|    Jan 19 Thu, 2017 10:13 am

പോലിസിനെ ആക്രമിച്ച കേസിലെ കഞ്ചാവുമാഫിയയെ ഇനിയും പിടികൂടിയില്ല; പ്രതികള്‍ക്കു രാഷ്ട്രീയനേതാക്കളുടെ പിന്തുണയെന്ന് ആക്ഷേപം

Published : 10th July 2016 | Posted By: SMR

കഴക്കൂട്ടം: കരിച്ചാറയില്‍ കഞ്ചാവ്-മയക്കുമരുന്നു മാഫിയ മംഗലപുരം പോലിസിനെ ആക്രമിച്ച കേസില്‍ പ്രതികളെ ഇനിയും പിടികൂടാനായില്ല. പ്രതികളെല്ലാം ഒളിവിലാണെന്ന് പോലിസ് ഭാഷ്യം. അതേസമയം, പ്രാദേശിക രാഷ്ട്രീയനേതാക്കളുടെ ഇടപെടല്‍ കൊണ്ടാണ് പ്രതികളെ പിടികൂടാന്‍ പോലിസിനു കഴിയാത്തതെന്നാണ് നാട്ടുകാര്‍ ആരോപിക്കുന്നത്.
കഴിഞ്ഞ ബുധനാഴ്ച വൈകീട്ട് 6.30ഓടെ കരിച്ചാറ കടവിനു സമീപത്തുവച്ച് കഞ്ചാവും മറ്റ് ലഹരിപദാര്‍ഥങ്ങളും ഉപയോഗിച്ച് ഭീതി പരത്തിയ സംഘത്തെ നാട്ടുകാരുടെ പരാതിയെ തുടര്‍ന്ന് പിടികൂടാനെത്തിയ മംഗലപുരം പോലിസിനെ സ്ത്രീകള്‍ അടക്കമുള്ള ഒരു സംഘം ആക്രമിക്കുകയും ബലം പ്രയോഗിച്ച് പിടിയിലായവരെ മോചിപ്പിക്കുകയും ചെയ്തിരുന്നു.
എസ്‌ഐ അടക്കമുള്ള പോലിസ് സംഘത്തെ അരകിലോമീറ്റര്‍ ഓടിച്ചിട്ടു തല്ലിയ ശേഷമാണ് അക്രമികള്‍ പോലിസിനെ പോകാന്‍ അനുവദിച്ചത്. ഇവിടത്തെ പോലിസ് തങ്ങളാണെന്നും തങ്ങള്‍ക്കെതിരെ നടപടിയെടുത്താല്‍ എസ്‌ഐ ആയാലും സിഐ ആയാലും കൊന്ന് കരിച്ചാറകടവിലെ കായലില്‍ തള്ളുമെന്നും ഇവര്‍ ഭീഷണി മുഴക്കിയിരുന്നു. സംഭവം നടന്ന് അഞ്ചു ദിവസം കഴിഞ്ഞിട്ടും ഒരൊറ്റ പ്രതിയെ പോലും പിടികൂടാനാവാത്ത അവസ്ഥയിലാണ് മംഗലപുരം പോലിസ്.
കക്ഷിഭേദമില്ലാതെ പ്രാദേശിക രാഷ്ട്രീയനേതാക്കള്‍ കഞ്ചാവുലോബിയുടെ സഹായി ആയാണ് ഇവിടെ പ്രവര്‍ത്തിക്കുന്നത്. പോലിസിനെ ആക്രമിച്ച സ്ത്രീകള്‍ അടക്കമുള്ള സംഘം ഇപ്പോഴും പരസ്യമായി രംഗത്തുണ്ടെങ്കിലും പ്രാദേശിക രാഷ്ട്രീയനേതാക്കളുടെ ഇടപെടലിനെ തുടര്‍ന്ന് പോലിസിന് ഇവരെ അറസ്റ്റ് ചെയ്യാന്‍ കഴിയാത്ത സാഹചര്യമാണ്.
ഇതിനു പിന്നിലുള്ളവരെ അറസ്റ്റ് ചെയ്തുകഴിഞ്ഞാല്‍ കായലോര തീരപ്രദേശങ്ങളില്‍ കഞ്ചാവ് ഉള്‍പ്പെടെയുള്ള മയക്കുമരുന്ന് എത്തിക്കുന്ന വന്‍ സംഘത്തെ വേരോടെ പിഴുതെറിയാന്‍ സാധിക്കും. പ്രത്യേകിച്ചും കരിച്ചാറ, കഠിനംകുളം, പുളകുറുച്ചി, പെരുമാതുറ മുതലപ്പൊഴി, പുത്തന്‍തോപ്പ് ഭാഗങ്ങളില്‍ കഞ്ചാവും മറ്റ് മയക്കുമരുന്നുകളും എത്തിക്കുന്ന സംഘത്തെ. വിദ്യാര്‍ഥികള്‍ ഉള്‍പ്പെടെ നിരവധി യുവാക്കളാണ് ഇന്ന് ലഹരിമാഫിയകളുടെ പിടിയിലായിട്ടുള്ളത്.
കഴക്കൂട്ടത്ത് എക്‌സൈസ് ഓഫിസ് നിലവിലുണ്ടെങ്കിലും യാതൊരു പ്രയോജനവുമില്ലാത്ത അവസ്ഥയാണ്. നാട്ടുകാര്‍ പരാതിപ്പെട്ടാല്‍ തന്നെ ബന്ധപ്പെട്ട ചില എക്‌സൈസ് ഗാര്‍ഡുകള്‍ യഥാസമയം മയക്കുമരുന്നു മാഫിയകള്‍ക്ക് വിവരം കൈമാറും. ലോക്കല്‍ പോലിസിനാകട്ടെ രാഷ്ട്രീയസ്വാധീനമുള്ള ഈ സംഘത്തെ പിടികൂടാനുമാവില്ല. ഈ സാഹചര്യത്തില്‍ എക്‌സൈസ് കമ്മീഷണര്‍ ഋഷിരാജ് സിങിന്റെ പ്രത്യേക ശ്രദ്ധ ഈ മേഖലയില്‍ പതിഞ്ഞാല്‍ വിദ്യാര്‍ഥികള്‍ അടക്കമുള്ള ഒരു വന്‍ സമൂഹം മയക്കുമരുന്നു മാഫിയകളുടെ കൈയില്‍ നിന്നു രക്ഷപ്പെടും.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 26 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക