|    Mar 19 Mon, 2018 2:32 pm
FLASH NEWS

പോലിസിന്റെ ക്രൂരമര്‍ദ്ദനം; റമീസിന് നീതിനിഷേധം തുടരുന്നു

Published : 4th July 2016 | Posted By: SMR

നല്ലളം: ചാലാട്ടി മതിലൊളിത്താഴം എറമാക്കാന്‍ വീട്ടില്‍ മുഹമ്മദ് ബഷീറിന്റെ മകനും ക്രിസ്ത്യന്‍ കോളജ് സ്‌കൂള്‍ പ്ലസ്‌വണ്‍ വിദ്യാര്‍ഥിയുമായിരുന്ന മുഹമ്മദ് റമീസിന് നീതി നിഷേധം തുടരുന്നു. നവംബര്‍ ഏഴിന് നടന്ന തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പ് ഫലപ്രഖ്യാപനത്തെ തുടര്‍ന്ന് എല്‍ഡിഎഫ്-യുഡിഎഫ് അനുയായികള്‍ തമ്മില്‍ ഉരസലുണ്ടായതിനെതുടര്‍ന്ന് സ്ഥലത്തെത്തിയ പോലിസ്, കല്യാണത്തിന് ജയന്തി റോഡിലെ ഹാളിലേക്ക് പോവുകയായിരുന്ന റമീസിന്റെ തലയ്ക്ക് പിന്നില്‍ നിന്നും അടിക്കുകയും ബോധം കെട്ട് നിലത്ത് വീണ റമീസിനെ വളഞ്ഞിട്ട് തല്ലുകയും ചവിട്ടിയരക്കുകയുമായിരുന്നു. പോലിസിന്റെ ക്രൂരമര്‍ദ്ദനത്തില്‍ തോളിലെ ഏല്ലുകളും മസിലുകളും ഞരമ്പുകളും പൂര്‍ണമായും തകര്‍ന്ന അവസ്ഥയിലാണ് ഈ വിദ്യാര്‍ഥി ഇപ്പോള്‍. വലത്തെ ചെവിയുടെ കര്‍ണപുടവും ഞരമ്പുകളും പൂര്‍ണമായി നഷ്ടപ്പെട്ടത് കാരണം കേള്‍വിശക്തി പൂര്‍ണമായി നഷ്ടപ്പെടുമെന്ന് മാത്രമല്ല ഇത് തിരിച്ചുകിട്ടാന്‍ യാതൊരുചികില്‍സയും നിലവിലില്ലെന്നുമാണ് ഡോക്ടര്‍മാര്‍ പറയുന്നത്.
ഛര്‍ദ്ദിയും തലയിലെ പ്രശ്‌നങ്ങളും മൂലം സ്‌കൂളിലേക്കു പോകാനും പരീക്ഷ എഴുതാനും സാധിച്ചില്ല. സഹായിയെ വെച്ച് പരീക്ഷയെഴുതാന്‍ അനുവാദം ലഭിച്ചെങ്കിലും സ്‌കൂളില്‍ പോകാന്‍ സാധിച്ചിട്ടില്ല. പ്ലസ്ടു ക്ലാസുകള്‍ തുടങ്ങിയപ്പോള്‍ സ്‌കൂളില്‍ പോയെങ്കിലും ക്ലാസില്‍ ഇരിക്കാന്‍ സാധിക്കാത്തതിനാല്‍ തിരിച്ചുപോന്നു. പഠിക്കാന്‍ മിടുക്കനായ മകന്റെ അവസ്ഥയില്‍ മനംനൊന്ത് കരയുകയാണ് മാതാവ് നജ്മയും സഹോദരിയും. നേരത്തെ വാര്‍ത്തയുടെ അടിസ്ഥാനത്തില്‍ ബാലാവകാശ കമ്മീഷനംഗം നസീര്‍ ചാലിയവും പ്രൊട്ടക്ഷന്‍ ഓഫിസര്‍ ഷീബാ മുംതാസും വന്ന് പരാതി സ്വീകരിക്കുകയും റിപോര്‍ട്ട് തയ്യാറാക്കുകയും 10,000 രൂപ അടിയന്തരസഹായം അനുവദിക്കുകയും അന്വേഷണത്തിന് ശുപാര്‍ശ ചെയ്യുകയും ചെയ്തു. പോലിസുകാര്‍ യാതൊരു അതിക്രമവും കാണിച്ചിട്ടില്ലെന്നും ഓടിപ്പോകുമ്പോള്‍ തടഞ്ഞ് വീണാണ് റമീസിന് പരിക്കേറ്റതെന്നും ആഭ്യന്തര വകുപ്പ് അഡീഷണല്‍ സെക്രട്ടറി ആര്‍ ലതിക തിരുവനന്തപുരത്ത് നിന്നും അറിയിച്ചു. മുന്‍ വ്യവസായമന്ത്രി എളമരം കരീമിന്റെ സഹായത്തോടെ അന്നത്തെ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്ക് നിവേദനം കൊടുത്തെങ്കിലും യാതൊരു നടപടിയുമുണ്ടായില്ല. ഇപ്പോഴത്തെ എംഎല്‍എ വി കെ സി മമ്മദ്‌കോയ മുഖേന മുഖ്യമന്ത്രി പിണറായി വിജയന് നിവേദനം കൊടുത്ത് നീതിക്കുവേണ്ടി കാത്തിരിക്കുകയാണ് കൂലിപ്പിണിക്കാരനായ ബഷീര്‍. തന്റെ മകന്റെ ജീവിതം തകര്‍ത്ത ക്രൂരന്‍മാരായ പോലിസുകാരെ മാതൃകാപരമായി ശിക്ഷിക്കണമെന്നും ചികില്‍സയ്ക്കായി ചെലവായ പണം തിരിച്ചുതരണമെന്നും റമീസിന്റെ ഇനിയുള്ള ചികില്‍സ സര്‍ക്കാര്‍ ഏറ്റെടുക്കണമെന്നുമാണ് കുടുംബത്തിന്റെ ആവശ്യം.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Dont Miss