|    Aug 17 Fri, 2018 5:20 pm
FLASH NEWS
Home   >  Todays Paper  >  Page 4  >  

പോലിസിലെ ക്യാംപ് ഫോളോവേഴ്‌സ് നിയമനം പിഎസ്‌സിക്ക്

Published : 9th August 2018 | Posted By: kasim kzm

കൊച്ചി: പോലിസിലെ ക്യാംപ് ഫോളോവേഴ്‌സ് നിയമനം പിഎസ്‌സിക്ക് വിടാന്‍ തീരുമാനിച്ചതായി സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു. നിലവില്‍ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് വഴി യൂനിറ്റ് മേധാവികളാണ് നിയമനം നടത്തുന്നത്. പുതിയ നിയമനം സംബന്ധിച്ച് ചട്ടങ്ങള്‍ തയ്യാറാക്കിക്കൊണ്ടിരിക്കുകയാണെന്നും ഐജി ദിനേന്ദ്ര കശ്യപ് സമര്‍പ്പിച്ച സത്യവാങ്മൂലം പറയുന്നു. ക്യാംപ് ഫോളോവേഴ്‌സ് നേരിടുന്ന ചൂഷണവും ഔദ്യോഗിക വാഹനങ്ങളുടെ ദുരുപയോഗവും സംബന്ധിച്ച് ജില്ലാ ജഡ്ജിയുടെ അന്വേഷണം ആവശ്യപ്പെട്ട് പൊതുപ്രവര്‍ത്തകനായ പി ഡി ജോസഫ് നല്‍കിയ ഹരജിയിലാണ് വിശദീകരണം.
ജില്ലാ, ബറ്റാലിയന്‍, റേഞ്ച് പോലിസ് ക്യാംപുകള്‍ക്ക് പുറമെ മുതിര്‍ന്ന ഉദ്യോഗസ്ഥരുടെ ക്യാംപ് ഓഫിസുകളിലും കുക്ക്, ദോബി, സ്വീപ്പര്‍, സാനിറ്ററി വര്‍ക്കര്‍, വാട്ടര്‍ കാരിയര്‍മാര്‍ തുടങ്ങിയ വിവിധ തസ്തികകളില്‍ ക്യാംപ് ഫോളോവേഴ്‌സിനെ നിയമിക്കാറുണ്ടെന്ന് സ ര്‍ക്കാര്‍ വ്യക്തമാക്കി. 1231 പേര്‍ ഇപ്രകാരം സംസ്ഥാനത്ത് ക്യാംപ് ഫോളോവേഴ്‌സ് ആയി ജോലിചെയ്യുന്നു. ഇവരില്‍ 29 പേര്‍ മാത്രമാണ് ഉദ്യോഗസ്ഥരുടെ ക്യാംപ് ഓഫിസുകളിലുള്ളത്. ഉദ്യോഗസ്ഥരുടെ വീടുകളിലേക്ക് വീട്ടുജോലിക്കായി ഇവരെ നിയമിക്കാറില്ല. മേലുദ്യോഗസ്ഥരുടെ മോശം പെരുമാറ്റം സംബന്ധിച്ച് ഇവരാരും പരാതിപ്പെട്ടിട്ടുമില്ല. എട്ട് മണിക്കൂറായി ഇവരുടെ ജോലി സമയം നിജപ്പെടുത്തിയിട്ടുണ്ട്. അടിയന്തര സാഹചര്യങ്ങളില്‍ പോലിസിനെ പല സ്ഥലങ്ങളില്‍ നിയമിക്കുമ്പോള്‍ ആ ക്യാംപുകളിലേക്ക് ഇവരുടെ സേവനവും വിട്ടുനല്‍കാറുണ്ട്.
ക്യാംപ് ഫോളോവേഴ്‌സിന്റെ ആവശ്യങ്ങള്‍ സംബന്ധിച്ച് പഠിക്കാന്‍ കമ്മിറ്റി രൂപീകരിച്ചിട്ടുണ്ട്. ഇപ്പോള്‍ ക്യാംപ് ഫോളോവേഴ്‌സിന്റെ 355 ഒഴിവുകള്‍ നിലവിലുണ്ട്. അടിയന്തര സാഹചര്യങ്ങളില്‍ ദിവസവേതനക്കാരെയും നിയമിക്കാറുണ്ട്. ഡ്രൈവര്‍മാര്‍ ക്യാംപ് ഫോളോവേഴ്‌സല്ലെന്നും ടെക്‌നിക്കല്‍ വിഭാഗത്തില്‍ വരുന്ന ഇവരുടെ നിയമനം പ്രത്യേക രീതിയിലാണ് നടത്തുന്നതെന്നും സര്‍ക്കാര്‍ അറിയിച്ചു.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss