്ങളെ കണ്ടെത്താനും വാക്കാല്‍ നിര്‍ദേശമുള്ളതായി അറിയുന്നു.
മൂന്നാംമുറക്കാരെ പിന്തള്ളാനുള്ള സര്‍ക്കാരിന്റെ ശ്രമങ്ങള്‍ക്ക് മനുഷ്യാവകാശ-പൗരാവകാശ സംഘടനകള്‍ പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. നീക്കങ്ങളെ പോലിസ് അസോസിയേഷനും സ്വാഗതം ചെയ്തിട്ടുണ്ട്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക