|    Dec 13 Wed, 2017 12:26 pm
FLASH NEWS
Home   >  Todays Paper  >  Page 5  >  

പോര് മുറുകുന്നു പിണറായി V/S ചെന്നിത്തല

Published : 13th August 2016 | Posted By: SMR

തിരുവനന്തപുരം: എടിഎം കവര്‍ച്ചയുടെ പശ്ചാത്തലത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും തമ്മിലുള്ള വാക്‌പോര് തുടരുന്നു. കേരള പോലിസിനെയും സര്‍ക്കാരിനെയും വിമര്‍ശിച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയാണ് ആദ്യം വിവാദത്തിന് തിരികൊളുത്തിയത്. ഇതിന് ഫേസ്ബുക്കിലൂടെയാണ് കടുത്ത ഭാഷയില്‍ പിണറായി വിജയന്‍ മറുപടി നല്‍കിയത്.തെളിവില്ലെന്നു പറയുന്ന പോലിസ് ഭരണത്തിന്റെ കാലം കഴിഞ്ഞെന്ന് പിണറായി കുറ്റപ്പെടുത്തിയപ്പോള്‍, മുഖം നന്നാവാത്തതിന് കണ്ണാടി പൊട്ടിച്ചിട്ടുകാര്യമില്ലെന്ന് ചെന്നിത്തല തിരിച്ചടിച്ചു.
കവര്‍ച്ചയുടെ വിവരം പുറത്തുവന്ന ഉടന്‍തന്നെ ‘വിദേശക്രിമിനലുകളുടെ താവളമായി കേരളം’ എന്ന് പ്രസ്താവനയിറക്കിയ മുന്‍ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല തൊട്ടടുത്ത മണിക്കൂറുകളില്‍ തന്നെ അവര്‍ പിടിയിലാവുമെന്നത് സ്വപ്‌നത്തില്‍പോലും വിചാരിച്ചിട്ടുണ്ടാവില്ലെന്നായിരുന്നു പിണറായിയുടെ പ്രതികരണം. അദ്ദേഹത്തിന് വശമുള്ള പോലിസ് ഭരണത്തിന്റെ രീതിവച്ചുനോക്കിയാല്‍ അങ്ങനെ ചിന്തിക്കാന്‍ കഴിയില്ല. ഏതായാലും മണിക്കൂറുകള്‍ക്കകം ക്രിമിനലുകള്‍ പിടിക്കപ്പെട്ട സാഹചര്യത്തില്‍ അദ്ദേഹം തന്റെ പ്രസ്താവന ന്യായമായും തിരുത്തണം. ‘സ്വദേശത്തും വിദേശത്തുമുള്ള കള്ളന്‍മാര്‍ക്ക് കേരളത്തില്‍ രക്ഷയില്ലാതായി’ എന്ന രീതിയില്‍ ഭേദഗതിവരുത്തിയാല്‍ അതില്‍ സത്യമുണ്ടെന്ന് നാട്ടുകാര്‍ക്ക് മനസ്സിലാവും.
അടുത്തിടെ നടന്ന പ്രധാനപ്പെട്ട കുറ്റകൃത്യങ്ങളിലെല്ലാം മണിക്കൂറുകള്‍ക്കുള്ളിലാണ് അറസ്റ്റുണ്ടായത്. അന്വേഷണത്തെ ഇരുട്ടില്‍ തപ്പലാക്കി’ മാറ്റിയ മുന്‍ ആഭ്യന്തരമന്ത്രിക്ക് ഈ മാറ്റത്തില്‍ അസ്വസ്ഥതയുണ്ടാവുന്നത് സ്വാഭാവികമാണ്. ഫോറന്‍സിക്ക് പരിശോധനയ്ക്ക് വിധേയമാക്കേണ്ട ചെരിപ്പ് മരത്തില്‍ കെട്ടിത്തൂക്കിയിട്ട് ‘ഒന്നിനും തെളിവില്ല’ എന്നു പറഞ്ഞ് കൈ കഴുകിയ പോലിസ് ഭരണത്തിന്റെ കാലം പോയ്മറഞ്ഞെന്ന് അദ്ദേഹം മനസ്സിലാക്കണമെന്നും മുഖ്യമന്ത്രി പരിഹസിച്ചു.
എന്നാല്‍, താന്‍ പ്രസ്താവന പിന്‍വലിക്കില്ലെന്നും അതില്‍ ഉറച്ചുനില്‍ക്കുമെന്നുമായിരുന്നു ചെന്നിത്തലയുടെ മറുപടി. വിദേശമോഷ്ടാക്കളായ അഞ്ചുപേരില്‍ ഒരാള്‍ മാത്രമാണ് പിടിയിലായത്. ചക്കയിട്ടപ്പോള്‍ മുയല്‍ ചത്തപോലെ ഒരാളെ പിടിച്ചതിന് വീമ്പിളക്കാന്‍ മുതിരരുത്. ബാക്കിയുള്ളവരെ പിടിക്കാന്‍ ഇനി പാഴൂര്‍പടിപ്പുര വരെ പോവണോ. ഡിജിപിയുടെ മൂക്കിന് താഴെയാണ് അന്താരാഷ്ട്ര കൊള്ള നടന്നത്.  സിസിടിവിയില്‍ പതിഞ്ഞ കവര്‍ച്ചക്കാരുടെ ദൃശ്യങ്ങളാണ് ഒരാളെയെങ്കിലും പിടിക്കാന്‍ സഹായിച്ചത്. എടിഎമ്മില്‍ സിസിടിവി വയ്ക്കുന്നത് പോലിസല്ല, ബാങ്ക് അധികൃതരാണ്. ജിഷ വധക്കേസില്‍ താന്‍ നിയോഗിച്ച അന്വേഷണസംഘം 28 ദിവസം കൊണ്ടുണ്ടാക്കിയ ശാസ്ത്രീയ തെളിവുകള്‍ക്കപ്പുറം ഒരിഞ്ച് നീങ്ങാന്‍ അങ്ങയുടെ അന്വേഷണസംഘത്തിന് സാധ്യമായില്ല. അന്ന് കണ്ടെത്തിയ ചെരിപ്പാണ് പ്രധാന തെളിവായി മാറിയതെന്നും ചെന്നിത്തല പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക