|    Aug 24 Thu, 2017 2:24 pm
Home   >  Editpage  >  Editorial  >  

പോലിസിനെതിരേ നടപടി വേണം

Published : 1st December 2016 | Posted By: SMR

നിലമ്പൂര്‍ കാടുകളില്‍ വച്ച് ദേവരാജിനെയും അജിത എന്ന കാവേരിയെയും ഏറ്റുമുട്ടലില്‍ വധിച്ചുവെന്ന പോലിസ് ഭാഷ്യത്തിന് ഒട്ടും വിശ്വാസ്യതയില്ലെന്നു ദിവസം കഴിയുംതോറും കൂടുതല്‍ വ്യക്തമായിവരുകയാണ്. സംഭവം സംബന്ധിച്ച പോലിസ് റിപോര്‍ട്ട് പുറത്തുവന്ന ഉടനെ മനുഷ്യാവകാശ പ്രവര്‍ത്തകര്‍ മാത്രമല്ല, ഇടതു മുന്നണിയിലെ പ്രധാന ഘടകകക്ഷിയായ സിപിഐയിലെ നേതാക്കള്‍ തന്നെ അതു വ്യാജ ഏറ്റുമുട്ടല്‍ കൊലയാണെന്നു സംശയം പ്രകടിപ്പിച്ചിരുന്നു.
1970ല്‍ തിരുനെല്ലി കാടുകളില്‍ വച്ച് മുമ്പ് സഖാവ് വര്‍ഗീസിനെ വെടിവച്ചു കൊന്നതിനു ശേഷം കേരളത്തില്‍ ആദ്യമായിട്ടാണ് ഇത്തരമൊരു സംഭവം. വര്‍ഗീസ് വധം പോലിസ് കൊലയാണെന്നു വ്യക്തമായതിനെ തുടര്‍ന്ന് അതിന് ഉത്തരവാദികളായ പോലിസ് സംഘത്തില്‍പ്പെട്ട ലക്ഷ്മണ കുറേക്കാലം ജയിലില്‍ കഴിഞ്ഞിരുന്നു. കേരളത്തിലെ പൗരസമൂഹം ഇത്തരം പോലിസ് നടപടികളെ ഒട്ടും അനുകൂലിക്കില്ലെന്ന ശക്തമായ സന്ദേശമാണ് ആ ശിക്ഷാവിധിയില്‍ ഉണ്ടായിരുന്നത്.
നിസ്സഹായരും രോഗികളുമായ രണ്ടു മാവോവാദികളെ നിയമം കൈയിലെടുത്തുകൊണ്ട് നിഷ്‌കരുണം കൊലപ്പെടുത്തുകയായിരുന്നു എന്നാണ് സാഹചര്യത്തെളിവുകള്‍ മുഴുവന്‍ സൂചിപ്പിക്കുന്നത്. സിപിഎമ്മിലെ മുതിര്‍ന്ന നേതാവും മുന്‍ മുഖ്യമന്ത്രിയുമായ വി എസ് അച്യുതാനന്ദന്‍ തന്നെ കൊലപാതകം സംബന്ധിച്ച് ദുരൂഹത നിലനില്‍ക്കുന്നതിനാല്‍ അതിന് ഉത്തരവാദികളായ പോലിസ് ഉദ്യോഗസ്ഥര്‍ക്കെതിരേ നടപടി ആവശ്യപ്പെട്ടു രംഗത്തുവന്നിട്ടുണ്ട്. സിപിഎമ്മിലെ യുവനേതാക്കള്‍ പോലിസ് വിശദീകരണം തൊണ്ട തൊടാതെ വിഴുങ്ങാനാവില്ലെന്നു പറയുന്നു. സിപിഐയുടെ യുവജനവിഭാഗം ഇതേ അഭിപ്രായം ആവര്‍ത്തിക്കുന്നു. മാവോവാദിവേട്ടയുടെ പേരില്‍ ജനങ്ങള്‍ക്കിടയില്‍ ഭീതിയുണ്ടാക്കാനാണ് ഭരണകൂടം ശ്രമിക്കുന്നതെന്നും അവര്‍ ആരോപിക്കുന്നു.
നിയമബാഹ്യമായ കൊലകള്‍ യുദ്ധക്കുറ്റമാണെന്ന് അന്താരാഷ്ട്ര കോടതി തന്നെ അഭിപ്രായപ്പെട്ടിട്ടുണ്ട്. താരതമ്യേന വന്യമായ രീതിയില്‍ ഭരണം നടത്തുന്ന മധ്യപ്രദേശ്, ജാര്‍ഖണ്ഡ്, ഛത്തീസ്ഗഡ് തുടങ്ങിയ സംസ്ഥാനങ്ങളില്‍ മണ്ണിനും ആവാസവ്യവസ്ഥയ്ക്കും വേണ്ടി സമരം ചെയ്യുന്നവരെ ഏറ്റുമുട്ടലില്‍ കൊലപ്പെടുത്തുന്ന പതിവുണ്ട്. ഇന്ത്യന്‍ ജനാധിപത്യത്തിലെ വലിയ കളങ്കങ്ങളിലൊന്നായിട്ടാണ് നിയമജ്ഞരും മനുഷ്യാവകാശ സംഘടനകളും അത്തരം ക്രൂരമായ നടപടികളെ വിലയിരുത്തുന്നത്.
പൗരാവകാശബോധവും സാക്ഷരതയും രാഷ്ട്രീയ കാഴ്ചപ്പാടുകളും ശക്തമായ സംസ്ഥാനത്ത് പോലിസിന്റെ ഇത്തരം ‘സാഹസികത’കള്‍ അനുവദിച്ചുകൊടുക്കാന്‍ പാടില്ലാത്തതാണ്. കൊലപാതകങ്ങള്‍ സംബന്ധിച്ച് ജുഡീഷ്യല്‍ അന്വേഷണം നടത്തണമെന്നു ഞങ്ങള്‍ ആദ്യം തന്നെ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍, അതിനോടൊപ്പം ഹീനമായ ഈ കൃത്യത്തിനു നേതൃത്വം കൊടുത്ത പോലിസുകാരെ സസ്‌പെന്റ് ചെയ്യാനും അവര്‍ക്കെതിരേ നിയമ നടപടികള്‍ക്കു തുടക്കമിടാനും സര്‍ക്കാര്‍ തയ്യാറാവേണ്ടതുണ്ട്. ആഭ്യന്തര വകുപ്പ് കൈകാര്യം ചെയ്യുന്ന മുഖ്യമന്ത്രി പോലിസിന്റെ മനോവീര്യം തകര്‍ക്കുന്ന ഒരു നടപടിയും ഉണ്ടാവില്ലെന്നു പറയുമ്പോള്‍, കുറ്റകൃത്യങ്ങള്‍ അനുവദിക്കില്ല എന്നു പ്രഖ്യാപിക്കാന്‍ തയ്യാറാവുമെന്നാണ് ഞങ്ങള്‍ കരുതുന്നത്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക