|    May 27 Sat, 2017 4:19 am
FLASH NEWS

പോലിസിനെതിരേ ആത്മഹത്യാകുറിപ്പെഴുതി ഗൃഹനാഥന്‍ ജീവനൊടുക്കി

Published : 27th August 2016 | Posted By: SMR

ആലപ്പുഴ: പോലിസിനെതിരേ ആത്മഹത്യാകുറിപ്പ് എഴുതിവച്ചശേഷം ഗൃഹനാഥന്‍ ജീവനൊടുക്കി. കാര്‍ത്തികപ്പള്ളി പുതുക്കുണ്ടം നിധിന്‍ ഭവനത്തില്‍ (പുളിമൂട്ടില്‍ തെക്കതില്‍) കെ കൃഷ്ണകുമാര്‍(കുമാര്‍-48) ആണ്  വ്യാഴാഴ്ച രാവിലെ 11ഓടെ വീടിനുള്ളില്‍ തൂങ്ങിമരിച്ചത്. മരുമകളെ ശല്യം ചെയ്തയാള്‍ക്കെതിരേ പരാതി നല്‍കിയതിന് പോലിസ് വീട്ടില്‍ കയറി ഭീഷണിപ്പെടുത്തിയെന്നാണ് ആത്മഹത്യാ കുറിപ്പ്. സംഭവത്തെ കുറിച്ച് അന്വേഷിച്ച് റിപോര്‍ട്ട് നല്‍കാന്‍ കായംകുളം ഡിവൈഎസ്പിക്ക് ആലപ്പുഴ എസ്പി എ അക്ബര്‍ നിര്‍ദേശം നല്‍കി.
തൂങ്ങിമരിച്ച മുറിയുടെ ഭിത്തിയിലും കിടക്കയ്ക്ക് അടിയിലുമായാണ്  ഈ ആത്മഹത്യാകുറിപ്പുകള്‍ കണ്ടെത്തിയത്. ഒന്ന് മുഖ്യമന്ത്രിക്കും അടുത്തത് ബന്ധുക്കള്‍ക്കുമായാണ് എഴുതിയിരുന്നത്.
തന്റെ മരണത്തിന് എഎസ്‌ഐയും പ്രദേശവാസിയായ ഉണ്ണിയുമാണ് ഉത്തരവാദിയെന്നും കത്തില്‍ പറയുന്നു. തന്റെ ആത്മഹത്യ കൊണ്ട് കുടുംബത്തിനു മേലുള്ള പ്രശ്‌നങ്ങള്‍ അവസാനിക്കട്ടെയെന്നു പറഞ്ഞാണ് കത്ത് അവസാനിപ്പിക്കുന്നത്.
സംഭവത്തെക്കുറിച്ച് ബന്ധുക്കള്‍ പറയുന്നതിങ്ങനെ: പ്രദേശവാസിയായ ഉണ്ണി മരുമകളെ ഫോണിലൂടെയും നേരിട്ടും ശല്യം ചെയ്തിരുന്നു. ഇയാള്‍ക്കെതിരേ കൃഷ്ണകുമാറിന്റെ ഭാര്യ തൃക്കുന്നപ്പുഴ പോലിസില്‍ പരാതി നല്‍കിയിരുന്നു. എന്നാല്‍ അഞ്ച് ദിവസമായിട്ടും പരാതിയിന്മേല്‍ നടപടിയുണ്ടായില്ല. ഇതിനിടയില്‍ കൃഷ്ണകുമാറും മകനും വീട്ടിലെത്തി ഉണ്ണിയെ താക്കീത് ചെയ്തിരുന്നു.
തുടര്‍ന്ന് വീട് കയറി ആക്രമിച്ചതായി കാണിച്ച് ഉണ്ണി തൃക്കുന്നപ്പുഴ സ്റ്റേഷനില്‍ പരാതി നല്‍കി. പരാതിയില്‍ ഒരു മണിക്കൂറിനകം എഎസ്‌ഐ കുഞ്ഞുമോന്റെ നേതൃത്വത്തില്‍ പോലിസ് വീട്ടിലെത്തി ഭീഷണിപ്പെടുത്തുകയും മകനെ കേസില്‍കുടുക്കി മര്‍ദ്ദിക്കുമെന്നും മുന്നറിയിപ്പുനല്‍കുകയും ചെയ്തത്രേ.
ഓട്ടോറിക്ഷാ ഡ്രൈവറാണ് കൃഷ്ണകുമാര്‍. ഇന്‍ക്വിസ്റ്റ് നടപടികള്‍ക്കായി എത്തിയ പോലിസ് ഭിത്തിയില്‍ ഒട്ടിച്ചിരുന്ന കത്ത് കീറിക്കളയാന്‍ ശ്രമിച്ചതായും ആരോപണമുണ്ട്. സംഭവം പുറത്തറിയാതിരിക്കാനും ശ്രമം നടന്നു.
കായംകുളം ഡിവൈഎസ്പി, സ്‌പെഷല്‍ ബ്രാഞ്ച് ഡിവൈഎസ്പി എന്നിവര്‍ സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. വണ്ടാനം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പോസ്റ്റ്‌മോര്‍ട്ടം നടത്തിയ ശേഷം മൃതദേഹം വൈകീട്ട് വീട്ടുവളപ്പില്‍ സംസ്‌കരിച്ചു. ഭാര്യ: സോമിനി,മക്കള്‍: നിഥിന്‍കുമാര്‍, മായ മരുമക്കള്‍: സോണിയ, രാജേഷ്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day