|    Jul 17 Tue, 2018 7:25 pm
FLASH NEWS
Home   >  Kerala   >  

പോലിസിലും സംഘപരിവാരം പിടിമുറുക്കുന്നു

Published : 17th September 2017 | Posted By: shins

 


തിരുവനന്തപുരം: കേരള പോലിസ് സേനയിലെ സംഘപരിവാര മനോഭാവമുള്ള ഉദ്യോഗസ്ഥര്‍ തങ്ങളുടെ പ്രവര്‍ത്തനശൈലിയില്‍ മാറ്റം വരുത്തുന്നു. സേനയ്ക്കുള്ളില്‍ സംഘടനാ പ്രവര്‍ത്തനം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി നിശബ്ദ പ്രവര്‍ത്തനം അവസാനിപ്പിച്ച് പരസ്യമായി പ്രവര്‍ത്തിക്കാനാണ് തീരുമാനം. കഴിഞ്ഞമാസം 17ന് കന്യാകുമാരിയിലെ വിവേകാനന്ദ കേന്ദ്രത്തില്‍ ചേര്‍ന്ന ഇവരുടെ പ്രഥമ പഠനശിബിരത്തിലാണ് പ്രവര്‍ത്തനശൈലി ഉടച്ചുവാര്‍ക്കാന്‍ തീരുമാനിച്ചത്. പ്രതിമാസ പ്രവര്‍ത്തന പദ്ധതികള്‍ ആവിഷ്‌കരിക്കാനായി എല്ലാമാസവും ചരിത്രപ്രാധാന്യമുള്ള സ്ഥലത്തു പ്രവര്‍ത്തകസമിതി ചേരും. പ്രവര്‍ത്തനങ്ങളും ആശയങ്ങളും പ്രചരിപ്പിക്കുന്നതിനായി സംഘപരിവാര അനുഭാവികളായ പോലിസുകാരെ ഉള്‍പ്പെടുത്തി തത്വമസിയെന്ന വാട്‌സ്ആപ്പ് ഗ്രൂപ്പ് ആരംഭിച്ചിട്ടുണ്ട്. സ്വകാര്യ ചാനലാണ് ഇതുസംബന്ധിച്ച വാര്‍ത്ത പുറത്തുവിട്ടത്. യോഗ ചെയ്യുന്നതിനായാണ് പ്രതിമാസ യോഗങ്ങള്‍ ചേരുന്നതെന്നാണ് പ്രചാരണമെങ്കിലും യോഗയെ മറയാക്കി പ്രവര്‍ത്തനപദ്ധതികള്‍ ആവിഷ്‌കരിക്കുകയാണ് ലക്ഷ്യം. ക്രൈംബ്രാഞ്ചിലെ രണ്ടു യോഗാ വിദഗ്ധര്‍ക്കാണ് ഇതിന്റെ ചുമതല. വിഴിഞ്ഞം ടൂറിസം പോലിസില്‍ പ്രവര്‍ത്തിക്കുന്ന ഉദ്യോഗസ്ഥനാണ് സംഘടനയുടെ പ്രസിഡന്റ്. തിരുവനന്തപുരം സിറ്റി കണ്‍ട്രോള്‍ റൂമിലെ ഒരു ഉദ്യോഗസ്ഥന്‍ സെക്രട്ടറിയും പോലിസ് ആസ്ഥാനത്തെ ബോംബ് സ്‌ക്വാഡിലുള്ള ഉദ്യോഗസ്ഥന്‍ ട്രഷററുമാണ്.
സംഘപരിവാര മനോഭാവമുള്ളവരും ഹിന്ദുത്വ ആശയങ്ങള്‍ അടിച്ചേല്‍പിക്കുന്നവരുമായ ഒരുപറ്റം ഉദ്യോഗസ്ഥര്‍ പോലിസ് സേനയുടെ തലപ്പത്ത് പ്രവര്‍ത്തിക്കുന്നുണ്ടെന്നതിന്റെ നിരവധി തെളിവുകള്‍ മുമ്പുതന്നെ പുറത്തുവന്നിരുന്നു. സംഘപരിവാരത്തെ പ്രശംസിച്ച് സ്ഥാനമൊഴിഞ്ഞ മുന്‍ ഡിജിപി ടി പി സെന്‍കുമാര്‍ നടത്തിയ പരസ്യപ്രതികരണങ്ങളും ഇതിനു ബലമേകിയിരുന്നു. കാലങ്ങളായി പോലിസില്‍ സംഘപരിവാരത്തിന്റെ പ്രവര്‍ത്തനം രഹസ്യമായി നടക്കുന്നുണ്ടെങ്കിലും ഏകീകൃത സ്വഭാവമുണ്ടായിരുന്നില്ല. മറ്റുപാര്‍ട്ടികളുടെ അനുഭാവികള്‍ സേനയില്‍ ശക്തിപ്പെട്ടതോടെയാണ് സംഘപരിവാരവും പരസ്യപ്രവര്‍ത്തനം നടത്താന്‍ തീരുമാനിച്ചത്. അംഗങ്ങളില്‍ നിന്നും 100 രൂപ മാസവരിയായി ഈടാക്കാനും പഠനശിബിരത്തില്‍ തീരുമാനമായി. പ്രവര്‍ത്തനഫണ്ട് സ്വരൂപിക്കുന്നതിനായി പ്രതിമാസം 1000 രൂപ തവണയില്‍ 11 മാസം നീണ്ടുനില്‍ക്കുന്ന ചിട്ടി നടത്തും. വലിയതുറ പോലിസ് സ്‌റ്റേഷനിലെ ഉദ്യോഗസ്ഥനാണ് ഇതിന്റെ ചുമതല.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss