|    Sep 21 Fri, 2018 9:06 pm
FLASH NEWS
Home   >  Kerala   >  

പോലിസിന് 400 ഡ്രൈവര്‍ തസ്തികകള്‍;3,657 തസ്തികകള്‍ക്കുള്ള നിര്‍ദേശം ഫയലില്‍ തന്നെ

Published : 13th January 2017 | Posted By: mi.ptk

kerala-police

എച്ച്  സുധീര്‍

തിരുവനന്തപുരം: പോലിസ് സേനയില്‍ ആവശ്യത്തിന് ഡ്രൈവര്‍മാരില്ലാത്തത് ക്രമസമാധാനപാലനത്തെ ബാധിക്കുന്നുവെന്ന പരാതികള്‍ക്കിടെ 400 ഡ്രൈവര്‍ തസ്്തികകള്‍ സൃഷ്ടിക്കാനുള്ള സര്‍ക്കാര്‍ തീരുമാനം സേനയ്ക്ക് താല്‍ക്കാലിക ആശ്വാസമാവും. എന്നാല്‍, നിലവിലെ പ്രതിസന്ധികള്‍ക്ക് പൂര്‍ണപരിഹാരം വേണമെങ്കില്‍ പോലിസ് കോണ്‍സ്റ്റബിള്‍ ഡ്രൈവര്‍മാരുടെ 3,657 തസ്തികകള്‍ അടിയന്തരമായി സൃഷ്ടിക്കണമെന്നുള്ള ഡിജിപിയുടെ നിര്‍ദേശം ഇപ്പോഴും ഫയലില്‍ ഉറങ്ങുകയാണ്. കുറ്റകൃത്യങ്ങള്‍ ദിനംപ്രതി വര്‍ധിക്കുന്ന സാഹചര്യത്തില്‍ ക്രമസമാധാനപാലനത്തിന് സംസ്ഥാന പോലിസ് സേനയില്‍ തന്നെ അംഗബലം കുറവാണെന്ന പരാതികള്‍ നിലനില്‍ക്കെയാണ് ഡ്രൈവര്‍ തസ്തികയിലും ആളില്ലാതായത്. ബോട്ടും മോട്ടോര്‍സൈക്കിളും ഉള്‍െപ്പടെ 7,300ഓളം വാഹനങ്ങളാണ് കേരള പോലിസിന്റെ കൈവശമുള്ളത്. ഇതില്‍ 6,200 വാഹനങ്ങളാണ് പ്രവര്‍ത്തനക്ഷമമായുള്ളത്. കഴിഞ്ഞ 10 വര്‍ഷത്തിനിടെ ഇരുചക്രവാഹനങ്ങള്‍ ഉള്‍പ്പെടെ വിവിധതരത്തിലുള്ള 4,177 വാഹനങ്ങളാണ് വാങ്ങിയത്. ഇത്രയേറെ വാഹനമുണ്ടായിട്ടും ആകെ മൂവായിരത്തിനടുത്ത് പോലിസ് ഡ്രൈവര്‍ തസ്തികകളാണ് വിവിധ ജില്ലകളിലുള്ളത്. നിലവിലെ പ്രതിസന്ധി കണക്കിലെടുത്ത് പോലിസില്‍ 3,657 ഡ്രൈവര്‍മാരുടെ ആവശ്യമുണ്ടെന്നു ചൂണ്ടിക്കാട്ടി ഡിജിപി 2015 ജൂലൈ 16ന് സര്‍ക്കാരിന് പ്രപ്പോസല്‍ സമര്‍പ്പിച്ചിരുന്നു. കഴിഞ്ഞ മാര്‍ച്ചില്‍ ഈ നിര്‍ദേശം സംബന്ധിച്ച ചര്‍ച്ചകള്‍ ഉയര്‍ന്നുവന്നെങ്കിലും നിയമസഭാ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതോടെ ചര്‍ച്ചകള്‍ അവസാനിച്ചു. പുതിയ സര്‍ക്കാര്‍ അധികാരത്തിലെത്തിയെങ്കിലും ഇക്കാര്യത്തില്‍ കാര്യമായ പുരോഗതിയുണ്ടായിരുന്നില്ല. അതിനിടെ, പ്രതിസന്ധി രൂക്ഷമാണെന്ന് പോലിസ് തലപ്പത്തുനിന്ന് നിരന്തരമുള്ള പരാതികളെ തുടര്‍ന്നാണ് അടിയന്തരമായി 400 ഡ്രൈവര്‍ തസ്തികകള്‍ സൃഷ്ടിക്കാന്‍ സര്‍ക്കാ ര്‍ കഴിഞ്ഞ ദിവസം തയ്യാറായത്. ആവശ്യത്തിന് ഡ്രൈവര്‍മാരില്ലാത്തതു കാരണം ലോക്കല്‍ പോലിസ് സ്‌റ്റേഷനുകളില്‍ ഉള്‍പ്പെടെ ലൈസന്‍സുള്ള പോലിസുകാരെയാണ് ഡ്രൈവര്‍ ജോലിക്കായി ഇപ്പോള്‍ നിയോഗിച്ചുവരുന്നത്. ഇതുകാരണം, രാത്രികാലങ്ങളിലുള്‍പ്പെടെ ക്രമസമാധാന പരിപാലനത്തിന് ആവശ്യത്തിന് പോലിസുകാരില്ലാത്ത സാഹചര്യമാണെന്ന് പരാതിയുണ്ട്. വാഹനങ്ങളുടെ എണ്ണത്തിന് ആനുപാതികമായി പോലിസ് കോണ്‍സ്റ്റബിള്‍ ഡ്രൈവര്‍മാരുടെ തസ്തിക നിലവിലില്ലാത്തതിനാലാണ് നിശ്ചിത യോഗ്യതയുള്ള പോലിസ് ഉദ്യോഗസ്ഥര്‍ക്ക് വാഹനം ഓടിക്കുന്നതിനുള്ള അനുമതി നല്‍കുന്നതെന്നാണ് ഇക്കാര്യത്തില്‍ ആഭ്യന്തരവകുപ്പിന്റെ വിശദീകരണം. പോലിസ് സേനാംഗങ്ങള്‍ക്ക് പരിശീലന കാലയളവില്‍ വാഹനം ഓടിക്കുന്നതിനുള്ള പരിശീലനവും ലൈസന്‍സും നല്‍കുന്നുണ്ട്. ഡ്രൈവറുടെ അഭാവത്തില്‍ ഇവരുടെ സേവനം ഉപയോഗപ്പെടുത്തുകയാണ് പതിവ്്.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss