|    Oct 22 Mon, 2018 12:10 am
FLASH NEWS
Home   >  Todays Paper  >  page 12  >  

പോലിസിനെതിരായ പരാതികള്‍ വര്‍ധിക്കുന്നു :അഞ്ചു വര്‍ഷത്തിനിടെ 3110 പരാതികള്‍

Published : 29th September 2017 | Posted By: fsq

 

ടോമി മാത്യു

കൊച്ചി: സംസ്ഥാനത്തെ പോലിസ് സേനയിലെ ഉദ്യോഗസ്ഥര്‍ക്കെതിരായ പരാതികളുടെ എണ്ണം വര്‍ധിക്കുന്നു. പോലിസ് ഉദ്യോഗസ്ഥര്‍ക്കെതിരായ പരാതികളില്‍ തീര്‍പ്പുകല്‍പ്പിക്കുന്നതിനായി രൂപീകരിച്ച സംസ്ഥാന പോലിസ് കംപ്ലയിന്റ് അതോറിറ്റിയില്‍ 2012 മുതല്‍ 2017 മാര്‍ച്ച് 31 വരെ  ലഭിച്ചതു 3110 പരാതികള്‍. ഇതില്‍ തീര്‍പ്പാക്കിയത് 2715 കേസുകള്‍. 395 പരാതികളില്‍ തീര്‍പ്പുകല്‍പ്പിച്ചിട്ടില്ലെന്നാണു വിവരാവകാശ നിയമപ്രകാരം ലഭിച്ച മറുപടിയില്‍ നിന്നു വ്യക്തമാവുന്നത്. 2014ലാണു പോലിസിനെതിരേ അതോറിറ്റി മുമ്പാകെ ഏറ്റവും അധികം പരാതികള്‍ ലഭിച്ചതെന്നു പോലിസ് കംപ്ലയിന്റ് അതോറിറ്റി സെക്ഷന്‍ ഓഫിസര്‍ കെ ഗോവിന്ദരാജ് വിവരാവകാശ പ്രവര്‍ത്തകന്‍ രാജു വാഴക്കാലയ്ക്കു നല്‍കിയ മറുപടിയില്‍ നിന്നു വ്യക്തമാവുന്നു. 671 പരാതികളാണു 2014ല്‍ കംപ്ലയിന്റ് അതോറിറ്റി മുമ്പാകെ ലഭിച്ചത്. ഇതില്‍ 657 പരാതികളില്‍ തീര്‍പ്പുകല്‍പിച്ചു. 2012ലായിരുന്നു പോലിസിനെതിരേ ഏറ്റവും കുറച്ച് പരാതികള്‍ ലഭിച്ചത്. 181 പരാതികള്‍ മാത്രമായിരുന്നു ആ വര്‍ഷം അതോറിറ്റി മുമ്പാകെ എത്തിയത്. ഇതില്‍ 180ലും തീര്‍പ്പുകല്‍പ്പിക്കുകയും ചെയ്തു. 2015ല്‍ 644 പരാതികളാണ് ലഭിച്ചത്. ഇതില്‍ 585 പരാതികളില്‍ തീര്‍പ്പുകല്‍പ്പിച്ചു. 2013ല്‍ 469 പരാതികളില്‍ 455ലും അതോറിറ്റി തീര്‍പ്പുകല്‍പ്പിച്ചു. 2016ലെ 626 പരാതികളില്‍ 546 പരാതികളില്‍ തീര്‍പ്പുകല്‍പ്പിച്ചു. 2017 മാര്‍ച്ച് 31 വരെയുള്ള കണക്കു പ്രകാരം 519 പരാതികള്‍ അതോറിറ്റി മുമ്പാകെ ലഭിച്ചുകഴിഞ്ഞു. ഇതില്‍ 292 പരാതികളില്‍ തീര്‍പ്പായി. കേരള പോലിസ് ആക്റ്റ് 2011 സെഷന്‍ 110 പ്രകാരമാണ് കേരള പോലിസ് കംപ്ലയിന്റ് അതോറിറ്റി നിലവില്‍വന്നത്. പോലിസ് ഉദ്യോഗസ്ഥര്‍ക്കെതിരേ ജനങ്ങള്‍ നല്‍കുന്ന പരാതികള്‍ പരിശോധിച്ച് കുറ്റക്കാര്‍ക്കെതിരേ നടപടിക്കു ശുപാര്‍ശ ചെയ്യുക മാത്രമാണ് അതോറിറ്റിയുടെ ചുമതലയെന്നും സെക്ഷന്‍ ഓഫിസര്‍ കെ ഗോവിന്ദരാജ്  നല്‍കിയ മറുപടിയില്‍ വ്യക്തമാവുന്നു. പോലിസിനെതിരേ ഏറ്റവും കൂടുതല്‍ പരാതി ലഭിച്ച 2014ല്‍ 12 മാസം കൊണ്ടു 671 പരാതി ലഭിച്ചപ്പോള്‍ ഈ വര്‍ഷം മൂന്നു മാസത്തിനുള്ളില്‍ മാത്രം 519 പരാതികള്‍ അതോറിറ്റി മുമ്പാകെ ലഭിച്ചുകഴിഞ്ഞു. പോലിസ് ജനങ്ങളുമായി നല്ല ബന്ധം പുലര്‍ത്തുന്നവരായിരിക്കണമെന്നും നീതിയുടെ പക്ഷത്ത് നിലയുറപ്പിക്കേണ്ടവരാണെന്നും ആഭ്യന്തര വകുപ്പ് കൂടി ഭരിക്കുന്ന മുഖ്യമന്ത്രി പിണറായി വിജയന്‍ പോലിസ് സംഘടനകളുടെ യോഗങ്ങളിലും മറ്റും നിരന്തരമായി പറയാറുണ്ടെങ്കിലും ഇതൊന്നും പോലിസ് വിഭാഗത്തെ ബാധിക്കുന്നില്ലെന്നാണ് പരാതികളുടെ എണ്ണത്തിലുണ്ടാവുന്ന വര്‍ധനയില്‍ നിന്നു വ്യക്തമാക്കപ്പെടുന്നത്. കഴിഞ്ഞദിവസം വൈറ്റിലയില്‍ പട്ടാപ്പകല്‍ നാട്ടുകാര്‍ നോക്കിനില്‍ക്കെ യൂബര്‍ ടാക്‌സി ഡ്രൈവറെ ക്രൂരമായി മര്‍ദ്ദിച്ച് അവശനാക്കിയ മൂന്നു യുവതികള്‍ക്കെതിരേ പോലിസ് ചുമത്തിയതു നിസ്സാരമായ വകുപ്പുകള്‍ മാത്രം. മാത്രമല്ല ഇവരെ സ്റ്റേഷന്‍ ജാമ്യത്തില്‍ വിട്ടയക്കുകയും ചെയ്തു. യുവതികളുടെ മര്‍ദനമേറ്റ് ആശുപത്രിയില്‍ ചികില്‍സയിലായിരുന്ന ഡ്രൈവര്‍ക്കെതിരേ പോലിസ് ചുമത്തിയതാവട്ടെ ജാമ്യമില്ലാ വകുപ്പുകളും. തുടര്‍ന്നു കോടതി ഇടപെട്ടാണ് ഇദ്ദേഹത്തെ അറസ്റ്റ് ചെയ്യുന്നതു തടഞ്ഞത്.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss