|    Oct 17 Wed, 2018 5:32 pm
FLASH NEWS
Home   >  Editpage  >  Lead Article  >  

പോലിസിനെ ഭരിക്കാന്‍ കേമന്‍ ഇപി തന്നെ

Published : 10th August 2018 | Posted By: kasim kzm

മധ്യമാര്‍ഗം – പരമു

കേരളീയര്‍ ഭാഗ്യവാന്‍മാര്‍. കാലവര്‍ഷക്കെടുതികളും ഇല്ലായ്മകളും വല്ലായ്മകളും നമുക്ക് മാറ്റിവയ്ക്കാം. ഓണത്തെ വരവേല്‍ക്കുന്നതിനു മുമ്പ് സഖാവ് ഇ പി ജയരാജനെ പൊന്നാട അണിയിച്ച് ആദരിക്കാം. സംസ്ഥാനഭരണത്തിലേക്ക് സഖാവ് ഇപി തിരിച്ചെത്തുന്നു. സഖാവ് ഇപി ഒറ്റത്തടിയല്ല. അതൊരു വലിയ പ്രസ്ഥാനമാണ്. കുഞ്ഞുനാളിലേ രാഷ്ട്രീയ പ്രവര്‍ത്തനം ആരംഭിച്ചതാണ്. അടിയുടെ, ഇടിയുടെ, വെടിയുടെ മുമ്പില്‍ വിരിമാറു കാണിച്ച പാരമ്പര്യം. അറിവിലും അനുഭവത്തിലും കാര്യപ്രാപ്തിയിലും സഖാവ് ഇപിയെ വെല്ലാന്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയില്‍ ആരുമില്ല.
മുന്‍കാലങ്ങളിലെ പോലെ കട്ടന്‍ചായയും പരിപ്പുവടയും കഴിച്ച് പാര്‍ട്ടിപ്രവര്‍ത്തനം നടത്താന്‍ കഴിയില്ലെന്നു പ്രഖ്യാപിച്ച കമ്മ്യൂണിസ്റ്റ് നേതാവാണ് അദ്ദേഹം. സിപിഎമ്മില്‍ എം വി രാഘവന്‍ പ്രമുഖ നേതാവായപ്പോള്‍ അദ്ദേഹത്തിന്റെ ഇടംകൈയായി നിലകൊണ്ടത് ഇപിയായിരുന്നു. കണ്ണൂരിലും പരിസരങ്ങളിലും നടമാടിയ അനേകം അക്രമസംഭവങ്ങളില്‍ ഇപിയുടെ പേര് പൊന്തിവരുമെങ്കിലും പെട്ടെന്നു കെട്ടടങ്ങും. തലനാരിഴകൊണ്ട് വധശ്രമത്തില്‍ നിന്നു രക്ഷപ്പെട്ട അനുഭവവും അദ്ദേഹത്തിനുണ്ട്. എം വി രാഘവന്‍ പാര്‍ട്ടിയില്‍ നിന്നു പോയപ്പോള്‍ ഇപി പിണറായി വിജയന്റെ വലതുകൈയായി. പിണറായിയുടെ ശക്തി എന്നത് മൂന്നു ജയരാജന്മാരാണ്. അതില്‍ ഏറ്റവും വിശ്വസ്തനും പ്രിയപ്പെട്ടവനും ഇ പി ജയരാജന്‍ തന്നെ. പിണറായി വിജയന്‍ 16 വര്‍ഷം പാര്‍ട്ടി സംസ്ഥാന സെക്രട്ടറിയുടെ ചുമതല വഹിച്ചപ്പോള്‍ ഖജനാവ് ഏല്‍പ്പിച്ചത് വേണ്ടപ്പെട്ടവനായ ഇപിയെ ആയിരുന്നു. പണപ്പിരിവില്‍ ഇപിയെ കടത്തിവെട്ടാന്‍ ഇന്നും കേരളരാഷ്ട്രീയത്തില്‍ ആരുമില്ല. പിരിവ് എന്നത് ഒരു കലയാക്കി മാറ്റിയ രാഷ്ട്രീയനേതാവാണ് അദ്ദേഹം. ഒരിക്കല്‍ ലോട്ടറി രാജാവിനോട് ചില്ലറ സഹായം വാങ്ങിയതിന്റെ പേരില്‍ പാര്‍ട്ടിയില്‍ നിന്നു ശിക്ഷാനടപടി തന്നെ അദ്ദേഹത്തിനു വാങ്ങേണ്ടിവന്നു. പാര്‍ട്ടി പത്രത്തിനു സഹായം വാങ്ങിയതാകയാല്‍ ശിക്ഷാനടപടി ഉടന്‍ പിന്‍വലിക്കുകയും ചെയ്തു.
ഇടതുപക്ഷ ജനാധിപത്യ മുന്നണി ഭരണം നേടിയെടുക്കാനും പിണറായി വിജയനെ മുഖ്യമന്ത്രിയാക്കാനും ഇപിയാണ് ഭഗീരഥപ്രയത്‌നം നടത്തിയത്. ‘എല്‍ഡിഎഫ് വരും, എല്ലാ ശരിയാവും’ വാചകം തന്നെ ഇപി സംഘടിപ്പിച്ചതാണ്. പാര്‍ലമെന്ററി വ്യാമോഹത്തില്‍ നിന്നു വിട്ടുനിന്ന് പൂര്‍ണസമയവും പിരിവില്‍ ശ്രദ്ധ കേന്ദ്രീകരിക്കുകയായിരുന്നു അദ്ദേഹം.
അപ്പോഴാണ് മല്‍സരരംഗത്ത് ഇറങ്ങാന്‍ പാര്‍ട്ടി നിര്‍ബന്ധിച്ചത്. ഭരണരംഗത്ത് അദ്ദേഹത്തിന്റെ സേവനം പ്രയോജനപ്പെടുത്തണമെന്ന കേന്ദ്രകമ്മിറ്റി തീരുമാനപ്രകാരമായിരുന്നുവത്രേ അത്. പിരിവു നടത്തുന്നതില്‍ തടസ്സമൊന്നും പാര്‍ട്ടിയുടെ ഭാഗത്തു നിന്ന് ഉണ്ടാവില്ലെന്ന് ഉറപ്പുകിട്ടിയ ശേഷമാണ് അദ്ദേഹം മല്‍സരരംഗത്തിറങ്ങിയത്. വലിയ ഭൂരിപക്ഷത്തില്‍ ജയിക്കുകയും മന്ത്രിയാവുകയും ചെയ്തു. പിരിവിന് അനന്ത സാധ്യതകളുള്ള വ്യവസായ വകുപ്പ് തന്നെ പാര്‍ട്ടി അദ്ദേഹത്തെ ഏല്‍പിക്കുകയും ചെയ്തു. നാലു മാസം കൊണ്ട് അദ്ദേഹം ഭരണമേഖലയില്‍ ഒട്ടേറെ കാര്യങ്ങള്‍ ചെയ്തു. പുതിയ പുതിയ വിവരങ്ങള്‍ ജനങ്ങള്‍ക്കു നല്‍കി. അദ്ദേഹത്തിന്റെ സാന്നിധ്യം മന്ത്രിസഭയ്ക്ക് വലിയ മുതല്‍ക്കൂട്ടായി. ഒരു ബന്ധുനിയമനത്തിന്റെ പേരിലാണ് രാഷ്ട്രീയ എതിരാളികള്‍ ഒച്ചപ്പാടുണ്ടാക്കി അദ്ദേഹത്തെ മാറ്റിച്ചത്. അക്കാര്യത്തില്‍ പാര്‍ട്ടിക്കോ മുഖ്യമന്ത്രിക്കോ യാതൊരു പങ്കുമില്ല. പ്രതിപക്ഷം അനാവശ്യ ആരോപണം ഉന്നയിച്ചതാണ് കാരണം. ഒരു ബന്ധുവിനെ നിയമിക്കാന്‍ പോലും ഒരു മന്ത്രിക്ക് കഴിയുന്നില്ലെങ്കില്‍ എന്ത് മന്ത്രി എന്നു കരുതി ഇ പി ജയരാജന്‍ മന്ത്രിപദവിയില്‍ നിന്നു സ്വയം മനസ്സാലെ ഒഴിഞ്ഞു. അദ്ദേഹം ഒഴിയണമെന്നു പാര്‍ട്ടിയില്‍ ഒരാളും ആവശ്യപ്പെട്ടിട്ടില്ല. ഉന്നതമായ ധാര്‍മികമൂല്യങ്ങളാണ് ഇപിയെ അതിനു പ്രേരിപ്പിച്ചത്. പ്രതിപക്ഷത്തെ ഒരു പാഠം പഠിപ്പിക്കാന്‍ വേണ്ടിയായിരുന്നു ആ ധാര്‍മിക രാജി. ഒടുക്കം അന്വേഷണമായി, കേസായി, പാര്‍ട്ടി നടപടിയായി. ഒന്നിലും സഖാവ് ഇപിക്ക് ഒരു പോറലുമേറ്റില്ല. കാരണം, അദ്ദേഹത്തിന്റെ കൈ ശുദ്ധമായിരുന്നു.
ഇ പി രാജിവച്ച അന്നു മുതല്‍ അദ്ദേഹത്തെ മന്ത്രിപദവിയില്‍ കൊണ്ടുവരാന്‍ ആത്മാര്‍ഥമായി പരിശ്രമിച്ച ഒരു നേതാവേയുള്ളൂ പാര്‍ട്ടിയില്‍- മുഖ്യമന്ത്രി പിണറായി വിജയന്‍. ബന്ധുനിയമനത്തിന്റെ പേരില്‍ അഴിമതിയാരോപണം ഉയര്‍ന്നപ്പോള്‍ തന്റെ മേല്‍ ചളിതെറിക്കാതിരിക്കാന്‍ ചില അടവുകള്‍ അദ്ദേഹം പയറ്റിയെന്നു മാത്രം. അന്നും ഇന്നും എന്നും സഖാവ് ഇ പി ജയരാജന്‍ മുഖ്യമന്ത്രിയുടെ വിശ്വസ്തന്‍ തന്നെയാണ്. അതവര്‍ക്ക് രണ്ടു പേര്‍ക്കും നന്നായി അറിയുകയും ചെയ്യാം; പാര്‍ട്ടിക്കാര്‍ക്കും.
സഖാവ് ഇ പി ജയരാജനെ മന്ത്രിസഭയില്‍ തിരികെ പ്രവേശിപ്പിക്കാന്‍ വൈകിപ്പോയി എന്നാണ് പൊതുജനങ്ങള്‍ക്കുള്ള പരാതി. ഭരണമുന്നണിയിലെ ഘടകകക്ഷിക്കാര്‍ക്കൊക്കെ എന്നോ സമ്മതം. മന്ത്രിസഭയ്ക്ക് ഒരു പവറും പത്രാസും ലഭിക്കാന്‍ ഇ പി വേണം. ആകെ കുഴപ്പത്തിലായി കിടക്കുന്ന ആഭ്യന്തര വകുപ്പ് തന്നെ സഖാവ് ഇപിയെ ഏല്‍പിക്കണം. തെളിയാത്ത കേസുകളൊക്കെ വേഗം തെളിയിക്കാനും പോലിസ് ജനങ്ങളുടെ സുഹൃത്തായി മാറുന്നതിനും അതു വളരെ സഹായകരമാവും. പോലിസിനെതിരേയുള്ള ആക്ഷേപങ്ങള്‍ക്കൊക്കെ പരിഹാരവുമുണ്ടാവും. ി

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss