|    May 27 Sat, 2017 7:11 pm
FLASH NEWS

പോലിസിന്റെ വാഹന പരിശോധനയ്ക്കിടെ വൃദ്ധന്‍ അപകടത്തില്‍പെട്ട സംഭവം – പോലിസുകാര്‍ക്കെതിരേ നടപടിയില്ല; പ്രതിഷേധിച്ച നാട്ടുകാര്‍ക്കെതിരേ അറസ്റ്റ് തുടങ്ങി

Published : 21st March 2017 | Posted By: fsq

 
കൊല്ലം: പോലിസിന്റെ വാഹന പരിശോധനയ്ക്കിടെ രണ്ട് ഇരുചക്ര വാഹന യാത്രികര്‍ അപകടത്തില്‍പ്പെടുകയും പരിക്കേറ്റവരെ ആശുപത്രിയില്‍ കൊണ്ടുപോകാന്‍ പോലിസ് വിസമ്മതിക്കുകയും ചെയ്ത സംഭവത്തില്‍ പ്രതിഷേധം നടത്തിയ നാട്ടുകാര്‍ക്കെതിരേ പോലിസ് നടപടി തുടങ്ങി.
കേസില്‍ രണ്ടുപേരെ ഈസ്റ്റ് പോലിസ് അറസ്റ്റ് ചെയ്തു. പാരിപ്പള്ളി വില്ലേജില്‍ ചിറക്കര അനുഗ്രഹയില്‍  ദിനേശ് പ്രദീപ്(26), പോളയത്തോട് നാഷനല്‍ നഗര്‍-185 ഷിജു(37) എന്നിവരേയാണ് അറസ്റ്റുചെയ്ത് കോടതിയില്‍ ഹാജരാക്കിയത്. വാഹന പരിശോധന നടത്തവേ കൂട്ടം ചേര്‍ന്ന് ഭീഷണിപ്പെടുത്തി ബലപ്രയോഗത്തിലൂടെ പോലിസിന്റെ ഡ്യൂട്ടി തടസ്സപ്പെടുത്തിയെന്നതാണ് ഇവര്‍ക്കെതിരേയുള്ള കേസ്.
പോളയത്തോട് ജങ്ഷനില്‍ ഈ മാസം 16ന് പോലിസ് വാഹന പരിശോധന നടത്തവേ രണ്ട് ബൈക്ക് യാത്രികര്‍ അപകടത്തില്‍പ്പെട്ടിരുന്നു. ദേശീയപാതയില്‍ പോളയത്തോട്ടില്‍ പെട്ടെന്ന് കാണാന്‍ കഴിയാത്ത ഭാഗത്ത് നിന്ന് വാഹനങ്ങള്‍ തടഞ്ഞു നിര്‍ത്തി പോലിസ് പരിശോധന നടത്തുകയായിരുന്നു. ഇതുവഴി വന്ന കാര്‍ പോലിസ് പരിശോധന കണ്ട് നിര്‍ത്തി. കാറിന് പിന്നില്‍ വരികയായിരുന്ന ബൈക്ക് കാറിന്റെ പിറകില്‍ ഇടിച്ച് ബൈക്ക് യാത്രികനായ ഷാനു റോഡിലേക്ക് തെറിച്ചുവീണു. ഇയാള്‍ക്ക് പരിക്കേറ്റു. അല്‍പ്പ സമയത്തിനകം ദേശീയപാതയിലൂടെ വന്ന ബൈക്കും പെട്ടെന്ന് ബ്രേക്കിട്ട് നിര്‍ത്തുന്നതിനിടെ ബൈക്ക് യാത്രികനായ നാസര്‍ കെഎസ്ആര്‍ടിസി ബസ്സിനടയിലേക്ക് തെറിച്ചുവീണു. യാത്രക്കാര്‍ അപകടത്തില്‍പ്പെട്ടിട്ടും ഗൗനിക്കാതെ പോലിസുകാരും ഹോംഗാര്‍ഡും പരിശോധന തുടര്‍ന്നതോടെയാണ് നാട്ടുകാര്‍ സംഘടിച്ചെത്തുകയും സ്ഥലത്ത് സംഘര്‍ഷാവസ്ഥ ഉടലെടുക്കുകയും ചെയ്തത്.
ഉപരോധത്തെ തുടര്‍ന്ന് ദേശീയപാതയില്‍ വാഹന ഗതാഗതം തടസപ്പെട്ടതോടെ ഉയര്‍ന്ന പോലിസ് ഉദ്യോഗസ്ഥരെത്തി കുറ്റക്കാരായ പോലിസുകാര്‍ക്കെതിരേ നടപടിയെടുക്കാമെന്ന് ഉറപ്പു നല്‍കിയതിനെ തുടര്‍ന്ന് ഉപരോധം അവസാനിപ്പിക്കുകയായിരുന്നു. വാഹന പരിശോധന നടത്തവേ ബൈക്കില്‍ വന്ന ബൈക്ക് യാത്രക്കാരന്‍ പോലിസ് വാഹന പരിശോധന നടത്തുന്നത് കണ്ട് തിരികെ പോകാന്‍ ശ്രമിക്കുന്നതിനിടെയാണ് അപകടത്തില്‍ പരിക്കേറ്റതെന്നും തുടര്‍ന്ന് കുറേ ആള്‍ക്കാര്‍ സംഘം ചേര്‍ന്ന് സ്ഥലത്ത് ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയായിരുന്നുവെന്നുമാണ് പോലിസ് ആരോപണം. പോലിസ് കേസ് രജിസ്റ്റര്‍ ചെയ്യുകയും സാമൂഹിക മാധ്യമങ്ങള്‍ വഴി പ്രചരിപ്പിച്ച ദൃശ്യങ്ങളില്‍ നിന്നും പ്രതികളെ തിരിച്ചറിയുകയും രണ്ടു പേരേ അറസ്റ്റുചെയ്യുകയുമായിരുന്നു. മറ്റുള്ളവരെ ഉടന്‍ അറസ്റ്റു ചെയ്യുമെന്ന് പോലിസ് അറിയിച്ചു. കൊല്ലം ഈസ്റ്റ് ഇന്‍സ്‌പെക്ടര്‍ എസ് മഞ്ചുലാല്‍, എസ്‌ഐ രൂപേഷ് രാജ്, അഡീണല്‍ സബ്ബ് ഇന്‍സ്‌പെക്ടര്‍ കെഎ മുഹമ്മദ് ബഷീര്‍, എസ് സിപിഒ രാധാകൃഷ്ണപിള്ള തുടങ്ങിയവരാണ് കേസ്സിന്റെ അന്വേഷണം നടത്തുന്നത്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day