|    Jul 21 Fri, 2017 4:24 pm
FLASH NEWS

പോലിസിന്റെയും ബ്ലേഡ് മാഫിയയുടെയും ഒത്തുകളി ; യുവാവിന് ജോലി തിരികെ നല്‍കണമെന്ന് മനുഷ്യാവകാശ കമ്മീഷന്‍

Published : 15th July 2017 | Posted By: fsq

 

തിരുവനന്തപുരം: ബ്ലേഡ് മാഫിയയും പോലീസ് ഉദേ്യാഗസ്ഥരും ഒത്തുകളിച്ച് യുവാവിന്റെ ജോലി ഇല്ലാതാക്കിയ സംഭവത്തില്‍ ലൈഫ് ഇന്‍ഷ്വറന്‍സ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ (എല്‍ഐസി) യുവാവിന് ജോലി തിരികെ നല്‍കണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍. കവടിയാര്‍ ടോള്‍ ജംഗ്ഷനില്‍ ചെറുകര പീസ്‌വില്ലയില്‍ ബിനുവിശ്വംഭരനെ എല്‍.ഐസി ഏജന്റായി ജോലിയില്‍ തിരികെ പ്രവേശിപ്പിക്കണമെന്നാണ് കമ്മീഷന്‍ ആക്റ്റിങ് അധ്യക്ഷന്‍ പി മോഹനദാസിന്റെ ഉത്തരവ്. മലയിന്‍കീഴ് പോലീസ് സ്റ്റേഷനില്‍ 2012 ഏപ്രിലിലും 2014 മാര്‍ച്ചിലും എസ്.ഐമാരായിരുന്നവര്‍ക്കെതിരെ സ്വീകരിച്ച അച്ചടക്ക നടപടികളുടെ വിശദവിവരം ജില്ലാ പോലീസ് മേധാവി ഒരു മാസത്തിനകം ഹാജരാക്കണമെന്നും കമ്മീഷന്‍ നിര്‍ദ്ദേശിച്ചു. ഇവര്‍ ബിനുവിശ്വംഭരന്റെ കേസില്‍ കൃത്രിമം കാണിച്ചതായി കമ്മീഷന്‍ കണ്ടെത്തി. ബ്ലേഡ് മാഫിയയും ചില പോലിസ് ഉദേ്യാഗസ്ഥരും ചേര്‍ന്ന് പരാതിക്കാരുടെ മനുഷ്യാവകാശങ്ങള്‍ ലംഘിച്ചതായി കമ്മീഷന്‍ കണ്ടെത്തി. ബിനുവിശ്വംഭരനും ചില ബ്ലേഡ് മാഫിയക്കാരും തമ്മില്‍ സാമ്പത്തിക ഇടപാടുകള്‍ ഉണ്ടായിരുന്നു. തന്റെ ബിസിനസ് സ്ഥാപനങ്ങള്‍ തകര്‍ച്ച നേരിട്ടതോടെ ബ്ലേഡുകാര്‍ പരാതിക്കാരനെയും ഭാര്യയെയും പിതാവിനെയും ശാരീരികമായും മാനസികമായും പീഡിപ്പിക്കാന്‍ ആരംഭിച്ചു. പോലിസുമായി ചേര്‍ന്ന് ബ്ലേഡ് മാഫിയക്കാര്‍ ബിനുവിശ്വംഭരനെ എല്‍ഐസി ഏജന്റ് സ്ഥാനത്ത് നിന്നും പുറത്താക്കുകയായിരുന്നു. ബ്ലേഡ്മാഫിയ പീഡിപ്പിച്ചതിനെതിരായി ബിനുവിശ്വംഭരന്റെ പരാതിയില്‍ പോലീസ് കേസെടുത്തില്ലെന്ന് കമ്മീഷന്‍ കണ്ടെത്തി.  മലയിന്‍കീഴില്‍ എസ്.ഐമാരായിരുന്ന രണ്ട്‌പേര്‍ ജോലിയില്‍ വീഴ്ചവരുത്തിയതായും ക്രൈംബ്രാഞ്ചും കണ്ടെത്തിയിരുന്നു. കേസുകള്‍ ക്രൈംബ്രാഞ്ച് ഡിവൈ.എസ്പിയില്‍ കുറയാത്ത ഉദേ്യാഗസ്ഥന്‍ അനേ്വഷിക്കണമെന്നും കമ്മീഷന്‍ ഡി.ജിപിക്ക് നിര്‍ദേശം നല്‍കി.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക