|    Oct 18 Wed, 2017 4:45 pm
FLASH NEWS
Home   >  Editpage  >  Editorial  >  

പോലിസിന്റെ അമിതാവേശം ആപല്‍ക്കരം

Published : 1st August 2016 | Posted By: SMR

കോഴിക്കോട്ട് കോടതിവളപ്പിലും പോലിസ് സ്റ്റേഷനിലും മാധ്യമപ്രവര്‍ത്തകര്‍ക്കു നേരെ നടന്ന പോലിസ് അതിക്രമങ്ങള്‍ സംസ്ഥാനത്തിനകത്തും പുറത്തും ശക്തമായ പ്രതിഷേധങ്ങള്‍ക്കു വഴിവച്ചിരിക്കുകയാണ്. ഹൈക്കോടതിയിലും മറ്റുചില കോടതികളിലും മാധ്യമങ്ങള്‍ക്കുള്ള അപ്രഖ്യാപിത വിലക്ക് ദേശീയതലത്തില്‍ തന്നെ ചര്‍ച്ചയാവുകയും വിഷയത്തില്‍ സുപ്രിംകോടതി വരെ ഇടപെടുകയും ചെയ്തിരിക്കെയാണ് പോലിസിന്റെ ഭാഗത്തുനിന്നുള്ള ന്യായീകരണമില്ലാത്ത ഈ നടപടികള്‍. ജില്ലാ ജഡ്ജിയുടെ നിര്‍ദേശപ്രകാരമാണ് എന്ന വാദമുയര്‍ത്തിയാണ് ശനിയാഴ്ച രാവിലെ കോടതിവളപ്പിലെത്തിയ മാധ്യമപ്രവര്‍ത്തകരെ പോലിസ് അന്യായമായി കസ്റ്റഡിയിലെടുത്തത്. എന്നാല്‍, ഇങ്ങനെയൊരു നിര്‍ദേശം കൊടുത്തിട്ടില്ലെന്ന് കോടതി അധികൃതര്‍ വിശദീകരിക്കുന്നു. പോലിസ് സ്റ്റേഷനില്‍ വച്ച് പോലിസ് മാധ്യമപ്രവര്‍ത്തകരെ വലിച്ചിഴച്ചുകൊണ്ടുപോയി മുറിയിലിട്ട് അടച്ചു. നിയമപരമായ പരിധികള്‍ അതിലംഘിച്ചുകൊണ്ടുള്ള പോലിസിന്റെ ഇത്തരം നീക്കങ്ങള്‍ അംഗീകരിക്കാനാവാത്തതും അങ്ങേയറ്റം പ്രതിഷേധാര്‍ഹവുമാണ്. പോലിസ് നടപടിയെ പിന്തുണച്ച് രംഗത്തുവന്ന ബാര്‍ അസോസിയേഷന്റെ നിലപാട് ഒട്ടും വിവേകപൂര്‍ണമല്ലെന്നു കൂടി പറയേണ്ടിയിരിക്കുന്നു.
കഴിഞ്ഞയാഴ്ച ഹൈക്കോടതിയില്‍ അഭിഭാഷകരും മാധ്യമപ്രതിനിധികളും തമ്മിലുണ്ടായ സംഘര്‍ഷമാണ് പ്രശ്‌നങ്ങള്‍ക്കു തുടക്കമിടുന്നത്. സ്ത്രീയെ റോഡില്‍ വച്ച് അപമാനിച്ച സംഭവത്തില്‍ ഗവണ്‍മെന്റ് പ്ലീഡര്‍ ധനേഷ് മാത്യുവിനെതിരായ കേസ് റിപോര്‍ട്ട് ചെയ്തതിന്റെ പേരില്‍ രണ്ടു മാധ്യമപ്രവര്‍ത്തകരെ കോടതിക്കകത്തു വച്ച് ഒരുസംഘം അഭിഭാഷകര്‍ ആക്രമിക്കുകയായിരുന്നു. ഇതില്‍ പ്രതിഷേധിച്ച് പ്രകടനം നടത്തിയ മാധ്യമപ്രവര്‍ത്തകരും അഭിഭാഷകരും തമ്മില്‍ സംഘര്‍ഷമുണ്ടായി. ഹൈക്കോടതിയിലെ മീഡിയാ റൂം അടച്ചിടുകയും മാധ്യമങ്ങള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തുകയുമാണ് പിന്നീട് കോടതി ചെയ്തത്. മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ നടന്ന യോഗത്തിലുണ്ടായ ഒത്തുതീര്‍പ്പുവ്യവസ്ഥകള്‍ ആരും പരിഗണിച്ചതായി കാണുന്നില്ല. കോടതി നടപടികളുടെ സുതാര്യത അപകടപ്പെടുത്തുന്ന ഇത്തരം നീക്കങ്ങള്‍ ഒരു ജനാധിപത്യവ്യവസ്ഥയ്ക്കു ചേര്‍ന്നതല്ലെന്നു പറയേണ്ടതില്ല. കോടതിക്കാര്യത്തില്‍ ഇടപെടാനാവില്ലെന്ന് മുഖ്യമന്ത്രി കൈമലര്‍ത്തുമ്പോഴും ഭരണകക്ഷിയിലെ പ്രമുഖ നേതാവ് ഇക്കാര്യത്തില്‍ സുപ്രിംകോടതിയുടെ ഇടപെടല്‍ ആവശ്യപ്പെട്ട് കത്തെഴുതിയിരിക്കുകയാണ്. അതായത് ഇടതുമുന്നണിയില്‍ തന്നെ ഇതുസംബന്ധിച്ച് അഭിപ്രായഭിന്നതകളുണ്ട്.
ജുഡീഷ്യറിയായാലും എക്‌സിക്യൂട്ടീവ് ആയാലും അവയോരോന്നും തങ്ങളുടെ ഭരണഘടനാപരമായ ഉത്തരവാദിത്തങ്ങള്‍ നിര്‍വഹിക്കുന്നതില്‍ പ്രതിജ്ഞാബദ്ധരാവുകയും നിയമപരമായ പരിധികളും അന്തസ്സത്തയും പാലിക്കുകയും ചെയ്യുമ്പോഴാണ് റിപബ്ലിക്കിന്റെ ആരോഗ്യപരമായ നിലനില്‍പ്പ് ഉറപ്പുവരുത്താനാവുക. അതില്‍നിന്നുള്ള ഏതൊരു വ്യതിചലനവും ജനാധിപത്യത്തെ ദുര്‍ബലപ്പെടുത്തുകയേ ഉള്ളൂ.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക