|    Mar 26 Sun, 2017 5:19 am
FLASH NEWS

പോലിസിന്റെ പിഴ ചുമത്തലിനെതിരേ ആക്ഷേപം ശക്തമാവുന്നു

Published : 12th July 2016 | Posted By: SMR

എരുമേലി: വാഹന പരിശോധനയും പിഴ ചുമത്തലും കര്‍ശനമാക്കണമെന്ന നിര്‍ദേശം പോലിസ് പാലിച്ചതോടെ നാട്ടുകാരില്‍ മാത്രമല്ല പോലിസിലും ആ ക്ഷേപം പുകയുന്നു.
ഓരോ പോലിസ് സ്‌റ്റേഷനിലും നിശ്ചിത ക്വാട്ട പെറ്റി ചുമത്തല്‍ നിര്‍ബന്ധമാക്കിയതോടെ ക്രമസമാധാനപാലന ഡ്യൂട്ടികള്‍ ഉപേക്ഷിച്ച് പോലിസ് തെരുവിലിറങ്ങി വാഹന പരിശോധനയില്‍ മാത്രം ശ്രദ്ധ ചെലുത്തുന്നതായി പരാതി ഉയര്‍ന്നു. എരുമേലി ടൗണ്‍ റോഡില്‍ ഒരേ സമയം പല ഭാഗങ്ങളിലാണ് കഴിഞ്ഞ ദിവസങ്ങളിലെല്ലാം പോലിസിന്റെ പെറ്റി ചുമത്തല്‍ നടന്നത്. ഇതിന് ഇരകളായവരേറേയും ടൗണിലെ വ്യാപാരികളും സാധനങ്ങള്‍ വാങ്ങാന്‍ വന്നവരുമായിരുന്നു.
റോഡില്‍ ഇടത് വശത്തു പാര്‍ക്കിങ് അനുവദിച്ചിരിക്കെ വാഹനം പാര്‍ക്ക് ചെയ്തവര്‍ക്കും പെറ്റികിട്ടി. വ്യാപാരി വ്യവസായി സംഘടനാ ഭാരവാഹികളുടെ കടയില്‍ സാധനമിറക്കിക്കൊണ്ടിരുന്ന വാഹനത്തിനും പെറ്റി ചുമത്തി. ബസ്സുകളില്‍ കയറി ഇറങ്ങി യൂനിഫോമില്ലാത്ത ജീവനക്കാര്‍ക്കും പിഴ ചുമത്തി. ക്വോട്ട തികയ്ക്കാന്‍ രാത്രിയിലും പരിശോധനയും പെറ്റി ചുമത്തലും ഊര്‍ജിതമാക്കേണ്ട സ്ഥിതിയിലായിരിക്കുന്നു.
പച്ചക്കറിയും മല്‍സ്യവും മറ്റും വാങ്ങാന്‍ വാഹനമൊതുക്കിയവരെല്ലാം പെറ്റി ചുമത്തലിന് ഇരകളായി. വാഹനം കഴുകി സര്‍വീസ് ചെയ്തിട്ട് വരുമ്പോഴും പണികള്‍ക്കായി വര്‍ക്ക് ഷോപ്പിലേക്ക് പോവുമ്പോഴുമെല്ലാം പെറ്റി ചുമത്തല്‍ നേരിടേണ്ടി വന്നവരും ഏറെയാണ്. പരാതികള്‍ സോഷ്യല്‍ മീഡിയിലൂടെയാണ് ആദ്യം പോലിസിനെതിരെ തിരിഞ്ഞത്.
പിന്നാലെ ഭരണ കക്ഷിയില്‍ നിന്ന് വിമര്‍ശനം ശക്തമായി. ഇതില്‍ പോലിസ് സേനയിലും അസ്വസ്ഥതയുണ്ട്. ജനങ്ങളുടെ പരാതികള്‍ക്ക് തീര്‍പ്പുണ്ടാക്കാതെ പെറ്റി ചുമത്തല്‍ മാത്രമായി പോലിസിന് ഡ്യൂട്ടിമാറിയെന്നും ആരോപണം പോലിസിലും ശക്തമായിട്ടുണ്ട്.
ഖജനാവിന്റെ പണം നിറയ്ക്കാനായാണ് കൊള്ള പലിശക്കാരുടെ ഗുണ്ടപിരിവുകാരെപോലെ പോലിസ് പെറ്റി ചുമത്താല്‍ നടത്തുന്നതെന്ന് സോഷ്യല്‍ മീഡയകളില്‍ പ്രതികരിച്ചവര്‍ നിരവധിയാണ്. എന്നാല്‍ നിയമപരമായി മുമ്പ് നടത്തിയിരുന്ന വാഹന പരിശോധന സുരക്ഷക്ക് വേണ്ടിയായിരുന്നെന്ന തോന്നല്‍ ജനങ്ങളില്‍ സൃഷ്ടിച്ചിരുന്നു. പണമുണ്ടാക്കാനായി വാഹന പരിശോധനകള്‍ നടത്തി പെറ്റി കേസുകള്‍ വര്‍ധിപ്പിക്കുന്നതിലൂടെ സര്‍ക്കാരിനെതിരേ ജന വികാരം തിരിയുമെന്ന ഭരണകക്ഷിയില്‍ നിന്നു തന്നെ വിമര്‍ശനം ഉയര്‍ന്നിട്ടുണ്ട്.

(Visited 34 times, 1 visits today)
thanur-inner                            
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക