|    Jun 18 Mon, 2018 1:26 pm
FLASH NEWS
Home   >  Editpage  >  Editorial  >  

പോലിസിന്റെ ഭാഗത്തുണ്ടായത് ഗുരുതരമായ വീഴ്ചകള്‍

Published : 9th May 2016 | Posted By: SMR

പെരുമ്പാവൂരില്‍ അതിനിഷ്ഠുരമായി കൊലചെയ്യപ്പെട്ട നിയമവിദ്യാര്‍ഥിനി ജിഷയുടെ ഘാതകരെ പിടികൂടാന്‍ സംഭവം നടന്ന് പത്ത് ദിവസം പിന്നിട്ടിട്ടും പോലിസിനു കഴിഞ്ഞിട്ടില്ലെന്നത് അന്വേഷണത്തിലെ പരാജയമായി വിലയിരുത്തപ്പെടുമെന്ന കാര്യത്തില്‍ സംശയമില്ല. നിരവധിപേരെ ചോദ്യംചെയ്യുകയും സംശയം തോന്നിയ 16 പേരെ കസ്റ്റഡിയിലെടുക്കുകയും ചെയ്തിട്ടുണ്ടെന്നാണ് ഇതുസംബന്ധമായി പുറത്തുവന്ന വിവരം. ഇപ്പോള്‍ ജിഷയുടെ സഹോദരി ദീപയുടെ സുഹൃത്തുക്കളായ രണ്ടുപേരെ കേന്ദ്രീകരിച്ചാണ് അന്വേഷണം നടക്കുന്നതെന്നും പ്രതികളെക്കുറിച്ച് വ്യക്തമായ സൂചനകള്‍ ലഭിച്ചിട്ടുണ്ടെന്നും പോലിസ് പറയുന്നു. ഇത്തരമൊരു പ്രമാദമായ കേസില്‍ പ്രതികളെ എത്രയും വേഗം പിടികൂടുക എന്നത് പരമപ്രധാനമാണ്. പോലിസിന് ലഭിച്ചെന്നു പറയുന്ന സൂചനകള്‍ ശരിയാണെങ്കില്‍ കുറ്റവാളികള്‍ ഉടനെ പിടികൂടപ്പെടുമെന്ന് നമുക്കു പ്രതീക്ഷിക്കാം.
അതേസമയം, കേരളീയസമൂഹത്തെ നടുക്കിക്കളഞ്ഞ ഈ കൊലപാതകസംഭവത്തെ വളരെ ഉദാസീനമായാണ് ആദ്യഘട്ടത്തില്‍ പോലിസ് കൈകാര്യം ചെയ്തതെന്ന ആരോപണം അടിസ്ഥാനരഹിതമാണെന്നു പറയാന്‍ കഴിയില്ല. ഒരു കൊലപാതകസംഭവത്തില്‍ സാധാരണ പാലിക്കപ്പെടുന്നതരത്തിലുള്ള ജാഗ്രതയോ ആകാംക്ഷയോ പോലിസിന്റെ ഭാഗത്തുനിന്ന് ഉണ്ടായതായി കാണുന്നില്ല. തെളിവുകള്‍ സംരക്ഷിക്കുന്നതില്‍ ഗുരുതരമായ വീഴ്ചകള്‍ സംഭവിച്ചതായി പോലിസ് കംപ്ലയിന്റ് അതോറിറ്റി ചെയര്‍മാന്‍ തന്നെ ചൂണ്ടിക്കാണിക്കുന്നു. അതോറിറ്റി ഐജി, റൂറല്‍ എസ്പി, പെരുമ്പാവൂര്‍ ഡിവൈഎസ്പി, സിഐ, എസ്‌ഐ എന്നിവര്‍ക്ക് ഇക്കാര്യത്തില്‍ രണ്ടാഴ്ചയ്ക്കകം വിശദീകരണം നല്‍കണമെന്നാവശ്യപ്പെട്ടുകൊണ്ട് നോട്ടീസ് അയച്ചിരിക്കുകയാണ്.
കൊലപാതകം നടന്ന സ്ഥലത്തെ തെളിവുകള്‍ സുപ്രധാനമാണെന്നിരിക്കെ അവ സംരക്ഷിക്കുന്നതില്‍ പോലിസ് ഗുരുതരമായ അലംഭാവമാണു കാണിച്ചത്. പോസ്റ്റ്‌മോര്‍ട്ടം ചെയ്യുന്നതിലും ഇന്‍ക്വസ്റ്റ് തയ്യാറാക്കുന്നതിലും നിയമപരമായ ചട്ടങ്ങള്‍ പാലിക്കപ്പെട്ടിട്ടില്ല. മൃതദേഹം തിടുക്കത്തില്‍ ദഹിപ്പിച്ചതിലൂടെ തെളിവുകളുടെ വലിയൊരു സാധ്യത തന്നെ ഇല്ലാതാക്കി. ഇത്തരമൊരു കേസില്‍ മൃതദേഹം തിരക്കിട്ട് കത്തിച്ചുകളയുന്നതിലൂടെ പോലിസ് സ്വയം സംശയത്തിന്റെ നിഴലില്‍ വന്നുനില്‍ക്കുകയാണു ചെയ്തത്. മൃതദേഹം അന്വേഷണഘട്ടത്തില്‍ സുപ്രധാനമാണെന്ന സാമാന്യബോധം പോലിസിനില്ലെന്ന് വിശ്വസിക്കാന്‍ പ്രയാസമാണ്. അപ്പോള്‍ ഈ തിടുക്കത്തിന്റെ പ്രേരകമെന്തെന്ന ചോദ്യം സ്വാഭാവികമായും ഉയരും. അന്ധനായ ഒരാള്‍ ഇരുട്ടുമുറിയില്‍ കറുത്ത പൂച്ചയെ തിരയുന്ന അവസ്ഥയിലാണ് ഇപ്പോള്‍ പോലിസ് ഉള്ളതെന്ന വിമര്‍ശനം അതുകൊണ്ടുതന്നെ അസ്ഥാനത്തല്ല.
ഈ കൊലപാതകക്കേസുമായി ബന്ധപ്പെട്ട മറ്റു നടപടിക്രമങ്ങളിലും ഇത്തരം വീഴ്ചകള്‍ കാണാന്‍ കഴിയുന്നുണ്ട്. ഒരു പിജി വിദ്യാര്‍ഥിയാണ് പോസ്റ്റ്‌മോര്‍ട്ടത്തിന് കാര്‍മികത്വം വഹിച്ചതെന്ന റിപോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. ഒരു ദലിത് യുവതിയുടെ കൊലപാതകത്തിന് അത്രയേ പ്രാധാന്യമുള്ളൂ എന്ന തരത്തിലുള്ള അവഗണനയുടെ പൊതുബോധമാണ് ഇതിലെല്ലാം നിഴലിക്കുന്നതെങ്കില്‍ സംസ്‌കാരത്തിന്റെ പേരിലുള്ള നമ്മുടെ ഗര്‍വുകള്‍ക്ക് ഒരടിസ്ഥാനവുമില്ലെന്ന് പറയേണ്ടിവരും.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss