|    Mar 28 Tue, 2017 11:53 am
FLASH NEWS

പോലിസിനെ ആക്രമിച്ച് ബിജെപി പ്രവര്‍ത്തകരെ രക്ഷപ്പെടുത്തി

Published : 10th October 2016 | Posted By: SMR

വെള്ളറട: ദിവസങ്ങള്‍ക്ക് മുമ്പ് സിപിഎം ബിജെപി സംഘര്‍ഷത്തില്‍  പോലിസ് നിരീക്ഷണത്തില്‍ ചികില്‍സയിലായിരുന്ന രണ്ട് ബിജെപി പ്രവര്‍ത്തകരെ കാവല്‍ നിന്ന പോലിസുകാരെ ആക്രമിച്ച് രക്ഷപ്പെടുത്തി.
മൂന്ന് പോലിസുകാരെ അടിച്ചുവീഴ്ത്തിയാണ് രക്ഷപ്പെടുത്തിയത്. സംഭവത്തില്‍ ആറ് ബിജെപി പ്രവര്‍ത്തകര്‍ പിടിയിലായി. വെള്ളറട സ്റ്റേഷനിലെ ഹെഡ് കോണ്‍സ്റ്റബിള്‍ സെല്‍വരാജ്, എആര്‍ ക്യാംപിലെ പോലിസുകാരായ അരുണ്‍കുമാര്‍, സുധര്‍മന്‍ എന്നിവര്‍ക്കാണ് മര്‍ദ്ദനമേറ്റത്.
ഇവര്‍ കാരക്കോണം സിഎസ്‌ഐ മെഡിക്കല്‍ കോളജിലെ തീവ്രപരിചരണ വിഭാഗത്തില്‍ ചികില്‍സയിലാണ്. പോലിസ് കാവലില്‍ ചികില്‍സയിലായിരുന്ന മഹേഷ്, ഹരികൃഷ്ണന്‍ എന്നിവരെയാണ് കൂട്ടമായെത്തിയ ബിജെപി പ്രവര്‍ത്തകര്‍ രക്ഷപ്പെടുത്തിയത്. ഇന്നലെ ഉച്ചക്ക് കാരക്കോണം സിഎസ്‌ഐ മെഡിക്കല്‍ കോളജിലായിരുന്നു സംഭവം. 50ല്‍ അധികം ബിജെപി പ്രവര്‍ത്തകരാണ് ആശുപത്രിയില്‍ ഇരച്ചുകയറി ആക്രമണം അഴിച്ചുവിട്ടത്. ഇതിലുണ്ടായിരുന്ന ആറു പേരെ നെയ്യാറ്റിന്‍കര ഡിവൈഎസ്പി സുല്‍ഫിക്കര്‍, വെള്ളറട സിഐ അനില്‍കുമാര്‍, എസ്‌ഐ അജീഷ് എന്നിവരുടെ നേതൃത്വത്തിലുള്ള പോലിസ് സംഘം പിടികൂടുകയായിരുന്നു.
ബിജെപി പ്രവര്‍ത്തകരായ കാര്‍ത്തികേയന്‍, സുരേഷ്, പ്രതീഷ്, മണികണ്ഠന്‍, ഗോപന്‍, കരിച്ച സന്തോഷ് എന്നിവരാണ് പിടിയിലായത്. ഇവരെ പാറശാല പോലിസ് സ്‌റ്റേഷനിലേക്ക് മാറ്റി. പിടിയിലായ കരിച്ച സന്തോഷ് ധനുവച്ചപുരം കോളജ് വിദ്യാര്‍ഥിയായ സജില്‍സാബുവിനെ കൊലപ്പെടുത്തിയ കേസിലും പ്രതിയാണ്.
കാരക്കോണം മെഡിക്കല്‍ കോളജിന് മുന്നില്‍ നിന്ന് രണ്ടു ബൈക്കുകളിലായാണ് ചികില്‍സയിലുണ്ടായിരുന്ന പ്രവര്‍ത്തകരെ രക്ഷപ്പെടുത്തിയതെന്ന് വെള്ളറട സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ അനില്‍കുമാര്‍ പറഞ്ഞു. ആശുപത്രിയില്‍ സംഘടിതരായി എത്തിയ ബിജെപി പ്രവര്‍ത്തകരെ കണ്ടെത്താന്‍ പോലിസ് തിരച്ചില്‍ ഊര്‍ജ്ജിതമാക്കി.

thanur-inner                            
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day