|    Mar 18 Sun, 2018 5:35 pm
FLASH NEWS

പോലിസിനെ ആക്രമിച്ച സംഭവം: എട്ടുപേര്‍ അറസ്റ്റില്‍

Published : 2nd November 2016 | Posted By: SMR

കണ്ണൂര്‍:  ചാലാട് ശ്രീ ധര്‍മശാസ്ത ക്ഷേത്രോല്‍സവത്തോടനുബന്ധിച്ച ഗാനമേളയ്ക്കിടെ ഡ്യൂട്ടിയിലുണ്ടായിരുന്ന പോലിസുകാരെ ആക്രമിക്കുകയും വാഹനം തകര്‍ക്കുകയും ചെയ്ത സംഭവത്തില്‍ മൂന്നു വിദ്യാര്‍ഥികള്‍ ഉള്‍പ്പെടെ എട്ടുപേരെ കണ്ണൂര്‍ ടൗണ്‍ സിഐ കെവി വേണുഗോപാലിന്റെ നേതൃത്വത്തി ല്‍ അറസ്റ്റ് ചെയ്തു. മണലിലെ ജാനകി നിവാസില്‍ കെ നിഖില്‍ (25), ചാലാട് സ്വദേശികളായ ക്ഷേത്രത്തിനു സമീപം ശ്രീനിലയത്തില്‍ ഷാരോണ്‍ (24), പെട്രോള്‍ പമ്പിന് സമീപം അഞ്ജനത്തില്‍ പി അംജിത്ത് (22), ഗംഗ നിവാസില്‍ രഞ്ചിത്ത് (21), സരസ്വതി നിവാസില്‍ വൈശാഖ്, ഗോകുല്‍ എന്ന ഗോട്ടി (21), മീത്തലെ കപ്പണയില്‍ റഷാദ് (28), പടന്നപ്പാലം തെക്കേവീട്ടില്‍ രാഗേഷ് (28) എന്നിവരാണു പിടിയിലായത്. ഇവരെല്ലാം സിപിഎം പ്രവര്‍ത്തകരാണ്. പ്രതികളെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. ഷാരോണ്‍ നിഖില്‍, അംജിത്ത് എന്നിവര്‍ തളിപ്പറമ്പ് മുള്ളൂലിനടുത്ത പൂളിയോട് ദ്വീപില്‍ ഒളിവില്‍ കഴിയുകയായിരുന്നു. സൈബര്‍ സെല്ലിന്റെ സഹായത്തോടെ നടത്തിയ അന്വേഷണത്തില്‍ ജില്ലാ പോലിസ് ചീഫിന്റെ സക്വാഡിലെ മഹിജന്‍, രാജീവന്‍, യോഗേഷ്, അനീഷ്, മഹേഷ് എന്നിവര്‍ ദ്വീപിലെത്തി ഇവരെ കസ്റ്റഡിയിലെടുത്തു. ഇവരെ ചോദ്യംചെയ്തപ്പോള്‍ ലഭിച്ച വിവരത്തെ തുടര്‍ന്നാണ് മറ്റു അഞ്ചുപേരെ ചാലാട്ടുനിന്ന് പിടികൂടിയത്. നേരത്തെ പടന്നപ്പാലം സവിത തിയേറ്ററിനു സമീപം ഒരാളെ കൊലപ്പെടുത്തിയ കേസില്‍ പ്രതിയായിരുന്നു രാഗേഷ്. നിഖില്‍ മൂന്ന് രാഷ്ട്രീയ അക്രമക്കേസുകളിലും പ്രതിയാണ്. കേസില്‍ ആകെ 30 പ്രതികളാണ് ഉള്ളത്. ഇതില്‍ 20 പേരെ പോലിസ് തിരിച്ചറിഞ്ഞിട്ടുണ്ട്. മുഴുവന്‍ പ്രതികളും ഉടന്‍ പിടിയിലാവുമെന്ന് സിഐ പറഞ്ഞു. ശനിയാഴ്ച രാത്രി 10.30ഓടെയാണു കേസിനാസ്പദമായ സംഭവം. രാത്രി 10ന് ശേഷവും ഗാനമേള തുടര്‍ന്നപ്പോള്‍ പോലിസ് ഇടപെട്ട് നിര്‍ത്തിവയ്ക്കാന്‍ നിര്‍ദേശിച്ചിരുന്നു. ഇതുപക്രാരം ഗാനമേള നിര്‍ത്തുകയും ചെയ്തു. ഇതിനിടെ ഇരുവിഭാഗം യുവാക്കള്‍ തമ്മിലുണ്ടായ വാക്കേറ്റം കൈയാങ്കളിയില്‍ കലാശിച്ചു. ഇതോടെ ചിലരെ പോലിസ് കസ്റ്റഡിയിലെടുത്തു. ഈ വിരോധത്തില്‍ സംഘം പോലിസിനുനേരെ തിരിയുകയായിരുന്നു. പ്രതികളില്‍ ഒരാളെ നേരത്തെ കാപ്പ ചുമത്തി അറസ്റ്റ് ചെയ്തിരുന്നു. ടൗണ്‍ സ്‌റ്റേഷനിലെ എഎസ്‌ഐ ജയപ്രകാശ്(48), ടൗണ്‍ അഡീഷനല്‍ എസ്‌ഐ രാഘവന്‍(52), സീനിയര്‍ സിവില്‍ പോലിസ് ഓഫിസര്‍ പ്രകാശ്(44), സിവില്‍ പോലിസ് ഓഫിസര്‍ ലക്ഷ്മണന്‍(46) എന്നിവര്‍ക്കാണു പരിക്കേറ്റത്. ഇവര്‍ ഇപ്പോഴും വിവിധ ആശുപത്രികളില്‍ ചികില്‍സയിലാണ്. അഡീഷനല്‍ എസ്‌ഐ. ഉണ്ണികൃഷ്ണന്‍, സിവില്‍ പോലിസ് ഓഫിസര്‍മാരായ എം കെ സജിത്ത്, വിനോദ് എന്നിവരും പ്രതികളെ പിടികൂടിയ സംഘത്തിലുണ്ടായിരുന്നു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Dont Miss